മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്നവരില്‍ നരേന്ദ്രമോദിയും
ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലെ നേതാക്കളെ 'മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഇരപിടിയന്മാര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരും പട്ടികയിലുണ്ട്.
നരേന്ദ്രമോദിയേയോ ബി.ജെ.പിയെയോ വിമര്‍ശിച്ചാല്‍ ജോലി നഷ്ടമാകുന്ന സാഹചര്യമാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെന്ന് ആര്‍.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉപയോഗിച്ച മാര്‍ഗങ്ങളുടെ പരീക്ഷണശാലയായിരുന്നു മോദിക്ക് ഗുജറാത്തെന്ന് ആര്‍.എസ്.എഫ് നിരീക്ഷിക്കുന്നു. 2014ല്‍ അധികാരമേറ്റത് മുതല്‍ ആര്‍.എസ്.എഫിന്റെ പട്ടികയില്‍ മോദിയുണ്ട്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന് മോശം സാഹചര്യമാണെന്ന് വിലയിരുത്തി രണ്ട്മാസം മുന്‍പ് ആര്‍.എസ്?.എഫ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പുതിയ വിലയിരുത്തല്‍. പാരീസ് ആസ്ഥാനമായ ആര്‍.എസ്?.എഫ്, ലോകത്തിലെ 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."