നിക്ഷേപകര്‍ക്ക് തടസം നില്‍ക്കുന്നതാര്?
ജേക്കബ് ജോര്‍ജ്
കേരളത്തില്‍ നിക്ഷേപകര്‍ക്ക് തടസം നില്‍ക്കുന്നതാര്? രാഷ്ട്രീയക്കാരാണോ? അതോ ഭരണകര്‍ത്താക്കളോ? പഞ്ചായത്തും മുനിസിപ്പാലിറ്റിയും നഗരസഭയുമാണോ? അതോ സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരുമോ?
കിറ്റക്‌സ് ഉടമ സാബു ജേക്കബ് കുറ്റപ്പെടുത്തുന്നതു സര്‍ക്കാരുദ്യോഗസ്ഥരെയാണ്. അതുവഴി സംസ്ഥാന സര്‍ക്കാരിനെയും. കോടിക്കണക്കിനു രൂപ നിക്ഷേപം നടത്തി വ്യവസായ സ്ഥാപനമുണ്ടാക്കി നടത്തിക്കൊണ്ടുപോകുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ഒരു നോട്ടിസു പോലും നല്‍കാതെ, യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നുവന്ന് പരിശോധനയെന്ന പേരില്‍ പീഡിപ്പിക്കുകയാണെന്ന സാബു ജേക്കബിന്റെ ആരോപണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ മാസം പത്തു തവണയാണ് ഇങ്ങനെ വിവിധ ഉദ്യോഗസ്ഥ സംഘങ്ങള്‍ കിറ്റക്‌സിലെത്തി പല കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം നടത്തിയത്. ഇവരൊന്നും ആരാണെന്നറിയില്ലെന്നും പണം മുടക്കി ഇത്രയും ജോലിക്കാര്‍ക്ക് ശമ്പളം കൊടുത്ത് കഷ്ടപ്പെടുന്ന നിക്ഷേപകരെ മണ്ടന്മാരെപ്പോലെയാണവര്‍ കണക്കാക്കുന്നതെന്നും സാബു കുറ്റപ്പെടുത്തുന്നു.
സാബു ജേക്കബ് കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയാണ്. അദ്ദേഹത്തിന്റെ പിതാവ് എം.സി ജേക്കബാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് കിഴക്കമ്പലം ടെക്സ്റ്റയില്‍സ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യവസായശാല തുടങ്ങിയത്. ബെഡ്ഷീറ്റ്, ലുങ്കി, ബനിയന്‍ എന്നിങ്ങനെയുള്ള വസ്ത്രങ്ങളിലായിരുന്നു തുടക്കം. പിന്നെ കയറ്റുമതി മേഖലയിലേയ്ക്കു കടന്നു. പ്രധാനമായും അമേരിക്കയിലേക്കും യൂറോപ്പിലേയ്ക്കും മറ്റും. സ്ഥാപനം പെട്ടെന്നു വളര്‍ന്നു. സാബു ജേക്കബും അനുജന്‍ ബോബി ജേക്കബുമാണ് സ്ഥാപനത്തിന്റെ അമരത്ത്.
