കിറ്റക്‌സ് 'ക്വിറ്റ്'; വിവാദം പുകയുന്നു
ഒരു മൃഗത്തെപ്പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കി: സാബു ജേക്കബ് നെടുമ്പാശ്ശേരി: താന്‍ സ്വന്തം ഇഷ്ടപ്രകാരം കേരളം വിട്ട് പോകുകയല്ലെന്നും തന്നെ ഒരു മൃഗത്തെപ്പോലെ വേട്ടയാടി പുറത്താക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കിറ്റക്‌സ് എം.ഡി സാബു ജേക്കബ്. തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് യാത്രയാകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒട്ടനവധി വ്യവസായികള്‍ ആത്മഹത്യ ചെയ്യുകയും നാടുകടത്തപ്പെടുപ്പെടുകയും ചെയ്തിട്ടുണ്ട്. ഇനിയൊരു വ്യവസായിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 53 വര്‍ഷം കേരളത്തില്‍ ഒരു വ്യാവസായിക ചരിത്രം സൃഷ്ടിച്ച വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ ചെറിയ മുതല്‍മുടക്കില്‍ ജീവിതം തന്നെ പണയം വച്ച് ബിസിനസ് ആരംഭിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാബു ജേക്കബ് ചോദിച്ചു. ഇന്ന് കേരളത്തില്‍ നിന്നും 61 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോയിട്ടുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷം കഴിയുമ്പോഴേയ്ക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റം വന്നില്ലെങ്കില്‍ വലിയൊരു വിപത്തിലേക്കാണ് കേരളം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 3,500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടുപോലും ഇവിടെ ആരും തിരിഞ്ഞു നോക്കിയില്ല. പക്ഷേ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിമാരും മന്ത്രിമാരും അടക്കം ബന്ധപ്പെട്ടു.
കേരളം ഇപ്പോഴും 50 വര്‍ഷം പിന്നിലാണെന്നും സാബു ജേക്കബ് പറഞ്ഞു. സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തില്‍ രാവിലെ 10.30 നാണ് ഹൈദരാബാദിലേക്ക് യാത്രതിരിച്ചത്. ആട്ടിപ്പായിച്ചുവെന്ന ആരോപണം ദൗര്‍ഭാഗ്യകരം: മന്ത്രി പി.രാജീവ് തിരുവനന്തപുരം: കേരളത്തില്‍ നിന്നും കിറ്റക്‌സിനെ ആട്ടിപ്പായിച്ചുവെന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും വ്യവസായ മന്ത്രി പി.രാജീവ്. 'അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ട്. ഇങ്ങനെ ഒരു പ്രചാരവേലയ്ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കണമായിരുന്നു. കിറ്റക്‌സ് നടത്തുന്ന പ്രതികരണങ്ങള്‍ സമൂഹം പരിശോധിക്കട്ടെ. സൗമ്യമായി തന്നെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. സര്‍ക്കാരിന് ഇപ്പോഴും തുറന്ന മനസാണ്. എല്ലാ സംരംഭകരുമായും നല്ല രീതിയില്‍ ചര്‍ച്ചചെയ്തു കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഈ പ്രശ്‌നത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ട്. നല്ല രീതിയില്‍ നിക്ഷേപകര്‍ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യര്‍ഥനയാണ് നടത്തിയത്. സംരംഭകരെ നല്ല രീതിയില്‍ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ: വി.ഡി സതീശന്‍ കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്നും കിറ്റക്‌സിനെ ആട്ടി പായിപ്പിക്കുയാണെന്ന എം.ഡി സാബു എം. ജേക്കബിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പരിശോധനകള്‍ സംബന്ധിച്ച് സാബു ഉന്നയിച്ച എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പരാതികള്‍ പരിശോധിക്കപ്പെടണം. എന്നാല്‍ ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കമ്പനികളില്‍ പരിശോധനകള്‍ സ്വഭാവികമാണ്. നിയമാനുസൃതമായ എല്ലാ പരിശോധനകളെയും പ്രതിപക്ഷം സ്വാഗതം ചെയ്യും. എഴുപതുകളിലെയും എണ്‍പതുകളിലെയും അവസ്ഥയല്ല ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാബു കുറ്റപ്പെടുത്തുന്ന കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ കിറ്റക്‌സ് എം.ഡി നേതൃത്വം കൊടുക്കുന്ന ട്വന്റി 20യുടെ ഉല്‍പന്നമാണ്. പിന്നെ എങ്ങനെയാണ് ശ്രീനിജന്‍ കുറ്റക്കാരന്‍ ആകുന്നത്. ഇപ്പോള്‍ സി. പി.എമ്മും ട്വന്റി20യും തമ്മില്‍ തെറ്റിയോ എന്നും സതീശന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."