പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്നറിയാം
ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം രാത്രി 12.30നായിക്കും പ്രഖ്യാപനം. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ ധനമന്ത്രി ഋഷി സുനക് എന്നിവരാണ് അവസാന റൗണ്ട് മല്‍സരത്തിലുള്ളത്.
ലണ്ടനിലെ ബക്കിങ്ഹാം പാലസിലാണ് പരമ്പരാഗതമായി പ്രധാനമന്ത്രി ചുമതലയേല്‍ക്കാറുള്ളതെങ്കിലും പതിവിന് വിപരീതമായി സ്‌കോട്ട്‌ലന്റിലെ ബല്‍മോറല്‍ കാസിലിലായിരിക്കും പ്രാരംഭ ചടങ്ങുകളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എലിസബത്ത് രാജ്ഞി ഇവിടെയാണ് വേനല്‍ക്കാലം ചെലവഴിക്കുന്നത്. 96കാരിയായ ഇവര്‍ക്ക് ലണ്ടനിലേക്ക് യാത്രചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. പരമ്പരാഗത രീതിയനുസരിച്ച് ഋഷി സുനകോ ലിസ് ട്രസോ എലിസബത്ത് രാജ്ഞിയെ നേരില്‍ കാണുകയും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്ഞി ആവശ്യപ്പെടുകയും ചെയ്യും. 70 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരെ എലിസബത്ത് രാജ്ഞി നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എം.പിമാരും 1.6 ലക്ഷം പാര്‍ട്ടി അംഗങ്ങളും വിവിധ ഘട്ടങ്ങളായി വോട്ട് ചെയ്താണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. മല്‍സരരംഗത്തുള്ള ഋഷി സുനക് ഇന്ത്യന്‍ വംശജനാണ്. അവസാന റൗണ്ട് വോട്ടിങില്‍ ലിസ് ട്രസ് ഏറെ മുന്നേറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജിവച്ച ബോറിസ് ജോണ്‍സന് പിന്‍ഗാമിയായി ലിസ് ട്രസ് അവരോധിക്കപ്പെട്ടേക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സൂചന നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."