ഫലസ്തീൻ മക്കൾക്കൊരു താരാട്ട്
ഫൈസ് അഹ്മദ് ഫൈസ്
കരയാതിരിക്കൂ കുഞ്ഞേ...
കരഞ്ഞുകരഞ്ഞ്
നിന്റെ ഉമ്മയുടെ മിഴിയിണ
നനഞ്ഞു കുതിർന്നിരിക്കുന്നു.
കരയാതിരിക്കൂ കുഞ്ഞേ...
നിമിഷങ്ങൾക്കു മുമ്പാണ്
നിന്റെ ഉപ്പ ഈ ആധിയുടെ
ലോകത്തുനിന്ന് മോചിതനായത്.
കരയാതിരിക്കൂ കുഞ്ഞേ...
നിന്റെ ഇക്കാക്ക സ്വപ്നശലഭത്തിന്
പിറകേ ഓടിയോടി വിദൂരതയിലുള്ള
പറുദീസയിലേക്ക് യാത്രയായിട്ടുണ്ട്.
കരയാതിരിക്കൂ കുഞ്ഞേ...
നിന്റെ ഇത്താത്തയും
സ്വർഗത്തിലേക്കുള്ള യാത്രയിലാണ്.
കരയാതിരിക്കൂ കുഞ്ഞേ...
നിന്റെ വീട്ടുമുറ്റത്ത്
മരിച്ചുപോയ ‘സൂര്യനെ’
കുളിപ്പിച്ചു വച്ചിട്ടുണ്ട്.
‘ചന്ദ്രനെ’ ആറടിമണ്ണിൽ
പൊതിഞ്ഞിരിക്കുന്നു.
കരയാതിരിക്കൂ കുഞ്ഞേ...
ഉപ്പ, ഉമ്മ, ഇക്ക, ഇത്ത
ഇവരൊക്കെയും നിന്റെ
ചന്ദ്രനും സൂര്യനും.
നീ കണ്ണീർപൊഴിച്ചാൽ
അവർ നിന്നെയും കരയിപ്പിക്കും.
അതുകൊണ്ട് നീ
പുഞ്ചിരിച്ചിരിക്കുക കുഞ്ഞേ.
എങ്കിൽ ഒരുനാൾ വേഷംമാറി
അവർ മടങ്ങിയെത്തും,
നിന്നോടൊത്തു കളിക്കാൻ.
വിവർത്തനം: സിനാദ് സിദ്ദീഖ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."