4.2 പ്രകാശവര്‍ഷമകലെ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹത്തില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന് കാലങ്ങളോളം പഴക്കമുണ്ട്. അതിനുള്ള അന്വേഷണത്തിനും അത്രത്തോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ ആ അന്വേഷണത്തിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നു. പ്രോക്‌സിമ ബി എന്ന പേരിലറിയപ്പെടുന്ന ഈ ഗ്രഹത്തില്‍ പാറകളും മലകളുമാണ് ഉള്ളതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അന്തരീക്ഷത്തിന്റെയും ജലത്തിന്റെയും സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
സൂര്യന് ചുറ്റും വലം വെക്കുന്ന ഭൂമിക്ക് സമാനമായ സാന്ദ്രതയുള്ള ഗ്രഹത്തെയാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്. 1995 ന് ശേഷം കണ്ടെത്തിയ 3500 ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹം കൂടിയാണിത്.
സൂര്യനില്‍ നിന്ന് 4.2 പ്രകാശ വര്‍ഷം ദൂരമാണ് പുതിയ ഗ്രഹമായ പ്രോക്‌സിമ ബി ഉള്ളത്. ഭൂമിയോട് സമാനതയുണ്ടെങ്കിലും ഭൂമിയേക്കാള്‍ വലുപ്പം കൂടുതലുള്ള ഗ്രഹമാണ് പ്രോക്‌സിമ ബി. ഭൂമിയെക്കാള്‍ 1.3 മടങ്ങ് വലുപ്പമാണ് പുതിയ ഗ്രഹത്തിനുള്ളത്. മാതൃനക്ഷത്രമായ പ്രോക്‌സിമ സെന്റൗറിയുമായി വളരെ അടുത്താണ് പ്രോക്‌സിമ ബി സ്ഥിതി ചെയ്യുന്നത്. പ്രോക്‌സിമ ബിയില്‍ ഒരു വര്‍ഷത്തിന് 11.2 ദിവസം മാത്രമേ ദൈര്‍ഘ്യമുള്ളു. അതായത് വളരെ പെട്ടന്ന് തന്നെ പ്രോക്‌സിമ ബി അതിന്റെ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്തു കഴിയുന്നു.
പ്രോക്‌സിമ ബിയിലേക്ക് നമുക്ക് എത്താന്‍ സാധിക്കുമോ എന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്ക. 4.2 പ്രകാശ വര്‍ഷം അകലെ നില്‍ക്കുന്ന ഗ്രഹത്തിലേക്ക് ഉപഗ്രഹത്തെ അയക്കുമ്പോള്‍ മണിക്കൂറില്‍ 24,500 മൈല്‍ വേഗതയില്‍ സഞ്ചരിച്ചാലും 130000 വര്‍ഷമെടുക്കും പ്രോക്‌സിമ ബിയിലെത്താന്‍.
എന്നിരുന്നാലും പ്രോക്‌സിമ ബിയുടെ കണ്ടെത്തല്‍ നിര്‍ണായകമാണെന്നാണ് ശാസ്തജ്ഞര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."