വര്‍ണ വൈവിധ്യമൊരുക്കി ശ്രീകൃഷ്ണജയന്തി ആഘോഷം
കൊച്ചി: വര്‍ണ വൈവിധ്യമൊരുക്കി ജില്ലയിലെമ്പാടും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഉണ്ണിക്കണ്ണന്മാരും കുചേലന്മാരും രാധ-ഗോപികമാരുമെല്ലും നിറഞ്ഞാടിയതോടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നയനമനോഹര വിരുന്നൊരുക്കി. നിശ്ചലദൃശ്യങ്ങളും ശിങ്കാരിമേളങ്ങളും കോല്‍കളിയുമെല്ലാം ഘോഷയാത്രയില്‍ അണിനിരന്നു.
കൊച്ചി മഹാനഗരം ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തിയാഘോഷം എറണാകുളം നഗരത്തിന് അവിസമരണീയ അനുഭവമായി. മറൈന്‍ഡ്രൈവില്‍ നിന്നാരംഭിച്ച ഘോഷയാത്ര വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അവസാനിച്ചു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് ആഘോഷത്തിന്റെ ഭാഗമായത്. മഞ്ഞപട്ടണിഞ്ഞ് മയില്‍പ്പീലിതിരുകി ഓടക്കുഴലുകളുമായി ഉണ്ണിക്കണ്ണന്മാരും പാല്‍ പുഞ്ചിരിയുമായി ഗോപികമാരും ഘോഷയാത്രയില്‍ അണിനിരന്നു. സൗഹൃദസന്ദേശവുമായി കുഞ്ഞി കുചേലന്മാര്‍ ആഘോഷങ്ങള്‍ക്ക് വൈവിധ്യം നല്‍കി.
ഇടപ്പള്ളി നഗരത്തിലെ ചേരാനെല്ലൂര്‍ , കുന്നുംപുറം, ദേവകുളങ്ങരക്ഷേത്രം, പേരണ്ടൂര്‍ ക്ഷേത്രം, താന്നിയ്ക്കല്‍ ദത്താത്രയക്ഷേത്രം, കലൂര്‍ പാവക്കുളം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുളള രാധാകൃഷ്ണവേഷധാരികളും ബാലഗോകുലാംഗങ്ങളുമാണ് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലേക്കാദ്യമെത്തിയത്. രവിപുരം ക്ഷേത്രത്തില്‍ നിന്നും ടി.ഡി.ജംഗ്ഷനില്‍ നിന്നും അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ മറൈന്‍ഡ്രൈവില്‍ എത്തിയതോടെയാണ് ശോഭായാത്രകളുടെ മഹാസംഗമം നടന്നത്. സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അവല്‍ പ്രസാദ വിതരണം നടന്നു.
സ്വമി സത്യാനന്ദ സരസ്വതി, ബാലോഗോകുലം മേഖലാധ്യക്ഷന്‍ ജി.സതീശ്കുമാര്‍, സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ജസ്റ്റിസ് ഗോപിനാഥ്, ഹാസ ഗോകുലം മാര്‍ണ്മദര്‍ശി എം.എ കൃഷ്ണന്‍, സ്വാഗതസംഘം അധ്യക്ഷന്‍ ടി.എസ് ജഗദീശന്‍, പൊതുകാര്യ ദര്‍ശി എല്‍. ഗോപകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട ശോഭയാത്ര ഉദ്ഘാടനം ചെയ്തു.
കോതമംഗലം: വാരപ്പെട്ടി, തൃക്കാരിയൂര്‍ ,ചെറുവട്ടൂര്‍, കോതമംഗലം, പല്ലാരിമംഗലത്തും മഹാശോഭായാത്രകള്‍ നടന്നു.വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പ്രധാന കേന്ദ്രങ്ങളിലെത്തി മഹാശോഭായാത്രകള്‍ സംഘടിപ്പിച്ചത്.ഉച്ചകഴിഞ്ഞതോടെ കൃഷ്ണ രാധ വേഷങ്ങള്‍ ധരിച്ച കുട്ടികളുമായുള്ള യാത്രകള്‍ ഗ്രാമ വിഥികളിലൂടെ നഗരത്തെ ലക്ഷ്യമാക്കി നിങ്ങി തുടങ്ങി. തങ്കളം ശ്രീ നാരയണ ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് നാലോടെ മഹാശോഭ യാത്ര ആരംഭിച്ചത്.നഗരവീഥിയില്‍ അമ്പാടി കണ്ണന്‍മാരും രാധികമാരും നിറഞ്ഞതോടെ പോലിസ് വാഹന ഗതാഗതം തിരിച്ചുവിട്ടു.
പറവൂര്‍: മൂത്തകുന്നം സി.പി.എം നേതൃത്വം കൊടുക്കുന്ന വാവക്കാട് ശ്രീകൃഷ്ണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വാവക്കാട് ശ്രീദേവി ക്ഷേത്രത്തില്‍ നിന്നും നിരവധി കൃഷ്ണ രാധമാരും രഥം, മുത്തുക്കുട, പൂക്കാടവി, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയോടുകൂടി ആരംഭിച്ച ശോഭയാത്രയ്ക്ക് സി.പി.എം നേതാക്കളായ വി.എസ് സന്തോഷ്, എം.കെ രാജീവ്, ടി.ഡി രാജപ്പന്‍, രമ്യ രാജീവ്, അഭിലാഷ് ടി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."