കാട്ടാക്കട സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോര്‍ട്ട് നല്കാന് കെ.എസ്.ആര്.ടി.സിക്ക് നിര്‍ദ്ദേശം
കൊച്ചി: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു.
മര്‍ദനമേറ്റ അച്ഛനെയും മകളെയും നേരിട്ടുകണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി കെ.എസ്.ആര്.ടി.സി.ക്ക് നിര്‍ദേശം നല്കി. കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കെ.എസ്.ആര്.ടി.സിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കണ്സഷന് തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന് ആമച്ചല്‍ ഗ്രീരേഷ്മയില്‍ പ്രേമനനാണ് (53) മര്‍ദനമേറ്റത്. മകള്‍ മലയിന്‍കീഴ് മാധവകവി ഗവ.കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ രേഷ്മയുടെ കണ്സഷന് ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമനന്.
പുതിയ കണ്സഷന് കാര്‍ഡ് നല്കാന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന് മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന് പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."