14കാരനെ തട്ടിക്കൊണ്ടുവന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
പരവൂർ (കൊല്ലം) • മാതാപിതാക്കളെ ബന്ദികളാക്കി തമിഴ്‌നാട്ടിൽ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടുവന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം വേപ്പിൻമൂട് ബി.ആർ ഭവനത്തിൽ രാകേഷിനെ(29)യാണ് വീടിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽനിന്ന് കുട്ടിയെ കടത്തിക്കൊണ്ടു വന്ന കേസിൽ ഇയാളെ തിരുപ്പൂർ പൊലിസിന്റെ നിർദേശത്തെതുടർന്ന് പരവൂർ പൊലിസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തിരുപ്പാർവേലൻ പാളയം സ്വദേശിയായ ശിവകുമാറിന്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അജയ് പ്രണോയി(14) യെയാണ് ഇയാൾ കടത്തിക്കൊണ്ടുവന്നത്.
നാട്ടിലും തമിഴ്‌നാട് കേന്ദ്രീകരിച്ചും ഇയാൾ നിർമാണ ജോലികൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു. തട്ടിക്കൊണ്ടുവന്ന കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇത് തിരികെ കിട്ടാൻ പലവിധ ശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചയോടേ തന്റെ വീട്ടിലെത്തിയ രാകേഷ്, കുട്ടിയെ വീടിനു പിൻവശത്തെ തൊഴുത്തിനോട് ചേർന്നുള്ള മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. തിരുപ്പൂർ പൊലിസ് അറിയിച്ചതിനെതുടർന്ന് പരവൂർ പൊലിസ് ഇന്നലെ രാകേഷിന്റെ വീട്ടിലും ഇവരുടെ ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെ പുലർച്ചെ കുട്ടിയെ രാകേഷിന്റെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ കൈകൾ ബന്ധിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ രാകേഷ് കടത്തികൊണ്ടുവന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലിസെത്തി കുട്ടിയെ തിരുപ്പൂർ പൊലിസിന് കൈമാറി.
ഇതിന് പിന്നാലെയാണ് വീടിന്റെ ടെറസിന് മുകളിൽ രാകേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ തട്ടികൊണ്ടുവരാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പരവൂർ എസ്.എച്ച് .ഒ എ. നിസാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."