ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിച്ചതിന് ആദിവാസി പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദനം
ഭോപ്പാല്‍: മധ്യപ്രദേശിലെ ധാറില്‍ ബന്ധുക്കളായ ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിച്ചതിനു സഹോദരിമാരെ കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലിസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട 19, 20 വയസുള്ള പെണ്‍കുട്ടികളാണ് മര്‍ദനത്തിനിരയായത്. പരാതി നല്കാന് ഭയപ്പെട്ടിരുന്ന പെണ്‍കുട്ടികളില്‍ ഒരാളെ പൊലിസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ പെണ്‍കുട്ടിയും മൊഴിനല്‍കി.
ജൂണ്‍ 22നു പാപാവ്ല ഗ്രാമത്തിലാണ് സഹോദരിമാര്‍ ക്രൂരമര്‍ദനത്തിനിരയായത്. കുടുംബാംഗങ്ങളും പിതാവിന്റെ ബന്ധുക്കളും ചേര്‍ന്നാണ് ആക്രമിച്ചത്. പെണ്‍കുട്ടികളെ വടികൊണ്ടും കല്ലുകൊണ്ടും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇരുവരെയും നിലത്തിട്ട് ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. നാട്ടുകാരില്‍ ചിലര്‍ ഈ ദൃശ്യങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
പിതാവിന്റെ ബന്ധുക്കളും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ഗ്രാമത്തിലെ സ്കൂളിനു സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തിയെന്നും പിന്നീട് മര്‍ദിച്ചെന്നുമാണ് ഇവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലിസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."