എം.ബി.ബി.എസിനായി കടല്‍ കടക്കേണ്ടതില്ല; മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച ഏഷ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്
എം.ബി.ബി.എസിനായി കടല്‍ കടക്കേണ്ടതില്ല; മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച ഏഷ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്‌സുകളിലൊന്നാണ് മെഡിക്കല്‍. എം.ബി.ബി.എസ്, നഴ്‌സിങ് കോഴ്‌സുകള്‍ക്കായി വര്‍ഷം തോറും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്നത്. സമീപകാലത്തായി മെഡിക്കല്‍ പഠനം വിദേശ കോളജുകളില്‍ ചെയ്ത് തീര്‍ക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും ക്രമാതീതമായി ഉയരുന്നതായാണ് കാണുന്നത്. കുറഞ്ഞ ചെലവും, ലോകോത്തര നിലവാരമുള്ള കോഴ്‌സുകളും, ഉയര്‍ന്ന ജോലി സാധ്യതയുമാണ് പലരെയും വിദേശത്തേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്നത്. അതുപോലെ തന്നെ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തികരിക്കാവുന്ന കോഴ്‌സുകളും ഇതിന് കാരണമാണ്.
യു.കെ, യു.എസ്.എ, ജര്‍മ്മനി അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് സാധാരണയായി വിദ്യാര്‍ഥികള്‍ ചേക്കേറിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് വിദേശ വിദ്യാഭ്യാസത്തിന് അനന്ത സാധ്യതള്‍ തുറന്നുകൊണ്ട് ഏഷ്യന്‍ രാഷ്ട്രങ്ങളും രംഗത്തുണ്ട്. മെഡിക്കല്‍ പഠനത്തിന് ഏറ്റവും അനുയോജ്യമായ നാല് ഏഷ്യന്‍ യൂണിവേഴ്‌സിറ്റികളെ കുറിച്ചുള്ള പഠനമാണ് ചുവടെ. സ്റ്റഡി ഇന്റര്‍നാഷണലാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ചാങ് ഗുങ് യൂണിവേഴ്‌സിറ്റി Chang Gung University
തയ് വാനിലെ താവോയുവാന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ചാങ് ഗുങ് യൂണിവേഴ്‌സിറ്റി (CGU) ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കല്‍ പഠനം മുന്നോട്ട് വെക്കുന്ന യൂണിവേഴ്‌സിറ്റിയാണ്. തായ് വാനിലെ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഇവിടം മെഡിക്കലിന് പുറമെ എഞ്ചിനീയറിങ്, മാനേജ്‌മെന്റെ് വിഷയങ്ങള്‍ക്കും പേരുകേട്ടതാണ്. ലോകോത്തര അംഗീകാരമുള്ള എം.ബി.ബി.എസ്, നഴ്‌സിങ്, എം.ഡി കോഴ്‌സുകള്‍ കൂടാതെ ഗവേഷണ സൗകര്യവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസ രീതിയും വിശാലമായ ക്യാമ്പസും ജോലി സാധ്യതകളും സി.ജി.യു നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഫാക്കല്‍റ്റിയാണ്. റിസര്‍ച്ച് മേഖലയില്‍ ജോലി ചെയ്യുന്ന ഫാക്കല്‍റ്റികളില്‍ നല്ലൊരു ശതമാനവും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സയന്റിസ്റ്റുകളാണ്. യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ, ഹോങ്കോംഗ്, സിംഗപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഏകദേശം 100 അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി ഗവേഷണവും അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമുകളും സി.ജി.യുവിന് കീഴില്‍ നടത്തി വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക.
ഹൊക്കെയ്‌ഡോ യൂണിവേഴ്‌സിറ്റി
ജപ്പാന്റെ വടക്കേ കരയില്‍ സ്ഥിതി ചെയ്യുന്ന ഹൊക്കെയ്‌ഡോ യൂണിവേഴ്‌സിറ്റിയാണ് ലിസ്റ്റില്‍ രണ്ടാമത്. യുനെസ്‌കോയുടെ 19 ലോക പൈതൃക കേന്ദ്രങ്ങളുടെ നാട്ടിലാണ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. മെഡിക്കല്‍ പഠനത്തിന് അനന്ത സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന സ്ഥാപനം ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 196-ാം സ്ഥാനത്തും ജപ്പാനില്‍ എട്ടാം സ്ഥാനത്തുമാണ്.
ജപ്പാനിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ സ്‌കൂളാണ് ഹൊക്കെയ്‌ഡോ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ സ്ഥിതി ചെയ്യുന്നത്. 1919ലാണ് ഹൊക്കെയ്‌ഡോ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ സ്ഥാപിച്ചത്. മെഡിക്കല്‍ പഠനത്തിന് പുറമെ സയന്‍സ് വിഷയങ്ങള്‍ക്കും ആര്‍ട്‌സ് വിഷയങ്ങള്‍ക്കും പേരുകേട്ട സ്ഥാപനമാണിത്.
സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി
കൊറിയന്‍ തലസ്ഥാനമായ സിയോളിലാണ് സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 41-ാം സ്ഥാനത്തുള്ള സിയോള്‍ യൂണിവേഴ്‌സിറ്റി തെക്കന്‍ കൊറിയയിലെ ആദ്യ യൂണിവേഴ്‌സിറ്റി കൂടിയാണ്.
നാഷണല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജ് ഓഫ് മെഡിസിനില്‍ പ്രതിവര്‍ഷം 2000 ത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തയാക്കുന്നുണ്ട്. 31 വിദേശ രാജ്യങ്ങളിലായി 95 ലധികം മെഡിക്കല്‍ സ്‌കൂളുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൊറിയനിലും ഇംഗ്ലീഷിലും വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താനുള്ള സൗകര്യവും നിലവിലുണ്ട്.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സിങ്കപ്പൂരിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റിയാണിത്. ദേശീയ സര്‍വകലാശാലക്ക് കീഴില്‍ 1905 ലാണ് മെഡിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സ്‌കൂളുകളുടെ പട്ടികയിലും വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിലും തുടര്‍ച്ചയായി സ്ഥാനം നേടുന്ന സ്ഥാപനമാണിത്. അനസ്‌തേഷ്യ, ബയോ കെമിസ്ട്രി, മെഡിസിന്‍, പീഡിയാട്രിക്‌സ്, ഫിസിയോളജി വിഷയങ്ങളിലും നിങ്ങള്‍ക്ക് പഠനം നടത്താം.
മെഡിക്കലിന് പുറമെ ബിസിനസ്, ആര്‍ട്‌സ്, സയന്‍സ് പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."