ഭാഗ്യത്തിന്റെയും നിര്‍ഭാഗ്യത്തിന്റെയും ഇടയിലെ 12 വാര
ഹാറൂന്‍ റഷീദ്
കരിയറിലുടനീളം ആവോളം നേട്ടങ്ങള്‍ കൊയ്താലും പെട്ടെന്നൊരു പുലരിയില്‍ ചില താരങ്ങള്‍ ദുരന്ത നായകന്‍മാരാകും. ചിലപ്പോഴത് പാഴാക്കിയ പെനാല്‍റ്റിയുടെ പേരിലായിരിക്കും ചിലപ്പോഴത് സെല്‍ഫ് ഗോളിന്റെ പേരിലായിരിക്കും. അബദ്ധത്താല്‍ സെല്‍ഫ് ഗോള്‍ വീണതിന് കൊളംബിയന്‍ ഫുട്‌ബോളറായ ആന്ദ്രെ എസ്‌കോബാറിന് സ്വന്തം ജീവനാണ് വിലയായി നല്‍കേണ്ടി വന്നത്. 1994 ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കക്കെതിരേയുള്ള മത്സരത്തില്‍ വീണ സെല്‍ഫ് ഗോളിന്റെ പേരിലായിരുന്നു കൊളംബിയയിലെ വാതുവെപ്പു സംഘങ്ങള്‍ എസ്‌കോബാറിനെ 27ാമത്തെ വയസില്‍ വെടിയുണ്ടയ്ക്കിരയാക്കിയത്.
കഴിഞ്ഞ ദിവസം യൂറോ കപ്പിലെ ഫ്രാന്‍സ് - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിനിടയില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയായിരുന്നു വിജയികളെ തീരുമാനിച്ചത്. മത്സരത്തില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നഷ്ടപ്പെടുത്തിയ കിക്കായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം സമ്മാനിച്ചത്. ഇതിന്റെ പേരില്‍ എംബാപ്പെയെ കൊള്ളരുതാത്തവനും ദുരന്ത നായകനുമായി ചിത്രീകരിച്ചു. ഫുട്‌ബോള്‍ ഉള്ള കാലം മുതല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ഫുട്‌ബോളിനൊപ്പമുണ്ട്. 1982ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തിലായിരുന്നു പെനാല്‍റ്റി ആദ്യമായി പരീക്ഷിച്ചത്. അന്നുതന്നെ ജര്‍മനിക്കെതിരേ പെനാല്‍റ്റിയില്‍ പരാജയപ്പെട്ട ഫ്രാന്‍സിന് ഒരുപാട് കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നു. അന്ന് തുടങ്ങിയാണ് ഗോള്‍ പോസ്റ്റിനും പെനാല്‍റ്റി സ്‌പോട്ടിനും ഇടയിലുള്ള 12 വാര ദൂരത്തിനിടയില്‍ പെനാല്‍റ്റി പാഴാക്കിയ താരത്തിന്റെ നേട്ടങ്ങളെ മുഴുവന്‍ കുഴിച്ചുമൂടല്‍.
2016 കോപാ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസ്സിയെ ഇന്നും ആ നഷ്ടം വേട്ടയാടുന്നുണ്ട്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ദേശീയ ടീമില്‍ നിന്ന് രാജി പ്രഖ്യാപനം വരെ മെസ്സി നടത്തി. പിന്നീടുള്ള കാലം ആ നഷ്ടത്തിന്റെ പേരില്‍ വേട്ടയാടുമെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടായിരിക്കണം മെസ്സി അങ്ങനെ തീരുമാനമെടുത്തത്. ലോകത്തെ മികച്ച മൂന്ന് താരങ്ങളില്‍ ഒരാളായ മെസ്സിക്ക് പോലും പെനാല്‍റ്റി സ്‌പോട്ടിലെത്തുന്ന പന്ത് ഭാഗ്യത്തിന്റെയും നിര്‍ഭാഗ്യത്തിന്റെയും ഇടയിലെ ജീവന്‍മരണ പോരാട്ടമാണ്. ഫിഫ്റ്റി - ഫിഫ്റ്റി ഗോള്‍ ചാന്‍സുള്ള പെനാല്‍റ്റി ഗോളാക്കാതിരിക്കുന്നവരാണ് ചരിത്രത്തില്‍ ഇടം നേടുന്നത്. പെനാല്‍റ്റി സ്‌പോട്ടില്‍ പന്തുമായി നില്‍ക്കുന്നയാളും ഗോള്‍പോസ്റ്റിലെ കാവല്‍ക്കാരനും അപ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദം ഏത് മാപിനികൊണ്ട് അളന്നാലും തിട്ടപ്പെടുത്താന്‍ കഴിയില്ല. എത്ര കഴിവുള്ള താരമായാലും പെനാല്‍റ്റി ബോക്‌സില്‍ പന്തുമായെത്തിയാല്‍ ബ്ലൈന്‍ഡാകുന്നത് സ്വാഭാവിക പ്രക്രിയയാണ്. അതിനെ മറികടന്ന് വലയില്‍ പന്തെത്തിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളി തന്നെ. 50 ശതമാനം ഗോളാവാന്‍ ചാന്‍സുള്ള പന്തിനെ ഗോളില്‍ നിന്നകറ്റി നിര്‍ത്തുന്ന ഗോള്‍ കീപ്പറും സമാന സമ്മര്‍ദമാണ് അനുഭവിക്കുന്നത്. 1994 ലോകകപ്പ് ഫൈനലില്‍ ബാജിയോ, 1986 ലോകകപ്പില്‍ സീക്കോ, 2004ലെ യൂറോയില്‍ ബെക്കാം അങ്ങനെ നീളുന്നതാണ് പെനാല്‍റ്റി നഷ്ടപ്പെടുത്തല്‍ കൊണ്ട് മുറിവേറ്റവരുടെ പട്ടിക. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടാന്‍ ഫ്രാന്‍സിനെ സഹായിച്ച കിലിയന്‍ എംബാപ്പെ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഫ്രഞ്ച് ടീമിനെ യൂറോയില്‍ നിന്ന് പുറത്തേക്ക് നയിച്ചത്. ഇതോടെയാണ് എംബാപ്പെയുടെ മുന്‍കാല പോരാട്ടങ്ങളും നേട്ടങ്ങളും വിസ്മൃതിയിലാകുന്നത്.
ഫുട്‌ബോള്‍ എന്ന വിനോദത്തിന്റെ ക്രൂര സ്വഭാവമുള്ള വിധികളാണ് ഇതെല്ലാം. 90 മിനുട്ടും ടീമിനെ ഗോള്‍ വീഴാതെ കാത്ത രണ്ട് ഗോള്‍ കീപ്പര്‍മാരായിരിക്കും പിന്നീട് ടീമിന്റെ രക്ഷകരും ശിക്ഷകരും ആവുന്നത്. പെനാല്‍റ്റി കിക്കിനായി താരങ്ങള്‍ വരുമ്പോള്‍ പെനാല്‍റ്റി സ്‌പോട്ടിലെ പന്തിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയാലും ചിലപ്പോള്‍ നിര്‍ഭാഗ്യം വില്ലനാകും. ചിലപ്പോള്‍ ഭാഗ്യം കൂട്ടിനെത്തും, അതിന്റെ പേരാണ് പെനാല്‍റ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."