ആര്‍.എം.എസ് ഓഫിസുകളുടെ അടച്ചുപൂട്ടല്‍; പ്രസാധകരെ പ്രതിസന്ധിയിലാക്കും
പി.വി.എസ് ഷിഹാബ്
പാലക്കാട് • സംസ്ഥാനത്തെ ഏഴ് ആര്‍.എം.എസ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നതിലൂടെ ഉപഭോക്താക്കളില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുക പ്രസാധകര്‍ക്ക്. കേരളത്തില്‍ പത്രങ്ങളല്ലാത്ത ഭൂരിഭാഗം പ്രസാധകരും തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ വായനക്കാരിലെത്തിക്കുന്നത് ആര്‍.എം.എസ് ഒരുക്കിയ 'ബള്‍ക്ക് പോസ്റ്റിങ്ങ്' സംവിധാനം ഉപയോഗപ്പെടുത്തിയാണ്. പത്രങ്ങള്‍ തന്നെ ഏജന്‍സി സംവിധാനത്തിലൂടെ വിതരണം നടക്കുമ്പോഴും ആഴ്ചപതിപ്പ്, ദ്വൈവാരിക, മാസിക, പ്രത്യേക പതിപ്പുകള്‍ എന്നിവയുടെ വിതരണത്തിന് ഏറെയും ആര്‍.എം.എസിന്റെ ബള്‍ക്ക് പോസ്റ്റിങ് സംവിധാനത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. മറ്റു സമാഹാരങ്ങളുടെ പ്രസാധകര്‍ 80 ശതമാനവും വിതരണത്തിനായി ഈ സംവിധാനത്തെ ആശ്രയിച്ച് മാത്രമാണ് മുന്നോട്ട് പോകുന്നത്.
ആര്‍.എം.എസ് കേന്ദ്രങ്ങള്‍ അടക്കുന്നതോടെ ബള്‍ക്ക് പോസ്റ്റിങ് സംവിധാനമാകെ താളം തെറ്റും. പ്രസിദ്ധീകരണങ്ങള്‍ അയക്കുന്നതിന് ഓരോ പ്രസാധക സ്ഥാപനങ്ങള്‍ക്കും നിശ്ചിത ദിവസവും സമയവും നല്‍കിയാണ് ആര്‍.എം.എസ് ഓഫിസുകളിലെ ജോലിത്തിരക്ക് നിയന്ത്രിച്ചിരുന്നത്. അനുവദിച്ച നിശ്ചിത ദിവസം തന്നെ പ്രസാധകര്‍ പ്രസിദ്ധീകരണങ്ങള്‍ എത്തിക്കുമ്പോള്‍ സോര്‍ട്ടിങ് നടപടികള്‍ പൂര്‍ത്തിയാക്കി അതാത് ദിവസം തന്നെ നിശ്ചിത വിലാസങ്ങളടങ്ങിയ തപാല്‍ കേന്ദ്രങ്ങളിലേക്ക് നിലവില്‍ അയക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ ഒരു ആര്‍.എം.എസ് കേന്ദ്രം മാത്രമായി മാറുമ്പോള്‍ ഇത്തരത്തില്‍ എത്തിക്കാന്‍ സാധ്യമാകാതെ വരും.
ആര്‍.എം.എസ് ഓഫിസുകളുടെ അടച്ചുപൂട്ടല്‍ മാത്രമല്ല പ്രസാധകര്‍ക്ക് തിരിച്ചടിയാകുന്നത്. നിലവില്‍ 50 ഗ്രാം വരെ വരുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് 25 പൈസ നിരക്കിലും 100 ഗ്രാം വരെ 50 പൈസയും പിന്നീട് വരുന്ന ഓരോ 100 ഗ്രാമിനും 20 പൈസവീതവുമാണ് നിലവില്‍ ബള്‍ക്ക് പോസ്റ്റിങ് ചാര്‍ജ് ഈടാക്കുന്നത്. ഇത് 500 മുതല്‍ 800 വരെ ശതമാനം വര്‍ധനവുണ്ടാകണമെന്ന ശുപാര്‍ശയും വകുപ്പിന് മുന്നിലുണ്ട്. മിനിമം നിരക്ക് 2 രൂപയും 100 ഗ്രാമിന് 4 രൂപയും പിന്നീട് വരുന്ന ഓരോ 100 ഗ്രാമിനും ഒരു രൂപ വീതവുമാക്കി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. നേരത്തെ 2016ല്‍ നടപ്പിലാക്കിയ നിരക്ക് വര്‍ധനയില്‍ നിന്ന് ബള്‍ക്ക് പോസ്റ്റിങ് സംവിധാനത്തെ ഒഴിവാക്കിയെങ്കിലും ഇത്തവണത്തെ നിരക്ക് വര്‍ധന ശുപാര്‍ശയില്‍ എല്ലാ മേഖലകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനങ്ങളെ ഉത്പ്പന്നങ്ങള്‍ എന്ന നിലയില്‍ പരിഗണിച്ചാണ് നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ തയാറാക്കിയിട്ടുള്ളത്. എല്ലാ മേഖലകളിലും സബ്‌സിഡി നിര്‍ത്തലാക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തപാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. ഇതോടെ പേപ്പര്‍ പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവില്‍ നട്ടംതിരിയുന്ന പ്രസാധകരെ, വിതരണത്തിൽ വരുന്ന കാലതാമസവും നിരക്ക് വര്‍ധനയും കൂടുതല്‍ പ്രതിസന്ധിയിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."