സിൽവർലൈൻ കേസുകൾ പിൻവലിക്കണം
സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനെതിരേ സമരം ചെയ്തവരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് ദൗർഭാഗ്യകരമാണ്. രാഷ്ട്രീയാക്രമണങ്ങളിൽ പ്രതികളായവരുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ കേസുകൾ പിൻവലിക്കൽ സാധാരണമായിത്തീർന്ന ഒരു സംസ്ഥാനത്ത് കിടപ്പറയിലും അടുക്കളയിലും വരെ സർവേ നടത്തി കല്ലുകൾ കുഴിച്ചിട്ടതിനെ വീട്ടുകാർ ചെറുക്കുക എന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്. അത്തരത്തിലുള്ള പ്രതിഷേധങ്ങൾക്കെതിരേ കേസെടുത്തത് പിൻവലിക്കില്ല എന്ന സർക്കാർ നിലപാട് ന്യായീകരിക്കാനാവില്ല.
ഇന്നത്തെ ഭരണപക്ഷം പ്രതിപക്ഷമായിരുന്നപ്പോൾ സ്പീക്കറുടെ ഡയസിൽ കയറി കണ്ണിൽ കണ്ടതെല്ലാം പറിച്ചെറിയുകയും സ്പീക്കറുടെ ഇരിപ്പിടം വലിച്ചെറിയുകയും ചെയ്തതു പോലുള്ള അക്രമപ്രവർത്തനങ്ങളായിരുന്നില്ല, കിടപ്പാടം നഷ്ടപ്പെടുമെന്ന വേവലാതിയിൽ വീട്ടുകാരും നാട്ടുകാരും സർവേക്കല്ലുകൾ എടുത്ത് മാറ്റിയത്. സ്പീക്കറുടെ ഡയസിൽ കയറി നടത്തിയ ആക്രമണ കേസ് പിൻവലിക്കാൻ ഈ സർക്കാർ കോടതിയെ സമീപിച്ചുവെങ്കിലും കോടതി സർക്കാരിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ ഈ കേസിൽ കോടതി കഴിഞ്ഞ ദിവസം വിചാരണ ചെയ്യുകയുണ്ടായി. അതുപോലുള്ള അക്രമമല്ലായിരുന്നു സർവേക്കല്ലുകൾ വീടകങ്ങളിലും മുറ്റത്തും സ്ഥാപിക്കുന്നതിനെതിരേ വീട്ടുകാർ നടത്തിയത്.
വിശദപദ്ധതി(ഡി.പി.ആർ)ക്ക് കേന്ദ്രാനുമതി ഇതുവരെ കിട്ടിയിട്ടില്ല. ഈ അനുമതി കിട്ടാതെ എന്തിനു വേണ്ടിയായിരുന്നു സാമൂഹികാഘാത പഠനമെന്ന പേരിൽ, കല്ലിട്ടുകൊണ്ട് നാട്ടുകാരുടെ മുഴുവൻ എതിർപ്പും ഏറ്റുവാങ്ങിയത്. കേന്ദ്രാനുമതി എപ്പോൾ കിട്ടുമെന്ന് ഇപ്പോഴും സർക്കാരിന് തിട്ടമില്ല. ഇത്തരമൊരു പരിതസ്ഥിതിയിൽ കേസുകൾ പിൻവലിച്ച് നാട്ടുകാർക്ക് ആശ്വാസം നൽകുന്നതല്ലേ ഉചിതമെന്ന ഹൈക്കോടതിയുടെ ചോദ്യം പോലും സർക്കാരിനെ അലട്ടുന്നില്ലെന്ന് മാത്രമല്ല, സർവേ നിർത്തിവച്ചിട്ടില്ലെന്നാണ് സർക്കാർ നിലപാട്. എതിർത്തവർ കേസുകളാൽ പാഠം പഠിക്കട്ടെ എന്നാണോ സർക്കാർ ഉദ്ദേശിക്കുന്നത്.
സിൽവർ ലൈനിന്റെ വിശദ പദ്ധതിരേഖ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അതിനെ പദ്ധതിയെന്നുപോലും പറയാനാവില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടും സംസ്ഥാന സർക്കാരിന് ഇനിയും സർവേ നടത്താനാണ് താൽപര്യമെന്ന് വരുമ്പോൾ എന്തിനിത്ര വാശിയെന്ന് നിഷ്പക്ഷമതികൾ പോലും ചോദിച്ചു പോകും. നാടിന്റെ വികസനത്തിനാണ് സിൽവർലൈൻ പദ്ധതിയെന്ന് സർക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു എന്നല്ലാതെ പൊതുസമൂഹത്തെ അത് ബോധ്യപെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കു വേണ്ടാത്ത ഒരു വികസനം. കേന്ദ്ര സർക്കാർ മുഖംതിരിച്ച പദ്ധതി. എന്നിട്ടും സർവേ നടത്താനാണ് സർക്കാരിന് താൽപര്യമെന്ന് വരുന്നത് ജനതയെ ശത്രുപക്ഷത്ത് കാണുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാർ പദ്ധതിയെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ, സാമൂഹികാഘാത പഠനം എന്തിനായിരുന്നുവെന്ന ഹൈക്കോടതിയുടെ പ്രസക്തമായ ചോദ്യത്തിന് സർക്കാരിന് ഉത്തരമില്ലായിരുന്നു. ഇനിയും സർവേ നടത്താനാണ് താൽപര്യമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ആഘാതപഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി തീർന്നതിനാൽ സർക്കാരിന് സർവേ നടത്താനാകില്ല. സർവേക്കെതിരേ നൽകപ്പെട്ട ഹരജികൾ തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി കഴിഞ്ഞദിവസം അത് വ്യക്തമാക്കുകയും ചെയ്തു. വിശദ പദ്ധതിരേഖയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സാമൂഹികാഘാത പഠനവും സർവേയുമായി ഇനിയും മുന്നോട്ടുപോവുകയാണെങ്കിൽ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെയായിരിക്കും അതു സംശയനിഴലിൽ നിർത്തുക.
