ചൈനയും ഉയിഗൂറും പിന്നെ പാകിസ്താനും
ഡോ. സനന്ദ് സദാനന്ദന്‍
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികമാണ് കടന്നുപോയത്. ആധുനിക ചൈനയിലേക്കുള്ള യാത്ര സില്‍ക്ക് പാതയിലൂടെയുള്ളതായിരുന്നില്ല. നിരവധി കയറ്റിറക്കങ്ങള്‍ പിന്നിട്ടാണ് ഇന്നത്തെ ലോക സാമ്പത്തികശക്തിയായി അവര്‍ മാറിയത്. കൊവിഡ് മഹാമാരിക്ക് മുന്‍പില്‍ അമേരിക്ക പോലുള്ള വമ്പന്മാര്‍ പോലും പകച്ചുനിന്നപ്പോള്‍ കാര്യമായി ഏശാതെ നിന്ന ഏക രാജ്യമാണ് ചൈന. മറ്റു സാമ്രാജ്യത്വ രാജ്യങ്ങളെപ്പോലെ കോളനികള്‍ കൊള്ളയടിച്ചല്ല അവര്‍ മുന്‍ നിരയില്‍ എത്തിയത്. ശീതയുദ്ധത്തിന്റെ സമയത്തും ശേഷവും സജീവ ലോക പ്രശ്‌നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ നയം. ഇന്ന് അതില്‍നിന്ന് മാറി സാമ്പത്തിക താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സ്വാധീനമുറപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ചൈനീസ് ഭരണകൂടത്തില്‍നിന്ന് കാണാനാകും. ഇനി ലോകത്തിന്റെ അധികാര കേന്ദ്രം പടിഞ്ഞാറുനിന്ന് ഏഷ്യയുടെ കിഴക്കോട്ട് മാറുമെന്ന് പ്രവചിക്കുന്ന നിരവധി ചിന്തകരുമുണ്ട്. ഈ ഉയര്‍ച്ചകള്‍ക്ക് ഇടയിലും ചൈനീസ് രാഷ്ട്രം വിമര്‍ശന വിധേയമാകുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ്. അതിന്റെ പട്ടിക ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ തുടങ്ങി ടിബറ്റിലേക്കും ഷിന്‍ജിയാങ്ങിലേക്കും ഹോങ്കോങ്ങിലേക്കും നീളുന്നു.
ഉയിഗൂര്‍ മുസ്‌ലിംകള്‍
ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ ദിക്കില്‍, മധ്യേഷ്യയോട് ചേര്‍ന്നുകിടക്കുന്ന ഷിന്‍ജിയാങ്ങ് സ്വയംഭരണ പ്രവിശ്യയാണ്. മുഖ്യമായും ഉയിഗൂര്‍ മുസ്‌ലിംകളാണ് ഇവിടെ അധിവസിക്കുന്നത്. തുര്‍ക്കി സുന്നി ഇസ്‌ലാമിക പാരമ്പര്യം പിന്തുടരുന്ന ഇവരുടെ ജനസംഖ്യ 1.2 കോടിയോളം വരും. മുഖ്യധാരാ ചൈനീസ് സംസ്‌കാരത്തോട്, ദേശീയതയോട് ചേരാതെ നില്‍ക്കുന്ന ഈ വിഭാഗത്തിനുമേലുള്ള ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടലുകളാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. നിര്‍ബന്ധിത വന്ധ്യംകരണം, നിര്‍ബന്ധിത ജോലി, ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് വിലക്കുക തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇവര്‍ വിധേയരാകുന്നു എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നത്.
ഏറ്റവും കുപ്രസിദ്ധമായിട്ടുള്ളത് റീഎജ്യുക്കേഷന്‍ ക്യാംപുകള്‍ എന്ന പേരിലുള്ള പീഡന കേന്ദ്രങ്ങളാണ്. 2018 ലെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ട് പ്രകാരം 10 ലക്ഷം ജനങ്ങളാണ് പ്രവിശ്യയില്‍ തീവ്രവാദ വിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ഇത്തരം ക്യാംപുകളില്‍ അടക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ചൈനീസ് ഭരണകൂടത്തിന്റെ ഭാഷ്യം, സെപ്റ്റംബര്‍ 11 ന് ശേഷം ലോകത്തെമ്പാടും ഉയര്‍ന്നുവന്ന തീവ്രവാദവിരുദ്ധ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം ക്യാംപുകളെന്നാണ്. ഇവ പ്രവര്‍ത്തിക്കുന്നത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 'തീവ്രവാദം തടയുക, ജനങ്ങളെ വിഭജിത ചിന്തകളില്‍ നിന്ന് മാറ്റിനിര്‍ത്തുക, അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, ചൈനീസ് ദേശീയതയോട് അടുപ്പിക്കുക എന്നിവ മാത്രമാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. മറ്റെല്ലാം പാശ്ചാത്യ ശക്തികളുടെ ആരോപണങ്ങള്‍ മാത്രമാണെ'ന്നാണ് ചൈന ഇതിനെ വിശദീകരിക്കുന്നത്.