കേരളത്തില്‍ സംരംഭകത്വത്തിന്റെ ഒരു വലിയ ചരിത്രം തന്നെയാണ് എം.സി ജേക്കബിന്റേത്. വെറുമൊരു നാട്ടിന്‍പുറത്തുകാരന്‍ നാട്ടുകാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ഇറങ്ങി പുറപ്പെട്ട് ഒരു വ്യവസായ സംരംഭകനായ വലിയൊരു കഥയാണത്. അലൂമിനിയം പാത്രങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയായിരുന്നു ആദ്യത്തെ വ്യവസായം. വെറുമൊരു ചെറുകിട വ്യവസായം മാത്രം. അപ്പോഴാണ് അലൂമിനിയത്തില്‍ കലര്‍ന്നിരുന്ന മാലിന്യങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് അദ്ദേഹം മനസിലാക്കിയത്. അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്തു കഴിക്കുമ്പോള്‍ ഈ മാലിന്യങ്ങളും ശരീരത്തില്‍ പ്രവേശിക്കും. അത് ഹാനികരമാവാം എന്ന് എം.സി ജേക്കബ് മനസിലാക്കി. മാലിന്യങ്ങളെല്ലാം ഒഴിവാക്കി പൂര്‍ണമായും ശുദ്ധമായ അലൂമിനിയം ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി അദ്ദേഹം. മാതാവ് അന്നമ്മയുടെ പേരില്‍ നിന്ന് അന്ന എടുത്ത് അന്നാ അലൂമിനിയമെന്ന് ഉല്‍പന്നത്തിനു പേരിട്ടു. ആദ്യം കച്ചവടം മോശമായിരുന്നെങ്കിലും ക്രമേണ വളര്‍ന്നു. ജനങ്ങള്‍ ശുദ്ധമായ അലൂമിനിയത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞു. വില്‍പന കൂടി. വരുമാനവും. പിന്നാലേ മറ്റുല്‍പന്നങ്ങള്‍ വന്നു. സാറാസ് കറി പൗഡര്‍, ചാക്‌സണ്‍ പ്രഷര്‍ കുക്കര്‍ എന്നിങ്ങനെ. വസ്ത്രമേഖലയിലേയ്ക്കും സ്ഥാപനം കടന്നു. കിഴക്കമ്പലം ടെക്സ്റ്റയില്‍സ് നിലവില്‍ വന്നു. അത് കിറ്റക്‌സ് എന്ന വലിയ ബ്രാന്റായി വളര്‍ന്നു.
എം.സി ജേക്കബിന്റെ മരണത്തിനുശേഷം മക്കളായ സാബുവും ബോബിയും ബിസിനസിന്റെ നടത്തിപ്പ് ഏറ്റെടുത്തു. കിറ്റക്‌സ് വലിയ കയറ്റുമതി സ്ഥാപനമായി. ആഗോള മാര്‍ക്കറ്റില്‍ വലിയ ബ്രാന്റായി ഉയര്‍ന്നു. വരുമാനം വളരെ വര്‍ധിച്ചു. ജോലിക്കാരുടെ എണ്ണം കൂടി. കിഴക്കമ്പലം കിറ്റക്‌സിന്റെ പര്യായമായി മാറി. ജോലിക്കാരുടെ എണ്ണം 12000 കവിഞ്ഞു. ഇത്രയും ജീവനക്കാര്‍ ഒരു സ്ഥലത്തു താമസിക്കുമ്പോഴുള്ള മാലിന്യപ്രശ്‌നം സംസാരവിഷയമായി. നാട്ടിലെ രാഷ്ട്രീയക്കാര്‍ എന്തിനും ഏതിനും പിരിവിനായി സാബുവിനെയും ബോബിയെയും സമീപിക്കുക പതിവായി.
2015-ലാണ് അന്നാ-കിറ്റക്‌സ് ഗ്രൂപ്പ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (സി.എസ്.ആര്‍) പേരില്‍ കിഴക്കമ്പലത്ത് നാട്ടുകാര്‍ക്ക് സൗജന്യങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയത്. അങ്ങനെയിരിക്കെയാണ് സാബു ജേക്കബ് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനവുമായി രംഗത്തിറങ്ങിയത്. പേര് ട്വന്റി-20. പുതിയ രാഷ്ട്രീയകക്ഷി പെട്ടെന്നു പേരെടുത്തു. പാര്‍ട്ടി അംഗങ്ങള്‍ക്കൊക്കെയും സൗജന്യ നിരക്കില്‍ അരിയും വീട്ടു സാധനങ്ങളുമെല്ലാം നല്‍കാനുള്ള സംവിധാനമൊരുക്കി പുതിയൊരു സാമൂഹ്യവിപ്ലവമുണ്ടാക്കി സാബു. നല്ലൊരു പങ്കു നാട്ടുകാര്‍ക്കും സന്തോഷമായി. സാബുവിന്റെ ബിസിനസിനൊപ്പം ട്വന്റി-20 രാഷ്ട്രീയ പാര്‍ട്ടിയും വളര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അവര്‍ പഞ്ചായത്ത് ഭരണം പിടിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്, കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍ എന്നീ നാലു പഞ്ചായത്തുകളിലും ഭരണം പിടിച്ചു. രാഷ്ട്രീയകക്ഷികള്‍ ക്ഷുഭിതരായി. സാബു ഒട്ടും താണുകൊടുക്കാന്‍ തയാറായില്ല.
