അഖില്‍ ഗൊഗോയ് ജയില്‍മോചിതനായി
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നയിച്ചതിന് രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി ജയിലിലടക്കപ്പെട്ടിരുന്ന അസമിലെ അഖില്‍ ഗൊഗോയി ജയില്‍മോചിതനായി. രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും അടക്കം ചുമത്തപ്പെട്ട വകുപ്പുകളെല്ലാം എന്‍.ഐ.എ കോടതി റദ്ദാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കേസില്‍ തെളിവുകളില്ലെന്നു നിരീക്ഷിച്ചാണ് കോടതി വിധി. അദ്ദേഹത്തിനോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടവരെയും വെറുതെവിട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് അഖില്‍ ഗൊഗോയി ജയില്‍മോചിതനായത്. അവസാനം സത്യം വ്യക്തമാക്കപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. 2019ല്‍ സമരത്തിനിടെ കൊല്ലപ്പെട്ട 17കാരനായ വിദ്യാര്‍ഥിയുടെ വീട് അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് വിവരം.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തതിന് 2019 ഡിസംബര്‍ 12നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എ അദ്ദേഹത്തിനെതിരേ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. അസമിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ജാമ്യം നേടാനുള്ള ഗൊഗോയിയുടെ ശ്രമങ്ങളെ നിരന്തരം എന്‍.ഐ.എ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. ഈ വര്‍ഷം അസമില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവ്‌സാഗര്‍ മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ചു. ജയിലില്‍ തടവിലിരിക്കേ തെരഞ്ഞെടുപ്പില്‍ ജയിച്ച അസമിലെ ആദ്യ നിയമസഭാംഗമായി.
പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച രണ്ടു ദിവസത്തേയ്ക്ക് അദ്ദേഹത്തിന് പരോള്‍ അനുവദിച്ചിരുന്നു. ആശുപത്രിയില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തെ ജയില്‍മോചിതനാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉടനെത്തന്നെ തന്റെ മണ്ഡലത്തില്‍ സജീവമാകുമെന്നും ഗൊഗോയി പ്രതികരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."