സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളിലെ ക്യാംപ് ഓഫിസ്; വാടക ആവശ്യപ്പെട്ട് സി.ബി.ഐക്കു നോട്ടിസ്
തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ക്യാംപ് ഓഫിസുകള്‍ക്കു വാടക ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടിസയച്ചു.
വാടക അടക്കുന്നില്ലെങ്കില്‍ മുറികള്‍ ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പൊതുമരാമത്ത് വകുപ്പ് സി.ബി.ഐയെ വിരട്ടിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്ന കേസുകളില്‍ വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരുക്കി തരാറുണ്ടെന്നും പുതിയ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണു സി.ബി.ഐ. തലശ്ശേരി, തൃശൂര്‍, കോട്ടയം, കൊല്ലം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ റസ്റ്റ് ഹൗസുകള്‍ ഉപയോഗിക്കുന്ന സി.ബി.ഐ സംഘത്തിനാണു പൊതുമരാമത്ത് വകുപ്പ് നോട്ടിസ് നല്‍കിയത്.
വടക്കേമലബാറിലെ പ്രമാദമായ അഞ്ചു കൊലക്കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘം ക്യാംപ് ഓഫിസായി ഉപയോഗിക്കുന്നതു തലശ്ശേരി ഗവ. റസ്റ്റ് ഹൗസാണ്. ഇവിടുത്തെ പുതിയ ബ്ലോക്കിലെ 7, 8, 9 നമ്പര്‍ മുറികളാണ് അന്വേഷണ സംഘത്തിന്റെ ക്യാംപ് ഓഫിസ്.
ഈ മുറികളുടെ വാടക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറാണു സി.ബി.ഐയുടെ തിരുവനന്തപുരത്തെ യൂണിറ്റ് ഓഫിസിലും ക്യാംപ് ഓഫിസിലും നോട്ടിസ് നല്‍കിയത്. വാടക അടയ്ക്കണമെന്നും അല്ലെങ്കില്‍ ഉപയോഗിക്കുന്ന മുറികള്‍ ഒഴിയണമെന്നുമാണു നോട്ടിസിലുള്ളത്. രണ്ടാഴ്ച മുമ്പ് നല്‍കിയ നോട്ടിസിനു മറുപടി നല്‍കാനോ വാടകയടക്കാനോ സി.ബി.ഐ തയാറായിട്ടില്ല.
2014 ഓഗസ്റ്റ് 14ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണു സി.ബി.ഐ അന്വേഷണ സംഘത്തിനു സംസ്ഥാനത്തെ എല്ലാ റസ്റ്റ് ഹൗസുകളിലും ക്യാംപ് ഓഫിസ് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത്. ഇതിനു വാടക ഈടാക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിടുന്ന കേസുകളോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന കേസുകളോ ആണ് സി.ബി.ഐ അന്വേഷിക്കുന്നത്.
കേസന്വേഷണത്തിനു റസ്റ്റ് ഹൗസ് സൗകര്യങ്ങള്‍ക്കു പുറമെ സി.ബി.ഐക്കു താല്‍പര്യമുള്ള പൊലിസുകാരെ അന്വേഷണസംഘത്തെ സഹായിക്കാനുള്ള ടീമില്‍ ഉള്‍പ്പെടുത്താനുള്ള അനുമതിയും നല്‍കിയിരുന്നു. അതാതു പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊലിസ് വാഹനവും ഡ്രൈവറെയും വിട്ടുനല്‍കാനും കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു.
എന്നാല്‍ അന്നത്തെ കലാവധി ഉള്‍പ്പെടെ മുന്‍കാല പ്രാബല്യത്തോടെ വാടക നല്‍കണമെന്നാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ നോട്ടിസ്. ഭരണം മാറിയതോടെയുള്ള ഈ ചുവടുമാറ്റം സി.ബി.ഐക്കും ദഹിക്കുന്നില്ല. വാടക അടക്കില്ലെന്ന നിലപാടിലാണു സി.ബി.ഐ.
കതിരൂര്‍ മനോജ്, പയ്യോളി മനോജ്, അരിയില്‍ ഷുക്കൂര്‍, പയ്യന്നൂരിലെ ഹക്കീം, തലശ്ശേരിയിലെ സ്വര്‍ണവ്യാപാരി ദിനേശന്‍ എന്നീ വധക്കേസുകളില്‍ തലശ്ശേരി കേന്ദ്രീകരിച്ചാണു സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഇതിനു ക്യാംപ് ഓഫിസായി റസ്റ്റ് ഹൗസിലെ മൂന്നു മുറികളാണ് ഉപയോഗിച്ചുവരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ വന്നതോടെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വിളിച്ച യോഗത്തിലാണു സി.ബി.ഐക്കു റസ്റ്റ്ഹൗസിലെ സൗജന്യം നല്‍കേണ്ടെന്നു തീരുമാനിച്ചത്.
പൊതുമരാമത്ത് വകുപ്പ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നേരത്തെ അനുവദിച്ച സൗജന്യത്തിന് ഇപ്പോള്‍ വിലയിടാന്‍ ശ്രമിക്കുന്നതു ദുരുദ്ദേശത്തോടെയാണെന്നും സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."