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയായി സാബുവിന്റെ അടുത്ത യാത്ര. കിഴക്കമ്പലം മോഡല്‍ വികസന പരിപാടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്വന്റി-20 പ്രഖ്യാപിച്ചു. കിഴക്കമ്പലം ഉള്‍ക്കൊള്ളുന്ന നിയോജകമണ്ഡലമായ കുന്നത്തുനാട് എന്തായാലും കൈപ്പിടിയിലാക്കുമെന്നായി ട്വന്റി-20 നേതൃത്വത്തിന്റെ വെല്ലുവിളി. എതിര്‍പക്ഷത്ത് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളായ ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. പിന്നെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എയും. ട്വന്റി-20 യുടെ ആദ്യഘട്ട മുന്നേറ്റം ഗംഭീരമായിരുന്നു. പ്രചാരണം ശരിക്കും കൊഴുത്തു. രാഷ്ട്രീയ മുന്നണികള്‍ ഒന്നു പതറി. ഇത് അരാഷ്ട്രീയവാദം എന്നവര്‍ ആക്ഷേപിച്ചു. പക്ഷേ ആത്യന്തിക വിജയം രാഷ്ട്രീയത്തിനു തന്നെയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.വി ശ്രീനിജന്‍, കുന്നത്തുനാട്ടില്‍ ആധികാരിക വിജയം നേടി. പരാജയപ്പെട്ടത് രണ്ടുതവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച വി.പി സജീന്ദ്രന്‍. മത്സരിച്ച എട്ടു സീറ്റിലും ട്വന്റി-20 തോറ്റു. ഉന്നത താപനിലയിലുള്ള രാഷ്ട്രീയം കളിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി-20 യുടെ കോര്‍പറേറ്റ് രാഷ്ട്രീയം പതറിപ്പോയി. ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനും പരിശോധനയ്ക്കുമൊന്നും കിറ്റക്‌സിന്റെ രാഷ്ട്രീയവുമായി ബന്ധമുണ്ടെന്നു പറയാനാവില്ലതാനും.
എങ്കിലും സാബു ജേക്കബിന്റെ പ്രസ്താവന സര്‍ക്കാരിനെയും സംസ്ഥാനത്തെ തന്നെയും പ്രതിക്കൂട്ടിലാക്കി. പ്രത്യേകിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനു വേണ്ടി ഏറെ പണിപ്പെടുമ്പോള്‍. അതുകൊണ്ടുതന്നെ സാബുവിനു പ്രതികരണമായി സര്‍ക്കാരിനെ അഭിനന്ദിച്ചു പ്രസ്താവനയിറക്കിയ ആര്‍.പി.ജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയ്ക്കു നന്ദി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ തങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നായിരുന്നു ഗോയങ്കയുടെ സന്ദേശം.
സംസ്ഥാനത്ത് വ്യവസായം കൊണ്ടുവരിക എന്നത് ഏതൊരു സര്‍ക്കാരിന്റെയും പ്രഥമമായ കടമയാണ്. പക്ഷേ സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും അതനുസരിച്ചാണോ പെരുമാറുന്നതെന്ന ചോദ്യമാണ് സാബു ജേക്കബിന്റെ ശക്തമായ പ്രതികരണം ഉന്നയിക്കുന്നത്. പലപ്പോഴും ഉദ്യോഗസ്ഥര്‍ യജമാനന്മാരെപ്പോലെയാണ് പെരുമാറുന്നത്. സെയില്‍സ് ടാക്‌സ്, എക്‌സൈസ്, ജിയോളജി എന്നിങ്ങനെ പല വകുപ്പുകളിലെയും ഉദ്യോഗസ്ഥരില്‍ നല്ലൊരു പങ്കും ധരിച്ചുവച്ചിരിക്കുന്നത് തങ്ങള്‍ യഥാര്‍ഥ യജമാനന്മാരാണെന്നു തന്നെയാണ്. സര്‍ക്കാര്‍ ലൈസന്‍സും വേണ്ട അനുമതിയുമൊക്കെ നല്‍കിയിട്ടുണ്ട് ഇവയ്‌ക്കെല്ലാം എന്ന കാര്യം ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. ഇവരാരും കള്ളക്കടത്തിലോ ചാരായ വാറ്റിലോ അല്ല ഏര്‍പ്പെട്ടിരിക്കുന്നതെന്നും.
