ഓണക്കാലത്തെ മയക്കുമരുന്ന് ഒഴുക്ക് തടയാന്‍ സംയുക്ത കര്‍മ്മ പദ്ധതി
തൊടുപുഴ: ഓണാഘോഷത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തിയിലൂടെ സ്പിരിറ്റ്, വ്യാജമദ്യം, നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കടത്തിക്കൊണ്ടു വരുന്നത് തടയാന്‍ ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു. ഇടുക്കി - തേനി ജില്ലകളിലെ എക്‌സൈസ് - പൊലിസ് മേധാവികള്‍ കുമളിയില്‍ യോഗം ചേര്‍ന്നാണ് നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തി മേഖലകളില്‍ ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്പിരിറ്റ് ഒളിച്ച് കടത്തുന്നത് തടയുവാന്‍ തമിഴ്‌നാട് ഭാഗത്ത് നിന്ന് പച്ചക്കറി, പഴം, പൂവ്, തേങ്ങ എന്നിവ കടത്തിക്കൊണ്ട് വരുന്ന വാഹനങ്ങള്‍ ഇതു കയറ്റുന്ന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തമിഴ്‌നാട് പൊലിസ് പരിശോധന നടത്തും. കേരളത്തിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേരളാ എക്‌സൈസ് കര്‍ശന പരിശോധന നടത്തും. കൂടാതെ കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള സ്ഥലങ്ങളില്‍ വ്യാജവാറ്റ് നടത്തുന്നതായും സ്പിരിറ്റ്, കൃത്രിമ വിദേശമദ്യം എന്നിവ സംഭരിച്ചുവയ്ക്കുന്നത് തടയുവാന്‍ ഈ പ്രദേശങ്ങളില്‍ കേരളാ എക്‌സൈസ്, തമിഴ്‌നാട് പൊലിസ് പ്രൊഹിബിഷന്‍ വിഭാഗം, വനം വകുപ്പ് എന്നിവരുടെ സംഘം സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു. കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ഇരുസംസ്ഥാനങ്ങളും പരസ്പരം കൈമാറും.
കുമളി ഫോറസ്റ്റ് ബാംബു ഗ്രോവ് കണ്‍വന്‍ഷന്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. എ. നെല്‍സണ്‍, തേനി അഡീഷണല്‍ പൊലിസ് സൂപ്രണ്ട് പത്മാവതി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പങ്കെടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള കഞ്ചാവ് കടത്ത് തടയുന്നതിന് തമിഴ്‌നാട് നാര്‍ക്കോട്ടിക് വിംങ്ങിന്റെ നേതൃത്വത്തില്‍ കമ്പം, ഗൂഢല്ലൂര്‍ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്ന് തേനി അഡീഷണല്‍ എസ്. പി പത്മാവതി പറഞ്ഞു.
യോഗത്തില്‍ ജില്ലാ മേധാവികള്‍ കൂടാതെ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.സലിം, ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഘുനാഥന്‍ നായര്‍, വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍രാജ് എന്നിവരും തമിഴ്‌നാട് ഭാഗത്ത് നിന്നും ഗൂഢല്ലൂര്‍ സി.ഐ. സെന്തില്‍കുമാര്‍, കുമളി എസ്. ഐ.ബാലസുന്ദര്‍, തേനി (സി. ഐ. ഡി) എസ്.ഐ സുബ്ബരാമന്‍ എന്നിവര്‍ പങ്കെടുത്തു. അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലെ എക്‌സൈസ്, പൊലിസ് ,പ്രൊഹിബിഷന്‍ വിഭാഗങ്ങളിലെ മേധാവികളുടെ യോഗം കൂടി കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."