ഉഷ്ണതരംഗം: കാനഡയില്‍ മരണം 486
ഒട്ടാവ: ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ലാത്ത കൊടും ചൂട് കാനഡയെ വിഴുങ്ങിയതോടെ മരണപ്പെട്ടവരുടെ എണ്ണം 486 ആയി. അത്യുഷ്ണം താങ്ങാനാകാതെ ആളുകള്‍ പൊടുന്നനെ മരിച്ചുവീഴുകയാണ്.
കായലുകളിലും മറ്റു ജലാശയങ്ങളിലും പോയി ശരീരം തണുപ്പിക്കുകയാണ് ജനങ്ങള്‍. ബ്രിട്ടിഷ് കൊളംബിയയിലെ ലിട്ടനില്‍ 49.6 ഡിഗ്രി സെല്‍ഷ്യസ് (121 ഡിഗ്രി ഫാരന്‍ഹീറ്റ്) ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഈ സമയം രേഖപ്പെടുത്തിയതിനെക്കാള്‍ 25 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലാണിപ്പോള്‍.
കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് ലിട്ടനു തെക്കും വടക്കുമുള്ള രണ്ട് ഹൈവേകള്‍ അടച്ചിട്ടിരിക്കുകയാണ്. 350 ഹെക്റ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ വിഴുങ്ങിയ കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അതിനിടെ ലിട്ടനിലെ താപനിലയില്‍ ഇന്നലെ നേരിയ കുറവ് അനുഭവപ്പെട്ടു. ചൂട് 38 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15-21 ഡിഗ്രി സെല്‍ഷ്യസാണ് മുന്‍വര്‍ഷം ഈ സമയത്തുണ്ടായിരുന്നത്. മറ്റൊരു നഗരമായ പോര്‍ട്ട്‌ലാന്‍ഡില്‍ 46 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുണ്ടായ കാനഡയോടടുത്ത യു.എസിലെ ഒറിഗണ്‍, വാഷിങ്ടണ്‍, സിയാറ്റില്‍ എന്നിവ തണുത്തു തുടങ്ങിയിട്ടുണ്ട്.
കാനഡയിലെ കടകളിലൊന്നും ഇപ്പോള്‍ എയര്‍കണ്ടീഷനറുകള്‍ കിട്ടാനേയില്ല. ഓണ്‍ലൈനിലും ഇത് ലഭ്യമല്ല. എല്ലാം വിറ്റുപോയിരിക്കുന്നു. രണ്ടാംതരം എ.സി പോലും വന്‍ തുകയ്ക്കാണ് വിറ്റുപോകുന്നത്. കാട്ടുതീയെ തുടര്‍ന്ന് രാജ്യത്ത് കൊടും ചൂട് അനുഭവപ്പെടുന്ന ലിട്ടനിലെ താമസക്കാരായ 300 പേരെയും സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ലിട്ടന്‍ ഗ്രാമത്തിന്റെ മിക്ക ഭാഗത്തും തീയും പുകയുമാണ്. 20 കെട്ടിടങ്ങള്‍ ഇതിനകം കത്തിനശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."