മാറ്റം പോഷക സംഘടനകളിലും റിസോഴ്‌സ് പഴ്‌സൻ ടീമുണ്ടാക്കാൻ വനിതാ ലീഗ്; ബാലകേരളവുമായി എം.എസ്.എഫ്
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം • ഭരണഘടനാ ഭേദഗതിക്ക് അന്തിമ അംഗീകാരം നൽകാനിരിക്കെ മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളും മാറ്റത്തിന്.
ജെൻഡർ ന്യൂട്രാലിറ്റി, ലഹരി, പാഠ്യപദ്ധതി തുടങ്ങിയ പൊതുവിഷയങ്ങളിൽ താഴേ തട്ടിൽ ഉദ്‌ബോധനം നടത്താൻ റിസോഴ്‌സ് പഴ്‌സൻ രൂപീകരിച്ച് വനിതാ ലീഗും അഞ്ചിനും 15നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് രാഷ്ട്രീയവും ധാർമികവുമായ പാഠങ്ങൾ നൽകാൻ ബാലകേരളം രൂപീകരിച്ച് എം.എസ്.എഫും രംഗത്തെത്തും.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽനിന്നുമായി 500 റിസോഴ്‌സ് പഴ്‌സൻമാരെയാണ് വനിതാ ലീഗ് തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസം, പാർട്ടിയിലെ പ്രവർത്തന മികവ് എന്നിവയിൽ കഴിവു തെളിയിച്ചവരെ കണ്ടെത്താൻ ജില്ലാ കമ്മിറ്റികളോട് ആശ്യപ്പെടും. ഇതോടൊപ്പം കുടുംബശ്രീ, വനിതാ തൊഴിൽ മേഖല എന്നിവയിലും കൃത്യമായ ഇടപെടലുകൾ നടത്തും.പാർട്ടിയുടെ ശാഖാതലങ്ങളിലാണ് എം.എസ്.എഫ് ബാലകേരളം യൂനിറ്റ് രൂപീകരിച്ചുവരുന്നത്. ഒരു കാപ്റ്റനും രണ്ട് വൈസ് കാപ്റ്റന്മാരും നാല് അംഗങ്ങളും ഉൾപ്പെടെ ഏഴു പേരാണ് ബാലകേരളം യൂനിറ്റിലുണ്ടാവുക.
ഇതിൽ ഒരു വൈസ് കാപ്റ്റൻ പെൺകുട്ടിയായിരിക്കും. നവംബറോടെ ബാലകേരളത്തിന്റെ സംഘടനാ സംവിധാനം പൂർണതോതിൽ രൂപീകരിക്കും. രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതും ലഹരി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."