നാടും നഗരവും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
പത്തനംതിട്ട: നഗരവീഥികളെ ഗോകുലമാക്കി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശോഭായാത്രകള്‍ നഗരവീഥികളെ വര്‍ണാഭമാക്കി.
പത്തനംതിട്ട നഗരത്തില്‍ നടന്ന ശോഭായാത്രയില്‍ കൊടുന്തറ, അഴൂര്‍, മറൂര്‍, കല്ലറക്കടവ്, കുലശേഖരപതി, താഴേവെട്ടിപ്പുറം, ഇളമല, മണ്ണാറമല, വലഞ്ചുഴി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകളാണ് സംഗമിച്ചത്. ജിയോ ഗ്രൗണ്ടില്‍ നിന്നും മഹാശോഭായാത്രയായി ടൗണ്‍ ചുറ്റി ശാസ്താം കോവിലില്‍ എത്തി സമാപിച്ചു. റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, അടൂര്‍, കോന്നി, ആറന്മുള, വടശേരിക്കര, ഓമല്ലൂര്‍, കുന്നന്താനം, പന്തളം, കുളനട തുടങ്ങിയ കേന്ദ്രങ്ങളില്‍ എല്ലാം മഹാശോഭായാത്രകള്‍ നടന്നു.
ഈരാറ്റുപേട്ട: അകതാരില്‍ ആനന്ദത്തിരയിളക്കി അമ്പാടികണ്ണന്‍ അഴകാര്‍ന്ന പുഞ്ചിരി പൊഴിച്ച് മുഴുവന്‍ സമൂഹത്തെയും തൂകിയുണര്‍ത്തിയ ശ്രീകൃഷ്ണന്റെ പൊന്‍തിരുന്നാള്‍ പൂഞ്ഞാര്‍ താലൂക്കിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഈരാറ്റുപേട്ട ഗൗരിശങ്കരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കടുവാമൂഴി വിശ്വകര്‍മ്മസഭ ഭജനമന്ദിരത്തില്‍ നിന്നും അങ്കാളമ്മന്‍ കോവിലിലേയ്ക്ക് ശോഭായാത്ര നടത്തി.
പൂഞ്ഞാര്‍ ശിവജി ബാലഗോകുലം മണിയംകുന്ന് ശിവപാര്‍വ്വതി ബാലഗോകുലം എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്രീപുരം ക്ഷേത്രം, തണ്ണിപ്പാറ, കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മണിയംകുന്ന് എന്നിവടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ടൗണില്‍ സംഗമിച്ച് മങ്കൊമ്പുംകാവ് ദേവീക്ഷേത്രത്തിലെത്തി കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭായാത്രകള്‍ അക്ഷരനഗരിയെ അമ്പാടിയാക്കി. കാലിക്കോലും പീലിക്കാര്‍കൂന്തലും പീലിതിരുമുടിയും ചാര്‍ത്തിയ ഉണ്ണിക്കണന്മാരും ഗോപികമാരും അണിനിരന്ന ശോഭായാത്രകളില്‍ ആയിരങ്ങള്‍ അണിനിരന്നു. പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രകള്‍ക്ക് മിഴിവേകി.
റവന്യൂ ജില്ലയില്‍ 830 ശോഭായാത്രകളും 312 ശോഭാസംഗമങ്ങളും നടന്നു. തൈവയ്ക്കാം തണലാകാം താപമകറ്റാം എന്ന സന്ദേശമാണ് ആഘോഷങ്ങളിലൂടെ ബാലഗോകുലം മുന്നോട്ടുവച്ചത്. ജില്ലാതല ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അഡ്വ.അജീഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍, സംസ്ഥാന സമിതിയംഗം പ്രൊഫ. സി.എന്‍.പുരുഷോത്തമന്‍, മേഖലാ അദ്ധ്യക്ഷന്‍ പി.എന്‍.സുരേന്ദ്രന്‍, ഉപാദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്‍, കാര്യദര്‍ശി ബബിജു കൊല്ലപ്പള്ളി സഹകാര്യദര്‍ശി പി.സി. ഗിരീഷ്‌കുമാര്‍, കെ.ജി.രഞ്ജിത്ത്, ഖജാന്‍ജി ബി.അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ ശോഭായാത്ര സംഗമം വനിതാകമ്മീഷനംഗം ഡോ.ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി. ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന നഗരസഭയുടെ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."