മര്‍ദനമേറ്റ് തെരുവുനായ ചത്തു മേനകാ ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചുപൂട്ടി
ന്യൂഡല്‍ഹി: ക്രൂരമായി മര്‍ദനമേറ്റ തെരുവുനായ ചത്തതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി ആനിമല്‍ കെയര്‍ സെന്റര്‍ അടച്ചു.
കേന്ദ്രത്തില്‍ അടുത്തിടെ സംരക്ഷണത്തിനായി കൊണ്ടുവന്ന നായ ക്രൂരമായി മര്‍ദനമേറ്റ് ചത്തതിന് പിന്നാലെയാണ് നടപടി. അവശയായി കിടക്കുന്ന നായയെ ജീവനക്കാരന്‍ അതിക്രൂരമായി മാര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മേനകാ ഗാന്ധിയും അവരുടെ മൃഗസംരക്ഷണ കേന്ദ്രവും വലിയ പ്രതിഷേധമാണ് നേരിട്ടത്. ഈ മാസം അഞ്ചിനാണ് സാമൂഹിക പ്രവര്‍ത്തക കാവേരി ഭരദ്വാജ് ട്വിറ്ററിലൂടെ വിഡിയോ പുറത്തുവിട്ടത്.
ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി നായയെ തല്ലുന്നതും അവശയായ നായ താഴെവീഴുന്നതും കാണാം. രണ്ടുപേര്‍ നായയുടെ വായില്‍ അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
വായിലും കൈയിലും ക്രൂരമായ മര്‍ദനമേറ്റതിന്റെ പാടുകളും ദൃശ്യത്തില്‍ വ്യക്തമായിരുന്നു. കേന്ദ്രത്തിലെ ജീവനക്കാരിയായ ഒരു സ്ത്രീ പുറത്തുവിട്ട മറ്റൊരു വിഡിയോയില്‍ നായ അനുഭവിച്ച പീഡനത്തെക്കുറിച്ച് വിവരിക്കുന്നുമുണ്ട്.
എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് തല്‍ക്കാലത്തേക്കാണ് കേന്ദ്രം അടച്ചിട്ടതെന്നാണ് മേനകയുടെ വിശദീകരണം. കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷമായി കേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും അടുത്തിടെ എത്തിയ രണ്ടു പാരാ വെറ്ററിനറി ജീവനക്കാരാണ് മൃഗങ്ങളെ പരിപാലിക്കുന്നതെന്നും മേനക പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. അക്രമകാരിയായ തെരുവുനായ ജീവനക്കാരനെ കടിച്ചതോടെ ദേഷ്യം വന്ന ഡോക്ടര്‍ നായയെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഗുരുതരമായി മുറിവേറ്റ നായ ചത്തെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേന്ദ്ര മൃഗക്ഷേമ മന്ത്രിയായിരിക്കെ ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട കേരളത്തെ മേനകാ ഗാന്ധി അതിരൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. തന്നെ ഭീകരിയാക്കി കേരളാസര്‍ക്കാര്‍ വിഷയംമാറ്റുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."