മുണ്ടക്കയത്ത് രാത്രികാല ഓട്ടോറിക്ഷാ സര്‍വീസിന് അമിതചാര്‍ജ് വാങ്ങുന്നതായി പരാതി
മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ രാത്രി സഞ്ചാരത്തിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അമിതകൂലി വാങ്ങുന്നതായി പരാതി.രാത്രിയില്‍ അധിക നിരക്ക് വാങ്ങാമെന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പിടിച്ചുപറി നടത്തുന്നത്. അധിക ചാര്‍ജ്ജ് കൊടുക്കാത്തവരോട് അസഭ്യവര്‍ഷവും വേണ്ടിവന്നാല്‍ കൈയേറ്റത്തിനും ഇവര്‍ തയാറാകുന്നു.
ഇത്തരത്തിലുള്ള പിടിച്ചു പറിക്കെതിരെ നിരവധി പരാതികളാണ് മുണ്ടക്കയം പൊലിസ് സ്‌റ്റേഷനില്‍ അടുത്ത കാലത്ത് ലഭിച്ചിരിക്കുന്നത്.രാത്രി പത്തു മണിമുതല്‍ രാവിലെ ആറ് മണിവരെ മിനിമം ചാര്‍ജ് കഴിഞ്ഞുള്ള തുകയുടെ പകുതി കൂടുതല്‍ വാങ്ങിക്കാമെന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇരട്ടിയലധികം തുക വാങ്ങുന്നത്.എന്നാല്‍ ജീവിത സന്ധാരണത്തിനു വേണ്ടി ഓട്ടോ ഓടിക്കുന്ന തങ്ങള്‍ കുഴപ്പക്കാരല്ലെന്നാണ് ഒരു വിഭാഗം ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.
പുതുതലമുറയില്‍പ്പെട്ട ചിലരാണ് തങ്ങള്‍ക്ക് കൂടി പേര് ദോഷമുണ്ടാക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. മുമ്പ് കഞ്ചാവ് കടത്തിയ കേസിലും ചില മോഷണക്കേസിലും രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന തൊഴിലാളികള്‍ പ്രതികളായിട്ടുണ്ട്. രാത്രിയില്‍ ഓട്ടോ ഓടിക്കുന്നവര്‍ സ്‌റ്റേഷനില്‍ ഒപ്പു വെയ്ക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒപ്പുവെച്ചതിന്റെ മറവില്‍ രാത്രിയില്‍ ഓട്ടോറിക്ഷാ യാത്ര സുരക്ഷിതമാക്കി ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഇത്തരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ അന്യായമായ കൂലി വാങ്ങിക്കല്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാത്രിയാത്രയുടെ നിരക്കുകള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."