സഹകരണ സർവിസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച: ക്രൈംബ്രാഞ്ച് സംഘം കാസർകോട്ട്
നീലേശ്വരം (കാസർകോട് ) • സഹകരണ സര്‍വിസ് പരീക്ഷാ ബോര്‍ഡ് നടത്തിയ ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ കേസിന്റെ അന്വേഷണത്തിനായി മലപ്പുറം ക്രൈംബ്രാഞ്ച് സംഘം കാസർകോടെത്തി. രണ്ടുദിവസങ്ങളിലായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി പേരെ ചോദ്യം ചെയ്തു. പലസ്ഥലങ്ങളിലും റെയ്ഡ് നടത്തി.
കഴിഞ്ഞ മാര്‍ച്ച് 27ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാഞ്ഞങ്ങാട്ടെ ഒരു കേരളബാങ്ക് ഉദ്യോഗസ്ഥന്റെ മകനും സുഹൃത്തുമാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.
മലപ്പുറം പെരിന്തല്‍ മണ്ണയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് ചോദ്യവും ഉത്തരവും അപ്പ്‌ലോഡ്‌ചെയ്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെത്തിയ ക്രൈംബ്രാഞ്ച് മുഖ്യപ്രതിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാൽ ഇയാളും സുഹൃത്തും ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. മാര്‍ച്ച് 27ന് പരീക്ഷ നടക്കുന്നതിന് മുമ്പുതന്നെ ചോദ്യപേപ്പര്‍ ഉദ്യോഗാര്‍ഥികളായ പലര്‍ക്കും ലഭിച്ചിരുന്നു. ഉച്ചക്ക് 2.30 മുതല്‍ 4.30 വരെ നടന്ന പരീക്ഷയുടെ ചോദ്യവും ഉത്തരവും അന്നുതന്നെ 3.30ന് യൂട്യൂബില്‍ പ്രചരിച്ചു. പരീക്ഷയ്ക്ക് മുമ്പുതന്നെ, ചോദ്യവും ഉത്തരവും ആവശ്യമുള്ളവര്‍ പണവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികളുടെ ഫോണിലേക്ക് വിളിവന്നിരുന്നു.
കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍നിന്നായിരുന്നുഇത്. ഇതോടെ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ ബോര്‍ഡിന് പരാതി നല്‍കി.
പരീക്ഷാ ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ കാസർകോട് ബന്ധം കണ്ടെത്തിയത്.
ചോർച്ച പുറംലോകമറിഞ്ഞതോടെ ചോദ്യപേപ്പര്‍ ചോര്‍ത്താനും അയച്ചുകൊടുക്കാനും ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഒരു യുവതിക്ക് ഫോൺ വില്‍പ്പന നടത്തി. ഈ ഫോണ്‍ വാങ്ങിയ യുവതി തന്റെ സിംകാര്‍ഡ് ഫോണിലിട്ടതോടെയാണ് അന്വേഷണസംഘത്തിന് ചോദ്യ പേപ്പർ ചോർത്തിയ ഫോണുള്ള സ്ഥലം മനസ്സിലായത്.
യുവതിയെ കണ്ടെത്തി മൊഴിയെടുത്തതോടെ ഫോണ്‍ നല്‍കിയയാളെ കുറിച്ചുള്ള വിവരവും ലഭിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ രണ്ടുപേരേയും ഗൾഫിൽനിന്ന് തിരിച്ചുകൊണ്ടുവന്ന് അറസ്റ്റുചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."