സര്‍ക്കാരിനെതിരേ വീണ്ടും കിറ്റെക്‌സ് എം.ഡി വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് സാബു എം. ജേക്കബ്
കൊച്ചി: പൊട്ടക്കിണറ്റില്‍വീണ തവളയുടെ അവസ്ഥയാണ് കേരളത്തില്‍ വ്യവസായ വകുപ്പിന്റേതെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം.ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. തെലങ്കാനയില്‍ കണ്ടത് രാഷ്ട്രീയ നേതാക്കളെയല്ല, ഒരു കോര്‍പറേറ്റ് കമ്പനിയുടെ സി.ഇ.ഓയെ കണ്ട പ്രതീതിയായിരുന്നു വ്യവസായമന്ത്രി കെ.ടി രാമറാവുവുമായി ചര്‍ച്ച നടത്തിയപ്പോള്‍. വ്യവസായത്തിനായി എല്ലാ വകുപ്പുകളെയും ചേര്‍ത്ത് സിംഗിള്‍ (ഐ പാസ്) പാസ് 10 വര്‍ഷത്തേക്ക് അനുവദിക്കും. കേരളത്തിന്റെ പ്രധാന വാഗ്ദാനമായ ഏകജാലക പദ്ധതി കാലഹരണപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങള്‍ നിക്ഷേപ സബ്‌സിഡിയടക്കം അമ്പരപ്പിക്കുന്ന നിരവധി സ്‌കീമുകളാണ് മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ കേരളം 50 വര്‍ഷത്തോളം പുറകിലാണ്.
തുടര്‍ച്ചായ വേട്ടയാടലില്‍ മനം മടുത്താണ് താന്‍ പോകുന്നത്. നിക്ഷേപകരെ ആട്ടിപ്പായിക്കുന്ന ഉദ്യോഗസ്ഥരാണ് ഇവിടെ. ഇത് നിലവിലുള്ള വ്യവസായികള്‍ പോലും മറ്റ് സംസ്ഥാനത്തേക്ക് ചേക്കേറുന്ന സാഹചര്യമുണ്ടാക്കും. കൂടുതല്‍ നിക്ഷേപം മറ്റ് പദ്ധതികളില്‍ തെലങ്കാനയില്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. മറ്റെവിടെ വ്യവസായം തുടങ്ങിയാലും യോഗ്യരായ മലയാളികള്‍ക്ക് തൊഴിലവസരം നല്‍കലും മുഖ്യ പരിഗണനയിലുണ്ടാവും. തമിഴ്‌നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ചകളും വരും ദിവസങ്ങളില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."