തളിപ്പറമ്പില്‍ സി.പി.എമ്മിന്റെ തിടമ്പുനൃത്തം
കണ്ണൂര്‍: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനു ബദലായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'നമ്മളൊന്ന്' ഘോഷയാത്രയില്‍ തിടമ്പു നൃത്തവും. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭയിലെ കടമ്പേരിയില്‍ നിന്നു ബക്കളത്തേക്ക് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലാണു പ്രസിദ്ധമായ തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവമായ കൃഷ്ണ-ബലരാമന്മാരുടെ തിടമ്പ് നൃത്തം അരങ്ങേറിയത്. ശ്രീകൃഷ്ണന്റെയും ജ്യേഷ്ഠന്‍ ബലരാമന്റെയും തിടമ്പുകളുടെ മാതൃകയില്‍ തിടമ്പേറ്റിയ രണ്ടുപേരാണ് തൃച്ഛംബരം ഉത്സവത്തിന്റെ ആവിഷ്‌ക്കാരമായുള്ള തിടമ്പുനൃത്തം അവതരിപ്പിച്ചത്. തിടമ്പില്‍ വിഗ്രഹ രൂപകല്‍പനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തൃഛംബരം ഉത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ മഞ്ഞവടിക്കാരുടെ അകമ്പടിക്കു പകരമായി വ്യത്യസ്ത നിറങ്ങളിലുള്ള വടികളുമായി 18 പേരും ഉണ്ടായിരുന്നു. വാദ്യമേളത്തിനനുസരിച്ച് താളാത്മകമായി നൃത്തം ചെയ്ത് തന്നെയാണു തിടമ്പുകാര്‍ നീങ്ങിയത്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനും സ്ഥലത്തെത്തിയിരുന്നു. ഘോഷയാത്രയില്‍ അവതരിപ്പിക്കപ്പെട്ട തിടമ്പുനൃത്തം കലാരൂപമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. വാര്‍ത്ത ചില മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയാണ്. തിടമ്പുനൃത്തം കലാരൂപം മാത്രമാണ്. അതിനെ കൃഷ്ണ വേഷമായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ജയരാജന്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."