ആംബുലന്‍സ് വഴിയില്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു; ചികിത്സ വൈകി രോഗി മരിച്ചു
പെരിന്തല്‍മണ്ണ: രോഗിയുമായി പോയ ആംബുലന്‍സ് ഡ്രൈവറെ കാറിലെത്തിയയാള്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപീടിക വടക്കേപീടിയേക്കല്‍ ഖാലിദ്(33) ആണ് മരിച്ചത്. കാര്‍ യാത്രക്കാരന്‍ ആംബുലന്‍സിനെ വഴിയിലും പിന്തുണടര്‍ന്ന് ആശുപത്രിയിലും തടസം ഉണ്ടാക്കിയെന്നാണ് ആരോപണം.
ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പടപ്പറമ്പിലെ വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവിടത്തെ ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലന്‍സിനു മുന്‍പില്‍ കാര്‍ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി.
മേല്‍പ്പാലം കഴിഞ്ഞ് ആംബുലന്‍സ് കാറിനെ മറികടന്നപ്പോള്‍ ഡ്രൈവര്‍ കാറുകാരോട് അസഭ്യം പറഞ്ഞതായാണ് കാറുകാരുടെ ആരോപണം. ആംബുലന്‍സ് ആശുപത്രിയിലെത്തി ഖാലിദിനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയെത്തിയ കാറുകാരന്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഇതുകാരണം അല്പംവൈകി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഖാലിദ് അരമണിക്കൂറിനുള്ളില്‍ മരിച്ചു.
ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ക്കാട് സ്വദേശിയുടേതാണ് കാര്‍. സംഭവസമയത്ത് താന്‍ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളില്‍നിന്നു വീണു പരുക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."