മദ്രാസ് ഐ.ഐ.ടി കാംപസിനുള്ളില്‍ മലയാളി അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ചെന്നൈ: മദ്രാസ് ഐ.ഐ.ടി കാംപസിനുള്ളില്‍ മലയാളി അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശിയും ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനുമായ ആര്‍. രഘുവിന്റെ മകന്‍ 30കാരന്‍ ഉണ്ണികൃഷ്ണന്‍ നായരാണ് മരിച്ചത്.
കുറച്ചുകാലമായി കുടുംബം എറണാകുളത്താണ് താമസം. ഉണ്ണികൃഷ്ണന്റെ താമസസ്ഥലത്തുനിന്ന് 11 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണ് കത്തിലുള്ളത്. ജോലിസ്ഥലത്തെ സമ്മര്‍ദത്തെക്കുറിച്ചും കത്തില്‍ പറയുന്നു.
ബി-ടെക് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണന്‍ ഐ.ഐ.ടിയില്‍ പ്രോജക്ട് അസോസിയേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയില്‍ പ്രവേശിച്ചത്. വ്യാഴാഴ്ച വൈകീട്ട് സ്‌പോര്‍ട്‌സ് ഓഫിസര്‍ ഡോ. രാജു ഹോക്കി സ്റ്റേഡിയത്തിനടുത്ത് മൃതദേഹം കാണുകയായിരുന്നു. മൃതദേഹത്തിന്റെ മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. പൊലിസ് സ്ഥലത്തെത്തി മൃതദേഹം റോയ്‌പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
വേലാച്ചേരിയിലെ ലതാ സ്ട്രീറ്റില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉണ്ണികൃഷ്ണന്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ബൈക്കുമെടുത്ത് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ബന്ധുക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
അസ്വാഭാവിക മരണത്തിനു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2019 നവംബറില്‍ മലയാളിയായ ഫാത്തിമ ലത്തീഫെന്ന വിദ്യാര്‍ഥിയെയും കാംപസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജാതി വിവേചനത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവച്ചിരുന്നു.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പയ്യന്നൂര്‍ സ്വദേശി വിപിന്‍ പുതിയേടത്ത് വീട്ടിലാണ് രാജിവച്ചത്.
2019ല്‍ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്നാണ് വിപിന്‍ രാജിക്കത്തില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."