വിശദ പദ്ധതി അംഗീകരിച്ചാൽ തന്നെ പദ്ധതി നിർദേശം സംബന്ധിച്ച് വിവിധ ഉന്നത അധികാരികൾ സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്. തുടർന്ന് സാമ്പത്തികകാര്യ സമിതി അന്തിമമായി അംഗീകരിക്കേണ്ടതുമുണ്ട്. എങ്കിൽ മാത്രമേ പദ്ധതിയുമായി കെ റെയിലിന് മുന്നോട്ടുപോകാനാകൂ. ഇവിടെ അങ്ങനെയൊന്നും സംഭവിക്കാത്ത സ്ഥിതിക്ക് ഇതുവരെയുള്ള സാമൂഹികാഘാത പഠനം പോലും വ്യർഥമാവുകയേയുള്ളൂ. അതുകൊണ്ടാണ് സാമൂഹികാഘാത പഠനംകൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് ഹൈക്കോടതിക്ക് സർക്കാരിനോട് ചോദിക്കേണ്ടി വന്നത്. സാമൂഹികാഘാത പഠനത്തിനാകട്ടെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുമില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾക്കൊന്നും യുക്തിസഹമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞതുമില്ല. നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കാതെയാണ് സർക്കാർ സർവേ നടത്തി ഭൂമി പിടിച്ചെടുക്കാൻ ആരംഭിച്ചത്.
ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയും വ്യഥയും സർക്കാർ മനസിലാക്കണമായിരുന്നു. അവർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചോ പുനരധിവാസത്തെക്കുറിച്ചോ സർക്കാരിന് ഒന്നും പറയാനുണ്ടായിരുന്നില്ല. വ്യക്തമായ പദ്ധതിരേഖ പോലും സർക്കാർ തയാറാക്കിയിട്ടില്ല. പഠനം നടത്തിയിട്ടില്ല. ഇത്തരമൊരു സന്ദർഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആധിയിൽ പ്രതിഷേധിക്കുന്നത് മഹാപാപമൊന്നുമല്ല.
പ്രതിഷേധത്തിന്റെ പേരിൽ അവർ എവിടെയും അക്രമങ്ങൾ നടത്തിയിട്ടില്ല. എന്നാൽ പ്രതിഷേധിച്ചവരെ പൊലിസ് നിഷ്ഠുരമായി മർദിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രതിഷേധിച്ചവർക്കെതിരേ നിതാന്ത ശത്രുക്കളോടെന്ന പോലെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കില്ലെന്ന നിലപാടിനെ ക്രൂരത എന്നേ പറയാനാകൂ. കല്ലിടൽ എന്നോ നിന്നുപോയതാണ്. എന്നാൽ പ്രതിഷേധിച്ചവർക്കെതിരേ സമൻസുകൾ ഇപ്പോഴും വരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. പല പൊലിസ് സ്‌റ്റേഷനുകളിലും തയാറാക്കിക്കൊണ്ടിരിക്കുന്ന കുറ്റപത്രങ്ങൾ സർക്കാർ ഇടപെട്ട് റദ്ദാക്കണം.
പദ്ധതിക്ക് അംഗീകാരം കിട്ടുമെന്നത് സർക്കാരിന്റെ പ്രതീക്ഷ മാത്രമായിരുന്നു. പ്രതീക്ഷയിൽ സാമൂഹികാഘാത പഠനവുമായും സർവേക്കല്ലുകൾ സ്ഥാപിക്കലുമായും മുന്നോട്ടുപോയത് സർക്കാരിന് പറ്റിയ വീഴ്ചയാണ്. അത് മനസിലാക്കി, സാധ്യതയില്ലാത്ത ഒരു പദ്ധതിയുടെ പേരിൽ നാട്ടുകാർക്കെതിരേ അന്യായമായി എടുത്ത 250 കേസുകൾ പിൻവലിച്ച് സർക്കാർ സമരക്കാരോട് നീതി കാണിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."