സാമൂഹ്യസമത്വമെന്ന സങ്കൽപം ഓണത്തിന്റെ വിദൂര ഭാവന
സമത്വമെന്ന മഹത്തായ ആശയത്തിന്റെ ഏറ്റവും പഴയ ഒരു പ്രതീകമാണ് ഓണമെന്ന സങ്കൽപം. ഓണം വിഭാവനം ചെയ്യുന്ന ലോകത്തിന്റെയോ കാലത്തിന്റെയോ പ്രായോഗികത എന്തുതന്നെയായാലും അത്തരമൊരാശയലോകം ആരെയും ആകർഷിക്കും. ഒരുപക്ഷേ ഏറ്റവും ശാസ്ത്രീയമായ സാമൂഹ്യസമത്വമെന്ന ആശയം ലോകത്ത് ആവിഷ്കരിക്കപ്പെടുന്നതിന് എത്രയോ കാലം മുമ്പ്, പ്രപഞ്ചത്തിന്റെ ഒരു കോണിൽ സുന്ദരമായ സങ്കൽപമെന്ന നിലയിൽ അതാഘോഷിക്കപ്പെട്ടിരുന്നു. അതാണ് കേരളത്തിലെ ഓണം.
ചൂഷണമില്ലാത്ത, എല്ലാവരും തുല്യരായി കഴിയുന്ന ജീവിത സങ്കൽപം ആരും ആഗ്രഹിക്കുന്ന ഒന്നാണ്. അതാണ് എത്രയോ കാലമായി ഓണത്തിലൂടെ കേരളം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, കൊടിയ ചൂഷണവും അസമത്വവും നടമാടിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരമൊരു മഹത്തായ ആശയം സ്വാഭാവികമായും ഉരുത്തിരിഞ്ഞുവന്നതാകാം. എന്തുതന്നെയായാലും ഓണം വിഭാവനം ചെയ്യുന്ന മഹത്തായ ആശയം സാമൂഹ്യസമത്വത്തിന്റെയും മാനവിക സൗന്ദര്യത്തിന്റെയും നീതിബോധത്തിൻ്റേതുമാണ്. ഒപ്പം പാരിസ്ഥിതിക അവബോധവും ഓണസങ്കൽപത്തിൽ ഇടംപിടിച്ചിരിക്കുന്നു.
ശാസ്ത്രീയമായി സാമൂഹ്യസമത്വം നടപ്പാക്കണമെന്ന ആശയം നമുക്കിടയിൽ കടന്നുവന്നിട്ട് കാലം അത്രയൊന്നുമായിട്ടില്ല. എന്നാൽ അതിനും എത്രയോ മുമ്പ്, നൂറ്റാണ്ടുകളായിത്തന്നെ സാമൂഹ്യസമത്വമെന്ന ആശയം ഓണമെന്ന പ്രതീകത്തിലൂടെ നാം കൊണ്ടാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമത്വമെന്നത് മാത്രമല്ല, ഭരണത്തിൽ പ്രജകൾ ഏതുവിധത്തിൽ അല്ലലുകൾക്കതീതമായിരിക്കണമെന്നതുകൂടി ഓണത്തിന്റെ സന്ദേശത്തിൽ എന്നും വെളിവാക്കപ്പെടുന്നു. 'കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനങ്ങൾ കേൾക്കാത്ത ഒരു രാജ്യത്ത് പ്രജകൾക്ക് ദുഃഖഹേതുവായിട്ടുള്ള ബാലമരണങ്ങളും കേൾക്കാനില്ല'- എല്ലാവർക്കും തുല്യസമത്വം നടപ്പാക്കിയത് ഉൽകൃഷ്ടനായ ഒരു ഭരണാധികാരിയുടെ കീഴിലാണെന്നതും ഓണത്തിന്റെ ഐതിഹ്യം വെളിപ്പെടുത്തുന്നു. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്നത് കൂടിയാണ് ഓണം വെളിപ്പെടുത്തുന്ന ഐതിഹ്യം. പ്രജകൾക്ക് ക്ഷേമം സമ്മാനിക്കുന്ന ഭരണാധികാരിയെ പ്രജകൾക്ക് വിസ്മരിക്കാൻ കഴിയില്ലെന്നും ഓണത്തിന്റെ ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു.
ഭരിക്കുന്നവരുടെ മേന്മ, നാടിന്റെ നന്മകളായി പരിവർത്തിക്കപ്പെടുമെന്ന മഹത്തായ ആശയവും ഓണക്കഥകളിലുണ്ട്. അത്തരത്തിൽ രാജാവും പ്രജകളും തമ്മിലുണ്ടായ പാരസ്പര്യത്തിൻ്റെ പ്രതീകം കൂടിയാണ് ഓണം.
