ആം ആദ്മിയില്‍ പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നു കോണ്‍ഗ്രസില്‍ പ്രതീക്ഷ
യോഗേന്ദ്ര യാദവ് / പി.കെ മുഹമ്മദ് ഹാതിഫ്
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളില്‍ സജീവമാണ് യോഗേന്ദ്ര യാദവ്. സംയുക്ത കിസാന്‍ മോര്‍ച്ച കോഡിനേഷന്‍ കമ്മിറ്റിയില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം രാജിവച്ചിരുന്നു. ഉത്തരവാദിത്വങ്ങളില്‍ നീതിപുലര്‍ത്താന്‍ സാധിക്കാത്തതിനാലാണ് രാജിയെന്നായിരുന്നു വിശദീകരണം. 2011ലെ അഴിമതിവിരുദ്ധ മുന്നേറ്റത്തില്‍ അണ്ണാ ഹസാരെക്കും കെജ് രിവാളിനുമൊപ്പം രാജ്യം മുഴുവന്‍ യോഗേന്ദ്ര യാദവിനെയും ശ്രദ്ധിച്ചിരുന്നു. മോദി സര്‍ക്കാരിനെ തിരുത്തിച്ച കര്‍ഷക സമരത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായ യോഗേന്ദ്ര യാദവ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു.
ദേശീയബദല്‍ എങ്ങനെ?
ജനാധിപത്യത്തിലും ഇന്ത്യയുടെ പാരമ്പര്യ, സാംസ്കാരിക മൂല്യങ്ങളിലും ദേശീയതയിലും ഊന്നിയുള്ള രാഷ്ട്രീയശൈലിയിലൂടെ മാത്രമേ ബദല്‍ സാധ്യമാകൂ. അത്തരം പരീക്ഷണം ഇതുവരെ നടന്നിട്ടില്ല. രാഷ്ട്രീയത്തില്‍ ഭാവികാലത്തെക്കുറിച്ചുള്ള പ്രവചനങ്ങളല്ല, വര്‍ത്തമാനകാലത്തെ ഫലപ്രദമായ ഇടപെടലുകളാണ് വേണ്ടത്. ബിഹാർ രാഷ്ട്രീയം അതാണ് നമുക്ക് കാണിച്ചുതരുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിയത്. മുമ്പ് കര്‍ണാടകയിലടക്കം അതാണ് നാം കണ്ടത്. എന്നാല്‍ ഇതിനെല്ലാം മാറ്റംവരണം. അതിന് മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഒരുമിച്ചുനില്‍ക്കുന്നതാണ് ദേശീയബദല്‍.
എന്തുകൊണ്ട് കോണ്‍ഗ്രസ് ?
ഉത്തരേന്ത്യ മുഴുവന്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ അവര്‍ ശക്തി പ്രാപിക്കുന്നു തുടങ്ങി പല രീതിയിലുമുള്ള പ്രചാരണങ്ങള്‍ നടക്കുകയാണ്. പക്ഷേ, വോട്ടുവിഹിതം നോക്കുമ്പോള്‍ ബി.ജെ.പിയല്ല ജയിച്ചത്. പകരം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യമാണ്. എന്നാല്‍ ജനാധിപത്യ, മതേതര വോട്ടുകളെല്ലാം ഭിന്നിച്ചു പോയി. അവയെല്ലാം ഒരു കുടക്കീഴില് ഒരുമിച്ചുകൊണ്ടുവരണം. ആ വോട്ടുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തിരിച്ചുവരവില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്നത്. അതിന് വലിയ ദേശീയ ബദല്‍ രൂപപ്പെടേണ്ടതുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുമ്പോള്‍ എല്ലാവരെയും ഒന്നിപ്പിക്കേണ്ടതിന് ഒരു നേതൃത്വം മുന്നോട്ടുവരണം. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ദൗത്യത്തില്‍ കോൺഗ്രസിന് വലിയ പങ്കുവഹിക്കാനാവും. അതുതന്നെയാണ് എന്തുകൊണ്ട് കോണ്‍ഗ്രസ് എന്നതിന്റെ ഉത്തരം. 2024ലേക്ക് ഒരു പ്രതിപക്ഷ ബദലിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. അവര്‍ക്കു രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരമുള്ളതെങ്കിലും ധാരാളം സംസ്ഥാനങ്ങളില്‍ ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, ഹരിയാന, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രധാന സാന്നിധ്യമാണ്. ഇപ്പോഴും ചരിത്രപരമായ പങ്കുവഹിക്കാനുണ്ട്. അവര്‍ക്കു വലിയ ഉത്തരവാദിത്വമാണുള്ളത്.
ഫാസിസം പിടിമുറുക്കുന്നു
പൊതുശത്രുവിനെ മറയാക്കിയാണ് ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കുന്നത്. ദലിതര്‍, മുസ്ലിം തുടങ്ങിയ പിന്നോക്കന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതുവഴി ഭൂരിപക്ഷത്തിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനുവേണ്ടി ഭരണകൂടം തന്നെ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു. ഭൂരിപക്ഷത്തെ ഭരണകൂടത്തിന് അനുകൂലമാക്കിയെടുക്കാന്‍ സാധിച്ചത് വര്‍ഗീയതയിലൂടെയും സാമുദായിക ധ്രുവീകരണത്തിലൂടെയുമാണ്. ജാതി, മതം, ഭാഷ, വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാ മേഖലയിലും വിഭജനം കൊണ്ടുവന്ന് വലിയ വേര്‍തിരിവ് രാജ്യത്തുണ്ടാക്കി.
