വിതരണം ചെയ്യാതെ നശിച്ച 594.38 ടണ്‍ കടല ഇനി കാലിത്തീറ്റയ്ക്ക്
തിരുവനന്തപുരം: കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 594.38 ടണ്‍ (5,94,384 കിലോ) കടല വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിച്ചതോടെ കാലിത്തീറ്റയ്ക്ക് ഉപയോഗിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. ഇതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന് സൗജന്യമായി കൈമാറാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇത്രയും കടല നശിപ്പിക്കാനുള്ള നീക്കം നേരത്തേ വാര്‍ത്തയായിരുന്നു.
നിലവില്‍ ഭക്ഷ്യവകുപ്പിന് കീഴിലെ നൂറോളം എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന കടല അടുത്തയാഴ്ച മുതല്‍ കാലിത്തീറ്റ ഉപയോഗത്തിന് കൈമാറും. ഭക്ഷ്യയോഗ്യമായി കണ്ട 4,000 കിലോ കടല സപ്ലൈകോ വഴി വില്‍ക്കാനും ആലോചനയുണ്ട്. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളായ 1.54 കോടി ജനങ്ങള്‍ക്കു സൗജന്യമായി നല്കാന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം അഞ്ചു കിലോ അരിയും ഒരു കിലോ വീതം കടലയും അനുവദിച്ചിരുന്നു. 2020 ജൂണ്‍ മുതല്‍ നവംബര്‍ വരെ ആയിരുന്നു വിതരണം. ഇതില്‍ വിതരണം ചെയ്യാതെ ബാക്കി വന്ന 598.38 ടണ്‍ ആണ് സംസ്ഥാനത്തെ പതിനാലായിരത്തില്പരം റേഷന്‍ കടകളില്‍ മാസങ്ങളായി കെട്ടിക്കിടന്നത്.
ഭക്ഷ്യയോഗ്യമായ 4,000 കിലോ ഇതില്‍നിന്നു മാറ്റി. കടല പലരും വാങ്ങാതിരുന്നതും തദ്ദേശ തെരഞ്ഞടുപ്പ് വന്നതോടെ വിതരണം നിര്‍ത്തിവച്ചതും തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കടല പുഴുവരിച്ച് നശിച്ചത് വാര്‍ത്തയായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം വീണ്ടും നീണ്ടു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് തീരുമാനമായത്. കഴിഞ്ഞ മാസം പകുതിയോടെ ഇവ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ തിരികെ ശേഖരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."