രണ്ടാംതവണ അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.ജി.ഒ യൂനിയന്‍ സംഘടിപ്പിച്ച വെബിനാറില്‍ പ്രസംഗിക്കവെ നാടിന്റെ വളര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെപ്പറ്റി പ്രത്യേകം ഓര്‍മിപ്പിച്ചു. കെട്ടിക്കിടക്കുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നു അഞ്ചുവര്‍ഷം മുമ്പ് താന്‍ തന്നെ ജീവനക്കാരോട് പറഞ്ഞ കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജീവിക്കാന്‍ വേണ്ടി കൊച്ചു കൊച്ചു കച്ചവടവും ചെറിയ ഉല്‍പാദനവും നടത്തുന്നവരെ പഞ്ചായത്തധികൃതരും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുക പതിവാണ്. പുറമെയാണ് ആരെങ്കിലുമൊരു വ്യവസായം തുടങ്ങിയാലുടന്‍ പ്രതിഷേധവുമായി ഇറങ്ങുന്ന പരിസ്ഥിതിവാദികള്‍. ഇത്തരക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചത് കപട പരിസ്ഥിതിവാദികളെന്നാണ്. ഇക്കൂട്ടരെ നിലയ്ക്ക് നിര്‍ത്തണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2000 കോടി രൂപയോളം മുതല്‍ മുടക്കി അമേരിക്കന്‍ സ്ഥാപനമായ ടോറസും ബാംഗ്ലൂരിലെ എംബസി ഗ്രൂപ്പും സംയുക്തമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ കൊണ്ടുവന്നിരിക്കുന്ന വന്‍ വികസന പദ്ധതി തടസപ്പെടുത്താന്‍ പരിസ്ഥിതിയുടെ പേരില്‍ ചിലര്‍ തടസമുണ്ടാക്കിയത് അടുത്ത കാലത്താണ്. പരിസ്ഥിതിക്കു നാശമുണ്ടാക്കുന്നുവെന്ന പ്രചാരണത്തില്‍ തുടങ്ങിയ ഇവര്‍ പിന്നീട് കേസിനു പോവുകയും ചെയ്തു. കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണല്‍ വരെ പോയെങ്കിലും എല്ലായിടത്തും ടോറസിനനുകൂലമായ വിധി കിട്ടി. പക്ഷേ കേസുമൂലം ദീര്‍ഘകാലം പണി മുടങ്ങി. സാമ്പത്തിക നഷ്ടം വേറെയും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2012 സെപ്റ്റംബറില്‍ നടന്ന 'എമര്‍ജിങ് കേരള' പദ്ധതിയില്‍ വന്ന സംരംഭമാണിത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വളരെ ഉത്സാഹത്തോടെ നടപ്പാക്കിയ പരിപാടിയായിരുന്നു 'എമര്‍ജിങ് കേരള'.
2500-ലേറെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് ടോറസ് ഇന്ത്യ മാനേജിങ് ഡയരക്ടര്‍ അജയ് പ്രസാദ് പറഞ്ഞിരുന്നത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ പഠിച്ച അജയ് പ്രസാദ് നാട്ടില്‍ ഒരു വലിയ പ്രസ്ഥാനം കൊണ്ടുവരാനാണ് തിരുവനന്തപുരത്തേയ്ക്ക് പദ്ധതിയുമായി വന്നത്. കോടികള്‍ ചെലവാക്കി നടത്തിയ 'എമര്‍ജിങ് കേരള'യില്‍ വന്ന പദ്ധതികളില്‍ നിലനില്‍ക്കുന്ന ഒരേയൊരു പദ്ധതി ടോറസ് ഡൗണ്‍ടൗണ്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."