അപ്രതീക്ഷിതമായി അനില്‍കാന്തെത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ അനില്‍കാന്തെത്തുന്നത് അപ്രതീക്ഷിതമായി. മന്ത്രിസഭാ തീരുമാനവും അപ്രതീക്ഷിതം. ബി. സന്ധ്യയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് പത്രക്കുറിപ്പെത്തിയപ്പോള്‍ മാത്രമാണ് പൊലിസിലെ ഉന്നതോദ്യോഗസ്ഥര്‍ മാത്രമല്ല അനില്‍കാന്ത് പോലും ഇതറിയുന്നത്. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെ തന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിതമെന്ന് അദ്ദേഹം പ്രതികരിച്ചത്.
അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ. തച്ചങ്കരി, സുദേഷ് കുമാര്‍, ബി. സന്ധ്യ എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ കേന്ദ്ര സര്‍വിസിലുള്ള സിന്‍ഹ കേരളത്തിലേക്കു മടങ്ങിവരാന്‍ താല്‍പര്യമില്ലെന്ന് യു.പി.എസ് സിയെ അറിയിച്ചു. ശേഷിച്ചവരില്‍ തച്ചങ്കരിയുടെ പേര് വെട്ടിയതോടെയാണ് അനില്‍കാന്ത് പട്ടികയില്‍ ഇടം നേടുന്നത്.
പൊലിസ് മേധാവിയായി അനില്‍കാന്തിന്റെ പേര് ഇന്നലെ മന്ത്രിസഭായോഗത്തില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നിര്‍ദേശം മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.യു.പി എസ്.സി സമര്‍പ്പിച്ച ചുരുക്കപ്പട്ടികയില്‍ നിന്നാണ് സുദേഷ് കുമാര്‍, ബി. സന്ധ്യ എന്നിവരെ തഴഞ്ഞ് മുഖ്യമന്ത്രി അനില്‍കാന്തിന്റെ പേര് മുന്നോട്ടുവച്ചത്. നിയമനം സംബന്ധിച്ച് ലോക്‌നാഥ് ബെഹ്‌റയോട് അഭിപ്രായമാരാഞ്ഞിരുന്നു.
വിവാദങ്ങളില്ലാത്ത സര്‍വിസ് ചരിത്രം പരിഗണിച്ചും ദലിതനെന്ന പരിഗന നല്‍കിയുമാണ് മറ്റു രണ്ടുപേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ തീരുമാനിച്ചത്. സേനയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും പൊതു സ്വീകാര്യനാണെന്നതും കണക്കിലെടുത്തു.
തച്ചങ്കരി സംസ്ഥാന പൊലിസ് മേധാവിയാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള അടുപ്പവും ഇതിനു കാരണമായിരുന്നു. എന്നാല്‍ തച്ചങ്കരിക്കെതിരേയുള്ള കേസുകള്‍ തിരിച്ചടിയായി. യു.പി.എസ്.സി യോഗത്തില്‍ ബെഹ്‌റ തച്ചങ്കരിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ പട്ടികയില്‍നിന്ന് പുറത്തായി.
പിന്നീട് നല്‍കിയ മൂന്നു പേരുകളില്‍ വിജിലന്‍സ് ഡയരക്ടറായ സുദേഷ്‌കുമാറിന് മകള്‍ ഡ്രൈവറെ തല്ലിയ കേസടക്കം ഉള്ളതിനാല്‍ പരിഗണിക്കേണ്ടെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി തീരുമാനിച്ചു. മുമ്പ് തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിച്ചതുള്‍പ്പെടെ ചില കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് അവസാന നിമിഷം സന്ധ്യ പുറത്താകാനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."