HOME
DETAILS
MAL
അടങ്ങുക; ഏതു കോപാഗ്നിയും അണയും
backup
July 11 2021 | 03:07 AM
ഴുപതു പിന്നിട്ട ആ വൃദ്ധയോട് അവതാരക ചോദിച്ചു: ''ദാമ്പത്യ ജീവിതത്തിലേക്കു കടന്നുവന്നിട്ട് അന്‍പതിലേറെ വര്‍ഷമായല്ലോ. ഇതുവരെ നേരിയൊരു വിള്ളല്‍ പോലും ആ ബന്ധത്തില്‍ വീണിട്ടില്ലെന്നാണു നിങ്ങള്‍ പറഞ്ഞത്.. എന്താണ് നിങ്ങളുടെ ദാമ്പത്യജീവിതം ഇത്ര വിജയകരമാകാനുള്ള പ്രധാന കാരണം..? സമ്പത്താണോ സന്താനങ്ങളാണോ സൗന്ദര്യമാണോ അതോ മറ്റെന്തെങ്കിലുമാണോ...?''
വൃദ്ധ പറഞ്ഞു: ''ദാമ്പത്യത്തെ വിജയിപ്പിക്കുന്നത് സമ്പത്തല്ല. കാരണം, കണ്ടുമുട്ടിയാല്‍ കീരിയും പാമ്പും പോലെ കഴിയുന്ന അതിസമ്പന്നരായ പല ദമ്പതിമാരുമുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും ആഹ്ലാദത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന പരമദരിദ്രരായ ദമ്പതിമാരുമുണ്ട്. ദാമ്പത്യം വിജയിക്കാന്‍ സന്താനങ്ങളും പ്രധാന കാരണമായി വരുന്നില്ല. സന്താനങ്ങള്‍ മൂലം കണ്ണീര്‍ കുടിക്കുന്ന ദമ്പതിമാരെ കാണാം. സൗന്ദര്യവും ദാമ്പത്യത്തെ വിജയിപ്പിക്കുന്ന പ്രധാന ഘടകമല്ല. പല സൗന്ദര്യറാണികളും വിവാഹമോചിതരായിട്ടുണ്ട്.''
''എന്നുവച്ചാല്‍ ഭൗതികമായ ഘടകങ്ങളല്ല ദൗമ്പത്യജീവിതത്തെ വിജയിപ്പിക്കുന്നത് എന്നര്‍ഥം; അല്ലേ..''
''അതെ, ഭൗതികമായ ഘടകങ്ങള്‍ ദാമ്പത്യത്തെ കൂടുതല്‍ സുഖകരമാക്കാന്‍ സഹായിച്ചേക്കും. പക്ഷേ, വിജയിപ്പിക്കുന്നതില്‍ അടിസ്ഥാന കാരണമായി വര്‍ത്തിക്കില്ല. വിജയിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായും രണ്ടു കാര്യങ്ങളാണ്;
ഒന്ന്: മറക്കുക
രണ്ട്: പൊറുക്കുക..''
''എങ്ങനെയാണ് ഈ രണ്ടു കാര്യങ്ങളും നിങ്ങള്‍ പ്രയോഗവല്‍ക്കരിക്കാറുള്ളത്..?''
''ഭര്‍ത്താവ് എന്നോട് കോപിക്കുകയാണെങ്കില്‍ ഞാനൊരക്ഷരം മറുത്തുപറയില്ല. അദ്ദേഹത്തിനു പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ക്കാനായി കേട്ടുകൊടുക്കും.. എല്ലാ ജോലികളും മാറ്റിവച്ചായിരിക്കും ഞാന്‍ അദ്ദേഹത്തിന്റെ 'ചൂടുള്ള' സംസാരം കേള്‍ക്കാനിരിക്കുക. അവസാനം ഞാന്‍ ചോദിക്കും: 'തീര്‍ന്നോ..?' തീര്‍ന്നെന്നുകണ്ടാല്‍ ഞാന്‍ പാചകപ്പുരയിലേക്കു പോകും. അപ്പോഴും ഒന്നും മറുത്തുപറയില്ല. കാരണം, ഒച്ചയിട്ടു കുഴങ്ങിയ അദ്ദേഹത്തെ വീണ്ടും ക്ഷീണിപ്പിക്കുന്നതു ശരിയല്ലല്ലോ. പാചകപ്പുരയില്‍ചെന്ന് ജ്യൂസോ ചായയോ ഉണ്ടാക്കി അദ്ദേഹത്തിനു നല്‍കും. അതു കാണുമ്പോഴേക്കും അദ്ദേഹത്തിന്റെ ചൂടെല്ലാം തണുത്തിട്ടുണ്ടാകും. അപ്പോള്‍ എന്നോട് ചോദിക്കും: 'നിനക്കു വിഷമമായോ...?' ഞാന്‍ ഇല്ലെന്നു പറയും. അതു കേട്ടാല്‍ അദ്ദേഹത്തിനു പിന്നെ സങ്കടമായി. കോപിച്ചതിന്റെ പേരില്‍ ഖേദമായി. പിന്നെ മാപ്പുചോദിക്കലായി. സ്‌നേഹസംസാരങ്ങളായി...''