വ്യത്യസ്ത സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഉയിഗൂറുകളെ ചൈനീസ് ദേശീയതയുടെ ഭാഗമാക്കി ചേര്‍ക്കുന്നതിന് പല മാര്‍ഗങ്ങളാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ക്യാംപുകളില്‍ തടവിലിട്ട് മെരുക്കിയെടുക്കുക എന്നതിനൊപ്പം തന്നെ ഭൂരിപക്ഷമായ ഹാന്‍ വംശജരുടെ വലിയ കുടിയേറ്റമാണ് ഭരണകൂടം മുന്‍കൈയെടുത്ത ഷിന്‍ജിയാങ് മേഖലയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. ഹാന്‍- ഉയിഗൂര്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് എന്ന തീവ്രസ്വഭാവമുള്ള ഉയിഗൂര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഭരണകൂടത്തിന് ഉരുക്കുമുഷ്ടി ഉപയോഗിക്കാന്‍ ന്യായീകരണങ്ങളും നല്‍കി.
പരുത്തി കൃഷിക്ക് പേരുകേട്ടതാണ് ഷിന്‍ജിയാങ് പ്രദേശം. 2020 ഡിസംബറില്‍ ബി.ബി.സി പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ച് ലക്ഷം ഉയിഗൂര്‍ മുസ്‌ലിംകളെങ്കിലും പരുത്തി കൃഷിയുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത പണിയെടുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു. എണ്ണ, പ്രകൃതിവാതകങ്ങളാല്‍ സമ്പുഷ്ടമാണ് ഈ പ്രദേശമെന്നു മാത്രമല്ല, മധ്യേഷ്യയിലേക്കുള്ള ചൈനീസ് വണ്‍ റോഡ് പദ്ധതി കടന്നുപോകുന്നതും ഈ പ്രദേശത്ത് കൂടിയാണ്. അതുകൊണ്ടുതന്നെ, ഈ മേഖലയെ പരിപൂര്‍ണ നിയന്ത്രണത്തിലാക്കലാണ് സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം. വലിയ നിയന്ത്രണങ്ങളാണ് ഈ വിഭാഗത്തിനുമേല്‍ ഭരണകൂടം നടപ്പിലാക്കുന്നത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള നിരീക്ഷണവും എല്ലായിടത്തുമുള്ള കാമറകളും സൈനികരുടെയും ചാരന്‍മാരുടെയും നിരന്തര വിന്യാസവും കൊണ്ട് ഇവരെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.
പാകിസ്താന്റെ സ്വന്തം ചൈന
'ഷിന്‍ജിയാങ്ങിലെ പ്രശ്‌നങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു തീര്‍ത്തും വിഭിന്നമാണ് ചൈനീസ് ഭാഷ്യം. ഉയിഗൂര്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്'- ദിവസങ്ങള്‍ക്ക് മുന്‍പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാക്കുകള്‍. കുറച്ചുവര്‍ഷങ്ങളായി ലോക മുസ്‌ലിംകളുടെ നേതാവായി സ്വയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍ എന്നതാണ് ഇതിലെ വൈരുധ്യം.
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനുള്ള തുറന്ന കത്തില്‍, ഫേസ്ബുക്കില്‍ നിന്ന് ഇസ്‌ലാം വിരുദ്ധതയുണ്ടാക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാനായുള്ള പരസ്യ ആഹ്വാനം, ഫലസ്തീന് നീതി ലഭിക്കുന്നതുവരെ ഇസ്‌റാഈലിനെ പാകിസ്താന്‍ അംഗീകരിക്കില്ല, 2019ല്‍ തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങളുമായി സംയോജിച്ച് ഇസ്‌ലാമിക വിഷയങ്ങള്‍ക്കായി ഇംഗ്ലീഷ് ചാനല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കല്‍ ഇത്തരത്തില്‍ ആഗോള ഇസ്‌ലാമിന്റെ നേതാവായി സ്വയം അവരോധിക്കുന്നതിന് ഇടയിലാണ് ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളെക്കുറിച്ചുള്ള ഇമ്രാന്‍ ഖാന്റെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.
