N ലാണ് ഇനി കാര്യം
വീൽ
വിനീഷ്
പോളോ എന്ന് പറയാൻ പലർക്കും മടിയാണ്. പകരം ജി.ടി എന്നേ മൊഴിയൂ. കാരണം ഫോക്സ് വാഗൻ്റെ പോളോ ജി.ടിയും അതിൻ്റെ ഡ്യൂവൽ ക്ലച്ച് ഒാട്ടോമാറ്റിക് ട്രാൻസ്മിഷനായ ഡി.എസ്.ജി ഗിയർബോക്സുമെല്ലാം സ്റ്റിയറിങ്ങിന് പിറകിൽ ഇരിക്കുന്നവരെ കുറച്ചൊന്നുമല്ല കോരിത്തരിപ്പി ച്ചിരുന്നത്. ഏതാണ്ട് സമാനമായ രീതി പിന്തുടരാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായിയും. കോംപാക്റ്റ് എസ്.യു.വി ആയ വെന്യു ആണ് ഹ്യുണ്ടായിയുടെ പെർഫോമൻസ് ഡിവിഷനായ N ലൈൻ ശ്രേണിക്കു കീഴിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. i20 N ലൈനിന് ശേഷമാണ് വെന്യുവിനും സ്പോർട്ടി അല്ലെങ്കിൽ പെർഫോമൻസ് വേരിയൻ്റ് എത്തുന്നത്. യൂത്തിന് ഇഷ്ടപ്പെടുന്ന ഒരു ഫൺ ടു ഡ്രൈവ് കാർ ആയാണ് വെന്യുവിനെ ഹ്യുണ്ടായി പരിവർത്തനം ചെയ്തിരിക്കുന്നത്. അതിന് കാരണവുമുണ്ട്. വെന്യു ഉടമകളിൽ നല്ലൊരു ശതമാനവും ആദ്യമായി കാർവാങ്ങുന്നവരാണെന്നതു തന്നെ.
അടുത്തിടെ മുഖം മിനുക്കി എത്തിയ മോഡലിൽ നിന്ന് അൽപം ചില മാറ്റങ്ങളും വെന്യു N ലൈനിൽ ഹ്യുണ്ടായി വരുത്തിയിട്ടുണ്ട്. ‘പാരാമെട്രിക് ജ്യുവൽ’ ഗ്രില്ലും പുതിയ ബമ്പറുകളും വീലുകളും കണക്റ്റഡ് ടെയിൽലൈറ്റുകളും നൽകി അടുത്തിടെയാണ് ഹ്യുണ്ടായി വെന്യുവിന് ഒരു മെയ്ക്ക്ഓവർ കമ്പനി സമ്മാനിച്ചത്. ഇതേ ശൈലി തന്നെയാണ് പുതിയ N-ലൈനും പിന്തുടരുന്നത്. മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ നൽകി വെന്യു N-ലൈൻ മോഡലിനെ ചെറുതായൊന്ന് വ്യത്യസ്തമാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. പിന്നിലും സൈഡിലുമായി N-ലൈൻ ബാഡ്ജും ഇടം പിടിച്ചിട്ടുണ്ട്. അലോയ് വീലുകളും പുതിയ മോഡലിലാണ്. പിറകിലെ ഡ്യൂവൽ എക്സോസ്റ്റിൽ നിന്ന് വരുന്നത് സ്പോട്സ് കാറുകളുടേതിന് സമാനമായ ശബ്ദത്തിൻ്റെ ഒരു ചെറു പതിപ്പാണ്. എസ്.യു.വിയുടെ അകത്തളങ്ങളിൽ കുറച്ച് കോസ്മെറ്റിക് മാറ്റങ്ങൾ കമ്പനികൊണ്ടുവന്നിട്ടുണ്ട്. വെന്യു N-ലൈനിന്റെ ഓൾ-ബ്ലാക്ക് ക്യാബിനിനുള്ളിൽ പുറമേയുള്ളത് പോലെ ചുവന്ന ഹൈലൈറ്റുകൾ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഫീച്ചർ ഓരോ യാത്രയും റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഡ്യുവൽ കാമറകളുള്ള ഡാഷ്കാം ആണ്. ഒരു കാമറ കാറിനു പുറത്തേക്കും മറ്റൊന്ന് ഇന്റീരിയറിലെ ദൃശ്യങ്ങളും റെക്കോർഡ് ചെയ്യാനാകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. വണ്ടിക്കകത്ത് കാട്ടിക്കൂട്ടുന്ന വിക്രിയകൾ എല്ലാംഇനി ഒരാൾ കാണുന്നുണ്ടെന്നത് മറക്കേണ്ട.
വർണാഭമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിങ് പാഡ് തുടങ്ങിയ സവിശേഷകളും ഉണ്ട്.
ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിങ് മോഡുകളും ഹ്യുണ്ടായി വെന്യു N-ലൈനിന്റെ സ്വഭാവം മാറ്റുന്നുണ്ട്. സ്റ്റിയറിങ്ങിലെ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് ഗിയർ മാന്വലായി മാറാനുള്ള ഫീലും അടിപൊളിയാണ്. സ്പോർട്സ് മോഡൽ ആയതുകൊണ്ടുതന്നെ സസ്പെൻഷൻ കുറച്ച് സ്റ്റിഫ് ആക്കിയിട്ടുണ്ട്. ഉയർന്നവേഗതയിൽ വളവ് തിരിയുമ്പോൾ ഉണ്ടാകുന്ന ബോഡിറോൾ ഇത് കുറയ്ക്കുമെങ്കിലും റോഡിലെ കുണ്ടും കുഴിയും സ്മൂത്ത് ആയികൈകാര്യം ചെയ്യുന്ന ഒരു സോഫ്റ്റ് സസ്പെൻഷൻ അല്ല എന്ന ന്യൂനതയുണ്ട്.നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ ആണുള്ളത്.
7-സ്പീഡ് ഡി.സി.ടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ വെന്യൂ ഇറങ്ങുനുള്ളൂ. എസ്.യു.വിയിലെ 998 സിസി, 3-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 6,000 rpm-ൽ പരമാവധി 118.3 bhp പവറും നൽകുന്നുണ്ട്. 12.16 മുതൽ 13.30 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. പുറം രാജ്യങ്ങളിലേതുപോലെ എൻജിനിൽ അടക്കം മാറ്റങ്ങളോടെയല്ല N-ലൈനിനെ ഇവിടെ ഹ്യൂണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട് ഹ്യുണ്ടായിയുടെ പല N-ലൈൻ മോഡലുകളും ഫോക്സ് വാഗൻ്റെ പലപെർഫോമൻസ് കാറുകളുമായി ഇന്ന് ആഗോള മാർക്കറ്റിൽ കട്ടയ്ക്ക് നിൽക്കുന്നുണ്ട്. ടോൾ ബോയ് എന്ന് വിശേഷിപ്പിച്ച ഒരു ഹാച്ച് ബാക്കുമായി ഷാറൂഖ് ഖാനോടൊപ്പം ഇന്ത്യയിലെത്തിയ ഹ്യുണ്ടായി അല്ല ഇന്നുള്ളതെന്ന് മനസിലാക്കുക. അന്തർദേശീയതലത്തിൽ ഒരു സ്പോർട്ട്സ് ബ്രാൻഡ് ആയി അറിയപ്പെടാൻ മാത്രം അവർ ഇതിനകംവളർന്നു കഴിഞ്ഞു. ഇവിടെ ഇറക്കുന്ന N-ലൈൻ മോഡലുകൾ വെറും ഒരു സാംപിൾ ആയി മാത്രം കണ്ടാൽ മതി. ബാക്കി വരാനിരിക്കുന്നതേയുള്ളൂ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."