പി.എസ്.സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റു; ഐ.എന്‍.എല്‍ നേതൃത്വത്തിനെതിരേ ഗുരുതര ആരോപണവുമായി സംസ്ഥാന നേതാവ്
കോഴിക്കോട്: പി.എസ്.സി അംഗപദവി 40 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദാണ് നേതൃത്വം കോഴവാങ്ങിയതായി ആരോപണമുന്നയിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം. പാര്‍ട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇസി മുഹമ്മദ് പറഞ്ഞു. എന്നാല്‍, പി.എസ്.സി കോഴ ആരോപണം ഉന്നയിച്ചയാള്‍ക്ക് ഐ.എന്‍.എല്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്. അബ്ദുല്‍ സമദിനെ പി.എസ്.സി അംഗമാക്കാന്‍ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐ.എന്‍.എല്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാന്‍ തീരുമാനമെടുത്തതെന്ന് ഇ.സി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്നുപേര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ തീരുമാനത്തെ എതിര്‍ത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാന്‍ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാന്‍ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി അധ്യക്ഷനോ മറ്റു നേതാക്കളോ തയ്യാറായില്ല. നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനിരിക്കുയാണ് ഐഎന്‍എല്ലിലെ പിടിഎ റഹീം വിഭാഗം . അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്. അടുത്തയാഴ്ച കൊടുവള്ളിയില്‍ ആ വിഭാഗം യോഗം വിളിച്ചിട്ടുണ്ട്. കോഴയാരോപണത്തെക്കുറിച്ച് ഐഎന്‍എല്‍ വിശദീകരിക്കണമെന്ന് മുസ്ലിം ലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആദ്യമായി മന്ത്രിസഭയില്‍ പ്രവേശനം ലഭിച്ച ഐഎന്‍എല്ലിലെ തര്‍ക്കങ്ങള്‍ എല്‍ഡിഎഫിന് തലവേദനയായിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പേ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന സമിതിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ വിമര്‍ശനമുണ്ടായതും പാര്‍ട്ടിക്കുള്ളില്‍ മുറുമുറപ്പ് സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയില്‍ ആരും ഒറ്റക്കല്ല തീരുമാനമെടുക്കുന്നതെന്നും പാര്‍ട്ടിയില്‍ എല്ലാ കാര്യങ്ങളും ആലോചിക്കാറുണ്ടെന്നുമാണ് മന്ത്രി അഹമ്മദ് ദേവല്‍ യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."