കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; നേരിട്ടെത്തി; കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു.
പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയ്‌റ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്.
വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിനാണ് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചത്. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെയും മുന്‍ മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തില്‍ അപമര്യാദയോടെ പെരുമാറിയതിന് വിലക്ക് ഏര്‍പ്പെടുത്തിയ വ്യക്തിയാണ് ഭരിക്കുന്ന മുന്നണിയായ എല്‍ഡിഎഫിനെ നയിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണപക്ഷത്തുള്ള മറ്റൊരു എംഎല്‍എ രാജ്യത്തിന്റെ അഖണ്ഡതയെത്തന്നെ വെല്ലുവിളിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പാകിസ്ഥാന്റെ ഭാഷയാണ് എംഎല്‍എ ഉപയോഗിക്കുന്നത്. ഇതെല്ലാം വ്യക്തിപരമായ സംഭവങ്ങളെന്ന് പറഞ്ഞ് തള്ളാനാകുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഒരിക്കലുമില്ല. ഇതെല്ലാം പരിശീലന ക്യാംപില്‍ നിന്നും ലഭിക്കുന്ന രീതികളാണ്. ഇത് രാജ്യത്തിന് പുറത്ത് ഉത്ഭവിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ്. അവര്‍ വിശ്വസിക്കുന്നത് രാജ്യത്തെ നിയമത്തെയും അഭിപ്രാവ്യത്യാസങ്ങളെയും ശക്തി കൊണ്ട് അടിച്ചമര്‍ത്താമെന്നാണ്. ഗവര്‍ണര്‍ ആരോപിച്ചു.
സംസ്‌കൃത യൂണിവേഴ്‌സിറ്റി വിസിയുടെ കാര്യത്തിലും മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് എതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ പ്രതികരണം ആരായുമ്പോള്‍ നല്‍കാറുണ്ട്. മണിക്കൂറുകള്‍ എന്നെ കാത്തുനില്‍ക്കുന്നവരോട് സംസാരിക്കുന്നു. 'കടക്കൂ പുറത്ത്' എന്ന് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞയാളാണ് മുഖ്യമന്ത്രി നിങ്ങള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തരോട് ഗവര്‍ണര്‍ ചോദിച്ചു.
കണ്ണൂരിലെ കൊലപാതകങ്ങളില്‍ ആര്‍.എസ്.എസിനും പങ്കില്ലേയെന്ന ചോദ്യത്തിന് ആര്‍.എസ്.എസ് ഭരണത്തിലില്ലല്ലോയെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ആര്‍.എസ്.എസ് തലവനെ കണ്ടതില്‍ എന്താണ് പ്രശ്‌നം.ആര്‍.എസ്.എസ് നിരോധിത സംഘടനയല്ല, പിന്നെന്താണ് പ്രശ്‌നമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. സര്‍വകലാശാല ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരോപണവിധേയന് സ്വയം വിധി നിര്‍ണയിക്കാനുള്ള അവസരം നല്‍കുന്നതാണ് ലോകായുക്ത ബില്‍. ഗവര്‍ണറുടെ അധികാരം കുറക്കുന്നതാണ് സര്‍വകലാശാല ബില്‍. അത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ നിയമവിധേയമാക്കലല്ല തന്റെ ജോലിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."