''എന്റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായി''- വൈറലായി മരിച്ചയാളുടെ പത്രപരസ്യം
ഗുവാഹത്തി: ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടും തമാശകളും നൂതന പ്രചാരണരീതികളും കൊണ്ടും കല്യാണ ക്ഷണക്കത്തുക്കളും മറ്റും നെറ്റിസണ്‍സിന്റെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഒരാള്‍ സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന് അറിയിച്ച് പത്രത്തില്‍ നല്‍കിയ പരസ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഐ.പി.എസ് ഓഫിസറായ റുപിന്‍ ശര്‍മ ട്വിറ്ററില്‍ പത്രപരസ്യത്തിന്റെ ഫോട്ടോ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകളും നിറഞ്ഞു. സര്‍ട്ടിഫിക്കറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പറും പരസ്യത്തിലുണ്ട്.
ആസാമിലെ ലുംഡിങ് ബസാറില്‍ വച്ച് 2022 സപ്തംബര്‍ ഏഴിന് രാവിലെ 10 മണിയോടെ എന്റെ മരണ സര്‍ട്ടിഫിക്കറ്റ് എനിക്ക് നഷ്ടമായി എന്നാണ് പരസ്യം. രജ്ഞിത് കുമാര്‍ ചക്രബര്‍ത്തിയാണ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ 'പരേതന്‍'. ആസാമിലെ ഹോജായ് ജില്ലയിലെ ലുംഡിങ് പോസ്റ്റ് ഓഫിസ് പരിധിയിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. പിതാവിന്റെ പേര് സുധാങ്‌സു ബിമല്‍ ചക്രബര്‍ത്തിയാണെന്നും പരസ്യത്തില്‍ കാണാം.
ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത് എന്ന കുറിപ്പോടെയാണ് റുപിന്‍ ശര്‍മ ചിത്രം പങ്കുവച്ചത്. സര്‍ഗത്തില്‍ നിന്നാണോ മരിച്ചയാള്‍ സഹായംതേടുന്നതെന്ന് ചിലര്‍ സംശയം ഉന്നയിച്ചു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടിയാല്‍ സ്വര്‍ഗത്തിലേക്കാണോ അതോ നരഗത്തിലേക്കാണോ അയക്കേണ്ടതെന്ന തമാശചോദ്യമാണ് ഒരാള്‍ ഉന്നയിച്ചത്. ഇത് അദ്ഭുതമല്ല ആഡ്-ഭുതമാണെന്ന് മറ്റൊരു രസികന്‍. എത്രയും വേഗം പരേതന് മരണസര്‍ട്ടിഫിക്കറ്റ് വീണ്ടെടുത്ത് നല്‍കിയില്ലെങ്കില്‍ പ്രേതം നിങ്ങളെ വിടില്ലെന്നും ആദ്യമായിട്ടാണ് ഒരാള്‍ക്ക് സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് നഷ്ടമാവുന്നതെന്നും കമന്റുകള്‍ നിറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."