കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞുകവിയുന്നു
Deportation centers in Kuwait are overflowing
കുവൈത്ത് സിറ്റി: വർധിച്ചു വരുന്ന നിയമലംഘകർക്കെതിരെയുള്ള നിയമ നടപടികൾ കര്ശനമാക്കിയതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന നാടുകടത്തൽ കേന്ദ്രങ്ങൾ (ഡീപോർട്ടേഷൻ സെന്റർ) നിറഞ്ഞുകവിയുന്നു.
2023 ജനുവരി മുതൽ ഓഗസ്റ്റ് 19 വരെയുള്ള കണക്കുകൾ പ്രകാരം 25,000-ത്തിലധികം പ്രവാസികളെ നാടുകടത്തി. മയക്കുമരുന്ന് ഉപയോഗം, ഭിക്ഷാടകർ, തൊഴിൽ നിയമ ലംഘകർ എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഇതിലധികവും. ഒരു ദിവസം ശരാശരി 108 പ്രവാസികളെയാണ് നാടുകടത്തിയിട്ടുള്ളത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. 2023 അവസാനത്തോടെ നാടുകടത്തപ്പെടുന്നവരുടെ എണ്ണം 35,000 കവിയുമെന്ന് അധികൃതർ പറഞ്ഞു. അധാർമ്മിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമലംഘകരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്ന് രാജ്യത്ത് ശക്തമായ പരിശോധനയാണ് നടന്നു വരുന്നത്.
നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന ഏകദേശം 100,000 വ്യക്തികളെ ലക്ഷ്യമിട്ട് വിപുലമായ ക്യാമ്പയിൻ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് അഭയം നൽകുന്ന കമ്പനികളോ സ്പോൺസർമാരോ വലിയ പിഴകൾ അടക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."