തെരഞ്ഞെടുപ്പില്‍ തോല്‍വിയോടെ തുടക്കം, കുഞ്ഞാലി വധത്തിലെ ആരോപണം, അരനൂറ്റാണ്ടിലധികം പിന്നിട്ട രാഷ്ട്രീയ ജീവിതം; ആര്യാടന്‍ മുഹമ്മദ് എന്ന നിലമ്പൂരിന്റെ കുഞ്ഞാക്ക ഇനി ഓര്‍മ്മകളില്‍
മലപ്പുറം; വിജയവും പരാജയവും പലതവണ രുചിച്ചറിഞ്ഞും വിവാദങ്ങളില്‍ തളരാതെ ചരിത്ര നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തും ഉറച്ച നിലപാടുകള്‍ ഉയര്‍ത്തിയും ആറ് പതിറ്റാണ്ടിലധികം നീണ്ടു നിന്ന തന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് നിലമ്പൂരുകാരുടെ കുഞ്ഞാക്ക എന്ന ആര്യാടന്‍ മുഹമ്മദ് ഓര്‍മ്മകളില്‍ മറയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്നിടം ആര്യടന്‍ എന്ന വ്യക്തിയുടെ കടന്ന് വരവോടെയാണ് കോണ്‍ഗ്രസിന്റെ സ്വാധീന മേഖലയായി മാറിയത്.
1965 ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്കുള്ള കന്നി തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍വിയേറ്റുവാങ്ങി കൊണ്ടായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ പ്രവേശനം. 65ലും 67 ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ സി.പി.എം നേതാവായിരുന്ന കുഞ്ഞാലിയോട് പരാജയപ്പെട്ടു. പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും പരാജയമായിരുന്നു ഫലം.
1977ല്‍ നിലമ്പൂരില്‍ നിന്നു തന്നെ വിജയിച്ച് ആദ്യമായി നിയമസഭയിലേക്കെത്തി. പിന്നീട് എ ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് എത്തിയപ്പോള്‍ 1980 ലെ നായനാര്‍ മന്ത്രി സഭയില്‍ എം.എല്‍.എ ആകാതെ തന്നെ ആര്യാടന്‍ വനം-തൊഴില്‍ വകുപ്പ് മന്ത്രിയായി. സി.എസ് ഹരിദാസ് എം.എല്‍.എ സ്ഥാനം രാജിവെച്ചപ്പോള്‍ നിലമ്പൂരില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിരാമചന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും ആര്യാടന്‍ നിയമസഭയിലേക്കെത്തി.
1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.കെ ഹംസയോട് മത്സരിച്ച് ഒരിക്കല്‍ക്കൂടി പരാജയത്തിന്റെ കയ്പ് രുചിച്ചെങ്കിലും പിന്നീട് 1987 മുതല്‍ 2011 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയത്തിന്റെ മധുരം മാത്രമായിരുന്നു ആര്യാടന്‍ മുഹമ്മദിനെ കാത്തിരുന്നത്. 1995 ലെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ ടൂറിസം മന്ത്രിയും 2005,2011 ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ വൈദ്യുതി മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. തൊഴില്‍ മന്ത്രിയായിരിക്കെ നടത്തിയ തൊഴില്‍ രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും ചരിത്രം സൃഷ്ടിച്ചപ്പോള്‍ വൈദ്യുതി മന്ത്രിയായിരിക്കെ ആര്‍.ജി.ജി.വൈ പദ്ധതിയിലൂടെ മലയോര മേഖലകളില്‍ വെളിച്ചമെത്തിച്ചത് കെ.എസ്.ഇ.ബിയുടെ ചരിത്രത്തിലെ നാഴികകല്ല് തന്നെയായിരുന്നു.
മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ വരവോടെയാണ് കോണ്‍ഗ്രസിന് സ്വാധീനം ലഭിക്കുന്നത്. 1965,67 തെരഞ്ഞെടുപ്പുകളില്‍ ആര്യാടനെ പരാജയപ്പെടുത്തിയ സി.പി.എം നേതാവായിരുന്നു കുഞ്ഞാലി. അതേ രാഷ്ട്രീയ എതിരാളിയുടെ കൊലപാതകമാണ് ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയത്.
1969 ല്‍ കുഞ്ഞാലി വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു.സ്വാഭാവികമായും സംശയദൃഷ്ടികള്‍ ആര്യാടനിലേക്കും നീണ്ടിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ആര്യാടനാണ് തന്നെ വെടിവെച്ചത് എന്നുള്ള കുഞ്ഞാലിയുടെ മരണമൊഴി കേസില്‍ ആര്യാടന്‍ മുഹമ്മദിനെ മുഖ്യപ്രതിയാക്കി. പിന്നീട് നടന്ന അന്വേഷണങ്ങള്‍ക്കും വാദങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസിലെ തന്നെ ഗോപാലന്‍ എന്നയാള്‍ കേസില്‍ പ്രതിയായി. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്നും ആര്യാടന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും തരത്തിലുള്ള പല ആരോപണങ്ങളും പിന്നീട് ഉയര്‍ന്നിരുന്നു. കേസില്‍ നിന്നും കുറ്റവിമുക്തനായി എങ്കിലും ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോവും വെല്ലുവിളിയുയര്‍ത്തിയ സംഭവം തന്നെയായിരുന്നു കുഞ്ഞാലി വധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."