എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാന് പിന്നാലെ സഹായിയും അറസ്റ്റിൽ
ന്യൂഡൽഹി • ആം ആദ്മി പാർട്ടി നേതാവും ഒഖ്ല എം.എൽ.എയുമായ അമാനത്തുല്ല ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ബിസിനസ് സഹായിയും സുഹൃത്തുമായ ഹാമിദ് അലിയും അറസ്റ്റിൽ. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചെന്ന കുറ്റത്തിന് ആയുധനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഡൽഹി വഖഫ് ബോർഡ് ചെയർമാൻ കൂടിയായ അമാനത്തുല്ല ഖാനെതിരേ വഖഫ് ബോർഡിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് 2020ൽ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിൽ വെള്ളിയാഴ്ച ഖാന്റെ വീട്ടിലും ഓഫീസിലും ഡൽഹി പൊലിസിലെ അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. എന്നാൽ അമാനത്തുല്ല ഖാന്റെ സുഹൃത്തിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത തോക്കും കണ്ടെടുത്തിരുന്നു. തുടർന്നാണ് ഖാനെയും സഹായിയെയും അറസ്റ്റ് ചെയ്തത്. കോടതി ഖാനെ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് ബി.ജെ.പി ഗൂഢാലോചനയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."