''അന്നേരം ഭര്‍ത്താവ് പറയുന്ന വാക്കുകള്‍ നിങ്ങള്‍ വിശ്വസിക്കുമോ...?''
''അദ്ദേഹം ചൂടാകുമ്പോള്‍ പറയുന്ന വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നെങ്കില്‍ തണുക്കുമ്പോള്‍ പറയുന്ന വാക്കുകള്‍ എന്തിനു അവിശ്വസിക്കണം..?''
ചൂടുള്ള ഭക്ഷണം മുന്നിലെത്തിയാലുള്ള അവസ്ഥ ആലോചിക്കുക. അക്ഷമയോടെ കൈയിട്ടാല്‍ കൈ പൊള്ളും.. വായില്‍വച്ചാല്‍ നാവു പൊള്ളും. അകത്തേക്കിറക്കിയാല്‍ അകവും പൊള്ളും.. ക്ഷമയോടെ അല്‍പനേരം കാത്തിരുന്നാല്‍ സുഖമായി അതു കഴിക്കാം. ഇതേ നയമാണ് കോപാന്ധനു നേരെ സ്വീകരിക്കേണ്ടത്. കോപിക്കുന്നത് ഒന്നുകില്‍ ന്യായമായ കാരണത്തിനുവേണ്ടിയായിരിക്കും. എങ്കില്‍ ന്യായീകരിക്കാന്‍ നമുക്ക് അവകാശമില്ല. അല്ലെങ്കില്‍ അന്യായമായ കാരണത്തിനുവേണ്ടിയായിരിക്കും. എങ്കില്‍ ചൂടില്‍ നില്‍ക്കുന്ന ആ നേരത്ത് മറുപടി പറയാതിരിക്കുന്നതാകും നല്ലത്. അന്നേരം മറുപടി പറയുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാണ്. തീ അണയാനല്ല, ആളിക്കത്താനാണ് അതു സഹായിക്കുക.
ഏത് അഗ്നിയും അല്‍പം കഴിഞ്ഞാല്‍ സ്വയം കെട്ടടങ്ങും; കെട്ടടങ്ങാന്‍ അതിനെ അനുവദിക്കണമെന്നു മാത്രം. അതിനു നാം ഒന്നും ചെയ്യേണ്ടതില്ല. അടങ്ങിയിരിക്കുക മാത്രം ചെയ്താല്‍ മതി. നാം അടങ്ങിയാലേ അഗ്നിയും അടങ്ങുകയുള്ളൂ. അതിലേക്ക് നിരന്തരം വിറകുകളിട്ടുകൊടുത്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ നിലനില്‍ക്കും. കോപം ഒരുതരം അഗ്നിയാണ്. അകത്താളുന്ന അദൃശ്യമായൊരു അഗ്നി. അതു കൂടുതല്‍ നീണ്ടുനില്‍ക്കില്ല. അല്‍പം കഴിഞ്ഞാല്‍ സ്വയം അണയും. അതിനിടെ വല്ല വിറകും അതിലേക്കിട്ടാല്‍ അണയാന്‍ പിന്നെയും താമസം വരും. കോപത്തോടെ സംസാരിക്കുന്ന ചിലരോട് എന്തുപറഞ്ഞാലും അവര്‍ കേള്‍ക്കില്ല. പറയുന്നതിനനുസരിച്ച് അവര്‍ ഒച്ചവച്ച് സംസാരിക്കുകയേ ചെയ്യുകയുള്ളൂ. ആ വേളയില്‍ മൗനം പാലിക്കുന്നതാണ് നമുക്കു ചെയ്യാന്‍കഴിയുന്ന ഏറ്റവും ഭേദപ്പെട്ട കാര്യം. നാം ഒന്നും പ്രതികരിക്കുന്നില്ലെന്നു കണ്ടാല്‍ അവര്‍ സംസാരം നിര്‍ത്താന്‍ നിര്‍ബന്ധിതരാകും. വല്ലതും മറുപടിയായി പറഞ്ഞാല്‍ പിന്നെ ആ മറുപടി പിടിച്ചായിരിക്കും അവര്‍ വീണ്ടം കോപിക്കുക. അതിനാല്‍ അവര്‍ക്ക് വീണ്ടും കത്താന്‍ നാമായിട്ട് ഒരു വിറകിട്ടുകൊടുക്കാതിരിക്കുക.
കോപത്തെ കോപം കൊണ്ടു നേരിടുന്നത് അഗ്നിയെ അഗ്നി കൊണ്ടു നേരിടുന്നപോലെയാണ്. മഹാ അഗ്നിയായി പരിസരമാകെ പടര്‍ന്നുപിടിക്കാനും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കാനും മാത്രമേ അതുപകരിക്കുകയുള്ളൂ. അഗ്നിയെ നേരിടേണ്ടത് ജലം കൊണ്ടാണ്. കോപാഗ്നിയെ തണുപ്പിക്കാനാവശ്യമായ നടപടികള്‍ ചെയ്യുക. അതിനു കഴിയില്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കുക. ഒന്നും ചെയ്യാതിരിക്കുന്നതും സ്വയം കെട്ടണയാന്‍ സഹായിക്കുന്ന കാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."