ഭീകരാക്രമണ പദ്ധതി ; ആർ.എസ്.എസ് പ്രവർത്തകന്റെ ഹരജിയിലെ ആരോപണങ്ങളെല്ലാം തള്ളി സി.ബി.ഐ
മുംബൈ • രാജ്യത്തുടനീളം ആർ.എസ്.എസ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തുവെന്നും ബോംബ് പരിശീലനം നടത്തുന്നുവെന്നും വെളിപ്പെടുത്തി സംഘ്പരിവാർ പ്രവർത്തകൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തെ സി.ബി.ഐ എതിർത്തു. ഹരജി തള്ളണമെന്ന് മഹാരാഷ്ട്രയിലെ നന്ദേഡ് കോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടു.
കേസിൽ കഴിഞ്ഞദിവസം വാദം തുടങ്ങിയപ്പോഴാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ടത്. ഹിന്ദുത്വ സംഘടനകൾ പ്രതിസ്ഥാനത്തുള്ള നന്ദേഡ് സ്‌ഫോടനക്കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് ഷിൻഡെ എന്ന ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ ഹരജിയാണ് കോടതിയിലുള്ളത്. കേസിൽ കക്ഷിയാക്കണമെന്ന ഷിൻഡെയുടെ ആവശ്യം പരിഗണിക്കരുതെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.ഹരജി നിലനിൽക്കുന്നതല്ലെന്നും വാദങ്ങൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും കേന്ദ്ര ഏജൻസി പറഞ്ഞു. നന്ദേഡ് സ്‌ഫോടനം നടന്ന് 16 വർഷങ്ങൾക്കുശേഷമാണ് ഹരജിക്കാരൻ വെളിപ്പെടുത്തൽ നടത്തുന്നത്. ഹരജിക്കാരന് പറയാനുള്ളത് എന്തുകൊണ്ടാണ് നേരത്തെ അന്വേഷണ ഏജൻസി മുമ്പാകെ പറയാതിരുന്നതെന്നും സി.ബി.ഐ ചോദിച്ചു.
2004ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിൽ നൂറുകണക്കിന് സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ആർ.എസ്.എസ് പദ്ധതിയെന്നും ബി.ജെ.പിക്ക് അധികാരത്തിലേറാനാണ് സ്‌ഫോടനങ്ങൾ ആസൂത്രണംചെയ്തതെന്നുമായിരുന്നു കഴിഞ്ഞമാസം 31ന് നൽകിയ ഹരജിയിൽ ഷിൻഡെ ചൂണ്ടിക്കാട്ടിയത്. കേസിൽ വാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."