സ്ഥിതിസമത്വമെന്ന ആശയം ലോകത്തിന്റെ പലയിടങ്ങളിലും കേവലം ആശയമായിത്തന്നെ ഇന്നും നിലനിൽക്കുകയാണ്. പ്രായോഗികതലത്തിൽ നടപ്പാക്കാൻ കഴിയാത്ത ഒന്നായി അത് പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. എങ്കിലും അത് മോഹിപ്പിക്കുന്ന ആശയം തന്നെയാണ്. അതുകൊണ്ടായിരിക്കാം ഓണസങ്കൽപ്പത്തിന് ഇന്നും നിറംമങ്ങാതെ കാലങ്ങളെയും മറികടന്ന് നമുക്കിടയിൽ മോഹസങ്കൽപമായി നിറഞ്ഞുനിൽക്കാൻ കഴിയുന്നത്.
'കള്ളവും ചതിയുമില്ലാത്ത ദുഃഖങ്ങളില്ലാത്ത ഒരു ജീവിതം' സമ്മാനിച്ച മഹത്വമുള്ള ഭരണാധികാരിയുടെ ഓർമകളിലേക്ക് ഓണമെന്ന ആശയം ഓരോ കേരളീയനെയും കൊണ്ടുപോകുന്നു. ഓണാഘോഷം വ്യത്യസ്തമാകുന്നത് ഇവയെല്ലാം കൊണ്ടാണ്. അത്തരമൊരാശയത്തിന് പുറമേ പ്രകൃതിയുടെ സാന്നിധ്യം ഇത്രമാത്രം സജീവമായ മറ്റൊരാഘോഷവും ഓണം പോലെ നമുക്കില്ല.
ദാരിദ്ര്യം നിറഞ്ഞ അവസ്ഥ പിന്നിട്ട് സമൃദ്ധിയെ വരവേൽക്കാൻ തുടരുന്ന ഒരു കാലത്തിന്റെ തുടക്കത്തിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. 'പഞ്ഞകർക്കിടകം' എന്നത് ഇന്നൊരു പക്ഷേ, മലയാളികൾക്ക് അത്രപരിചിതമായ പദമായിരിക്കില്ല. എന്നാൽ അങ്ങനെയൊരു കാലം നമുക്കുണ്ടായിരുന്നു. വറുതിയുടെ കാലം അവസാനിക്കുന്നത് ഓണത്തിന്റെ സമൃദ്ധിയുടെ കാലത്തിന്റെ സാന്നിധ്യത്തിലാണ്. അവിടെ പ്രകൃതി പോലും ഓണത്തെ വരവേൽക്കുന്നതും കാണാം. പൂക്കൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതും ഓണക്കാലത്താണ്. പ്രകൃതിയെ അറിയാനും നാടിനെ അറിയാനും മലയാളി പ്രയോജനപ്പെടുത്തുന്നത് ഓണക്കാലമാണ്. പൂക്കൾ പറിക്കാൻ ഗ്രാമവഴികളിലൂടെ നടന്നുപോയി, നാടിനെ അറിഞ്ഞ കാലം മലയാളികൾക്കുണ്ടായിരുന്നു. ഓണക്കാലത്താണ് മലയാളി പ്രകൃതിയെയും നാടിനെയും നന്നായി അറിഞ്ഞിരുന്നത്. എന്നാൽ ആ കാലവും മാറിക്കൊണ്ടിരിക്കുന്നു.
'കാണം വിറ്റും ഓണമുണ്ണേണ്ട' അവസ്ഥ ഇന്ന് മലയാളികൾക്കില്ലെങ്കിലും സാമൂഹ്യസമത്വം എന്നത് പല മേഖലകളിലും വിദൂരസങ്കൽപമായി ഇന്നും നിലനിൽക്കുകയാണ്. മലയാളികൾക്കെല്ലാം സാമൂഹ്യസമത്വം സമ്മാനിച്ചതിന്റെ പേരിലും ഉദാരനായതിന്റെ പേരിലും ശിക്ഷിക്കപ്പെട്ട ഭരണാധികാരിയെ ഖേദത്തോടെയെങ്കിലും നാം ഓർമിക്കുന്നത് ഇത്തരം അവസ്ഥകൾ അറിയാവുന്നത് കൊണ്ടാണ്. തീർച്ചയായും 'സാമൂഹ്യസമത്വം' എന്ന മഹത്തായ ആശയം ലോകത്തിന് സമ്മാനിച്ച് ഓണമെന്ന സങ്കൽപം നാം പ്രാവർത്തികമാക്കേണ്ടത് ഈ ആശയത്തിന്റെ മഹത്വത്തെ ഉൾക്കൊണ്ടിട്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."