തൊഴിലാളികളെ കൊണ്ടുവരാൻ പോയ ടൂറിസ്റ്റ് ബസ് ജീവനക്കാരെ ജാർഖണ്ഡിൽ തടഞ്ഞുവച്ചു മോചിപ്പിച്ചത് പൊലിസ് ഇടപെട്ട്
തൊടുപുഴ • ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാൻ ജാർഖണ്ഡിലേക്ക് പോയ ടൂറിസ്റ്റു ബസും ജീവനക്കാരെയും ഗ്രാമവാസികൾ തടഞ്ഞുവച്ചു. കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് ജാർഖണ്ഡ് പൊലിസ് ഇവരെ മോചിപ്പിക്കുകയായിരുന്നു. ഡ്രൈവർമാരായ അയ്യപ്പൻകോവിൽ ചപ്പാത്ത് പാലക്കൽ ഷാജി പി.ബി, കൊച്ചറ ചെമ്പകതിനാൽ അനീഷ് കെ.പി എന്നിവരെയാണ് ദുംഗ ജില്ലയിലെ ചോട്ടുനാഥ് വില്ലേജിൽ നാട്ടുകാർ തടഞ്ഞുവച്ചത്. തൊഴിലാളികളുടെ കൂലി നൽകിയില്ലെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു നടപടി.
കട്ടപ്പന സ്വദേശി സാബു ജോസഫിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ്, തൊഴിലാളികളുമായി കഴിഞ്ഞ 11 നാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് തൊഴിലാളികളുമായി വരികയാണ് പതിവ്. ഇതിനായി ബസ് രണ്ട് ദിവസം അവിടെ തങ്ങി.
ഇതിനിടെ ശനിയാഴ്ചയാണ് ഗ്രാമവാസികൾ ഇവരെ തടഞ്ഞുവച്ചത്. ഇരുവരെയും ബസിൽ നിന്നിറക്കി മരത്തിൽ കെട്ടിയിട്ടു. ചിലർ മർദിക്കുകയും ചെയ്തു. ആറ് മാസം മുമ്പ് തമിഴ്‌നാട്ടിൽ ജോലിക്ക് പോയപ്പോൾ തങ്ങളുടെ നാട്ടുകാരായ ആറ് പേർക്ക് കിട്ടാനുള്ള 10,500 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്.
പിന്നീട് പൊലിസിൽ വിവരം അറിയിച്ചതോടെ ഇത് മൂന്ന് ലക്ഷമായി. എന്നാൽ പൊലിസ് ഇടപെടലുണ്ടായില്ല. ശനിയാഴ്ച രാത്രിയോടെ കേരളാ പൊലിസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉന്നതർ ഇടപെട്ടാണ് ഇന്നലെ രാവിലെ ഇരുവരെയും മോചിപ്പിച്ചത്. ഇരുവരും ഇന്ന് നാട്ടിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."