എന്താണ് ഈ പാക് - ചീനി ബായി ബായി ബന്ധത്തിന് പിന്നില്‍? ഇന്ന് പാകിസ്താന്‍ സാമ്പത്തികമായി പൂര്‍ണ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് ചൈനയിലാണ്. ചൈന -പാകിസ്താന്‍ എക്കണോമിക് കോറിഡോര്‍ (ഇജഋഇ), വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി എന്നിവയുടെ മുഖ്യ ചൈനീസ് പങ്കാളിയാണ് പാകിസ്താന്‍. രാഷ്ട്രീയപരമായി പുതിയ ഇന്ത്യ - അമേരിക്ക ബന്ധം അവരെ ചൈനയോട് വല്ലാതെ അടുപ്പിച്ചു. അതുകൊണ്ടുതന്നെ, ചൈനീസ് ഭരണകൂടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടം തയാറാകുന്നില്ല. പാകിസ്താനിലെ, ചൈന -പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥാപകനായ മുഷിയിദ് ഹുസൈന്‍ പറയുന്നത്, ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ തീവ്രാനുരാഗത്തിന്റേതാണ് എന്നാണ്, ആ ബന്ധം എന്ന് പറയുന്നത് പര്‍വതങ്ങളേക്കാള്‍ ഉയരത്തിലും സമുദ്രത്തേക്കാള്‍ ആഴത്തിലും തേനിനേക്കാള്‍ മധുരമുള്ളതുമാണെന്നാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലുള്ള ചൈനീസ് താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുക എന്നുള്ളത് പാകിസ്താന്റെ ഉത്തരവാദിത്വമാണ്.
ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ തള്ളിപ്പറയുക മാത്രമല്ല പാകിസ്താന്‍ ചെയ്യുന്നത്. പാക് മണ്ണില്‍ താമസിക്കുന്ന ഉയിഗൂര്‍ മുസ്‌ലിംകളെ ചൈനീസ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് ചൈനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കൂട്ടര്‍ ഉപയോഗിച്ചിരുന്ന പ്രധാന വഴിയായിരുന്നു പാകിസ്താനെങ്കില്‍ ഇന്ന് ഭീതിയോടെയാണ് ഉയിഗൂറുകള്‍ ആ മണ്ണില്‍ കഴിയുന്നത്. അവിടെ താമസിക്കുന്ന മൂവായിരത്തിലധികം വരുന്ന മുസ്‌ലിംകള്‍ പല കാലഘട്ടങ്ങളിലായി ചൈനയില്‍നിന്ന് കുടിയേറിയവരാണ്. ഇവരെ സംശയത്തോടെയാണ് ചൈനീസ് - പാക് ഭരണകൂടങ്ങള്‍ നിരീക്ഷിക്കുന്നത്. ഉയിഗൂര്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെന്ന സംശയത്തോടെ ചെറുപ്പക്കാരെ നിരവധി നിരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നു. 1997ല്‍ ഈ ബന്ധം ആരോപിച്ച് 14 ഉയിഗൂര്‍ വിദ്യാര്‍ഥികളെ പാകിസ്താന്‍ ചൈനയ്ക്ക് കൈമാറിയിരുന്നു. ശേഷം അവരെ ചൈന വധശിക്ഷക്ക് വിധേയമാക്കിയെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് രാജ്യത്തിനകത്തും പുറത്തും പൂര്‍ണമായും ഉയിഗൂര്‍ മുസ്‌ലിംവിരുദ്ധ നിലപാടാണ് പാക് ഭരണകൂടം തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുകയെന്നത് പല കാലഘട്ടങ്ങളിലും പാക് ഭരണാധികാരികള്‍ പിന്തുടര്‍ന്നുവന്ന തന്ത്രമാണ്. ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയമായി യഥേഷ്ടം എടുത്തുപയോഗിക്കുന്ന ഈ നയത്തിന്റെ പൊള്ളത്തരം ചൈനീസ് ബന്ധം മൂലം ഇപ്പോള്‍ പുറത്തുവന്നുവെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."