കോണ്‍ഗ്രസിന്റെ ഭാവി
ആഭ്യന്തരമായി പല വിഷയങ്ങളും കോണ്‍ഗ്രസിലുണ്ട്. ദേശീയ നേതാക്കളെല്ലാം കൊഴിഞ്ഞുപോകുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളാണ്. പക്ഷേ, അത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് തകരുന്നു, അവര്‍ക്ക് ഭാവിയില്ല എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ആഭ്യന്തര വിഷയങ്ങള്‍ ആഭ്യന്തരമായി തന്നെ നില്ക്കട്ടെ. മുതിര്‍ന്ന നേതാക്കളോ യുവനേതാക്കളോ ആരായാലും പുറത്തുപോകട്ടെ. പക്ഷേ, കോണ്‍ഗ്രസിന് വലിയ ചരിത്രപാരമ്പര്യമുണ്ട്. അതില്‍ അടിയുറച്ച് വിശ്വസിക്കുന്ന കുറച്ചുപേര്‍ മതി.കോണ്‍ഗ്രസ് രാജ്യത്തെല്ലായിടത്തുമുണ്ട്. പാര്ട്ടിയുള്ളിടത്തെ പ്രവര്‍ത്തകരെല്ലാം ഊര്‍ജ്ജസ്വലരാണ്. എല്ലായിടത്തും അതിന്റെ ആവേശം കാണുന്നുണ്ട്. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തകര്‍ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ ഭാവി.
ആം ആദ്മിയും ‘ബി’ ടീം പരാമര്‍ശവും
അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടവും അതിന്റെ തുടര്‍ച്ചയുമാണ് ആം ആദ്മി പാര്‍ട്ടി എന്ന ആശയത്തിലേക്കെത്താന് കാരണം. അന്ന് ഞാനും അതിന്റെ ഭാഗമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ അതില്‍ ഖേദിക്കുന്നു. അഴിമതിവിരുദ്ധ പോരാട്ടമെന്ന ലേബലില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനമെന്ന നിലയിലാണ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചത്. പക്ഷേ, നയപരമായ പല കാര്യങ്ങളിലും എനിക്ക് യോജിച്ചുപോകാന്‍ സാധിച്ചില്ല. അരവിന്ദ് കെജ് രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പല വിഷയങ്ങളോടുമുള്ള മൗനം തന്നെയാണ് അതിന്റെ പ്രധാന കാരണം. കര്‍ഷക സമരം, പൗരത്വ പ്രക്ഷോഭം, ബുള്‍ഡോസര്‍ രാജ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആം ആദ്മി എന്തുകൊണ്ട് പ്രതികരിച്ചില്ല. അതില്‍ ഞാന്‍ ലജ്ജിക്കുന്നു. ആം ആദ്മിക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്. ബി.ജെ.പിയുടെ ‘ബി’ ടീം എന്ന പരാമര്‍ശം അതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. അതിനാൽ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രൂപപ്പെടുകയാണെങ്കില്‍ അതിന്റെ നേതൃസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടിയെ അവരോധിക്കാന്‍ പോലും കഴിയില്ല.
ഭാരത് ജോഡോ യാത്ര
രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് കന്യാകുമാരിയില്‍ നിന്ന് കശ്മിരിലേക്കുള്ള ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സമാന ചിന്താഗതിക്കാരായവർ പങ്കുചേരണം. ഇന്ത്യയുടെ മൂവര്‍ണ ദേശീയപതാകയേന്തിയാണ് രാഹുല്‍ ഗാന്ധി യാത്രയെ നയിക്കുന്നത്. ഇതിനു പിന്നില്‍ രാഷ്ട്രീയമോ രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇല്ല. യാത്രയ്ക്ക് നേതൃത്വം നല്‍കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ജനകീയ യാത്രയാക്കി മാറ്റേണ്ടത് ജനങ്ങളാണ്. രാജ്യത്തെ ജനാധിപത്യ, മതേതര സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതിനാലാണ് വിവിധ രാഷ്ട്രീയ, ജനപക്ഷ സംഘടനകളും യാത്രക്ക് പിന്തുണയുമായെത്തിയത്. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ശക്തമായ പോരാട്ടമാണ് നടത്തേണ്ടത്. അതിന് എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണം.
ഇടതുപക്ഷം ഗാന്ധി-അംബേദ്ക്കര്‍
ആശയത്തിലേക്ക് വരണം
ഇന്ത്യന്‍ ജനാധിപത്യം വികസിപ്പിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ സംഭാവന വളരെ വലുതാണ്. ഇന്ത്യയുടെ സാംസ്കാരിക ഭൂമിക സമ്പന്നമാക്കിയതിലും ഇടതുപക്ഷത്തിന് നിര്‍ണായക പങ്കുണ്ട്. മതേതരത്വത്തോടുള്ള അവരുടെ സമീപനം കറകളഞ്ഞതായിരുന്നു. ഇടതുപക്ഷം ഇവിടെ നിലനില്‍ക്കണമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യയുടെ പൈതൃകം, സംസ്കാരം, ആചാരം എന്നിവയിലൂന്നിയുള്ള ജനാധിപത്യ, മതേതര സ്വഭാവം കൊണ്ടുവരാന്‍ ഇടതുപക്ഷം തയാറാവണം. അല്ലാതെ പുതിയ ഇന്ത്യയില്‍ വിപ്ലവം സാധ്യമല്ല. ജാതിയുടെ സങ്കീര്‍ണതകളും മാറ്റിവയ്ക്കണം. ഇടതുപക്ഷം പൂര്‍ണമായും ഗാന്ധിയന്‍, അംബേദ്കറിയന്‍ ആശയത്തിലേക്ക് പോകണം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."