ജനശ്രദ്ധ മാറ്റാനുള്ള ഭരണകൂട അജൻഡകൾ
കെ.പി നൗഷാദ് അലി
2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ പഴയതുപോലെ അതു രാജ്യത്തിനകത്തുമാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ ചർച്ചയല്ല. ലോകരാഷ്ട്രങ്ങളും ജനാധിപത്യവാദികളും ആകാംക്ഷയോടെയാണ് അതു നിരീക്ഷിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം നിലംപതിച്ചിട്ടില്ല എന്നതു ശരിയാണ്. എന്നാൽ അതിന്റെ സഞ്ചാരം നൂൽപ്പാലത്തിലൂടെയാണ്. ഇതിൽ ആശങ്കപ്പെടുന്ന ആയിരക്കണക്കിന് അക്കാദമീഷ്യൻമാരും ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും രാജ്യത്തിനു പുറത്തുണ്ട്. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാനാണ് ഇന്ത്യയിൽ മുഴുവൻ പ്രതിപക്ഷവും ആദ്യമായി ഒന്നിച്ചത്. ജനസംഘവും സോഷ്യലിസ്റ്റ് പാർട്ടികളും സംഘടനാ കോൺഗ്രസും അന്നു ലയിച്ചുചേർന്ന് ജനതപാർട്ടിയായി മാറി.
നാലര പതിറ്റാണ്ടു പിന്നിട്ടതോടെ രൂപഭാവങ്ങൾ മാറിയാണെങ്കിലും രാജ്യം വലിയ പ്രതിപക്ഷ മുന്നേറ്റത്തിനു സാക്ഷ്യംവഹിക്കുകയാണ്. തിരിച്ചടികളോടുള്ള ഭയവും ആത്മവിശ്വാസക്കുറവും ബി.ജെ.പിയെ ബാധിച്ചിട്ടുണ്ട്. പരിഭ്രാന്തികൾ പലപ്പോഴും പിഴക്കുന്ന ചുവടുകൾക്കാണ് രാഷ്ട്രീയത്തിൽ ഇടം നൽകിയിട്ടുള്ളത്.
ബി.ജെ.പിയുടെ രൂപപരിണാമങ്ങളെ കൗതുകത്തോടെ മാത്രമാണ് നോക്കിക്കാണാൻ സാധിക്കുക. ഇന്ത്യയിൽ ഭരണഘടന രൂപപ്പെടുമ്പോൾ അതിൽ ഒട്ടും പങ്കാളിത്തമില്ലാത്ത രാഷ്ട്രീയ സംഘടന സംഘ്പരിവാറായിരുന്നു.
ഭരണഘടന അസംബ്ലിയിൽ ഒരംഗംപോലും ഹിന്ദു മഹാസഭയ്ക്കുണ്ടായിരുന്നില്ല. മനുസ്മൃതിക്കുവേണ്ടി അവരന്നു വാദിക്കുകയും ചെയ്തിരുന്നു. സമ്പൂർണമായി കോൺഗ്രസ് നിർവഹിച്ച രാഷ്ട്രനിർമിതിയിൽ പങ്കില്ലാതെ അപകർഷത പൂണ്ട രാഷ്ട്രീയ പരിസരത്തു നിന്നുമുള്ള മുക്തി കുടിയായിട്ടാണ് 1977ലെ ജനതാപാർട്ടി ലയനത്തെ ജനസംഘം നോക്കിക്കണ്ടത്. പിന്നീട് 1980 ഏപ്രിൽ ആറിനാണ് ജനതാപാർട്ടിയിൽ നിന്ന് പിന്മാറി ബി.ജെ.പി രൂപീകരിക്കുന്നത്. 43 വർഷങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രസിഡൻ്റ് ജഗത് പ്രകാശ് നഡ്ഡ നടത്തിയ പ്രസ്താവന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കാനറിയാത്തവരാണ് കോൺഗ്രസ് എന്ന വിമർശനമാണ്.
മായയും മിഥ്യയും യാഥാർഥ്യമാക്കി വരച്ചുകാട്ടാനും പൊതുബോധത്തെ തളച്ചിടാനും കഴിയുന്ന കൺകെട്ടു വിദ്യ ആർജിച്ച ബി.ജെ.പിയുടെ ഭീഷണി രാജ്യത്തെ മറ്റു കക്ഷികൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ബി.ജെ.പി നേരിടുന്നത് രണ്ടു വലിയ ഭീഷണികളാണ്. പ്രതിപക്ഷ പാർട്ടി സഖ്യമായ 'ഇൻഡ്യ'യും ഭരണകൂടത്തിൻ്റെ അക്ഷന്തവ്യമായ വീഴ്ചകളുമാണവ. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമോ അതിലേറെയോ പരസ്പരം ശത്രുത പുലർത്തിയിരുന്ന പല പാർട്ടികളും ഒരുമിച്ചുവെന്നത് ഇൻഡ്യാ സഖ്യത്തിന്റെ പ്രാഥമിക നേട്ടമായി എണ്ണാം.
കോൺഗ്രസ്-എ.എ.പി, മമത -സി.പി.എം, നിതീഷ് - ലാലു, ഉദ്ധവ് -പവാർ - കോൺഗ്രസ് ത്രയം എന്നിവ അതിനുദാഹരണമാണ്. ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നുമാത്രം ലോക്സഭയിലെ 22% ലധികം സീറ്റുകളുണ്ട്.
തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം എന്നിവ ഏറ്റവും രൂക്ഷമായ ആദ്യ ലോകരാജ്യങ്ങളിൽ ഇന്ത്യയുണ്ട്. കഴിഞ്ഞ ഒമ്പതു സാമ്പത്തിക വർഷങ്ങളിലായി കോർപറേറ്റ് ലോണും കുടിശ്ശികയും ഉൾപ്പെടെ ഇന്ത്യ എഴുതിത്തള്ളിയ തുക ഏകദേശം 22 ലക്ഷം കോടിയാണ്. കഴിഞ്ഞ ഒമ്പതു വർഷം ഇന്ത്യയിലെ പട്ടിണി മാറ്റാൻ മുഴുവൻ പേർക്കും സൗജന്യ ഭക്ഷ്യ ധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിൽ അതിന്റെ ചെലവ് 13 ലക്ഷം കോടിയിൽ താഴെ നിൽക്കുമായിരുന്നു.
ഭരണ പരാജയങ്ങളെയും ഇൻഡ്യ മുന്നണിയെയും നേരിട്ടെതിർത്താൽ വിജയിക്കുമെന്ന് ഉറപ്പില്ലെന്നു ബി.ജെ.പിക്കു കൃത്യമായി അറിയാം. അവിടെയാണ് രാഷ്ട്രീയ അജൻഡകളും ചർച്ചകളും സ്വയം നിർണയിച്ച് അവർ മുന്നോട്ടുപോകുന്നത്. കൃത്യമായ ഇടവേളകളിൽ എറിഞ്ഞുകൊടുക്കുന്ന വിഷയങ്ങളിൽ കൊത്താനും കടിച്ചുകീറാനും വരുന്നവർ പലപ്പോഴും ബി.ജെ.പിയുടെ പ്രതീക്ഷകൾക്കപ്പുറത്താണ്. ഏക സിവിൽകോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഇന്ത്യയെ ഭാരതമാക്കി പേരു മാറ്റൽ എന്നിവയെല്ലാം വന്നുവീഴുന്നത് തീർത്തും സമയക്രമം പാലിച്ചാണ്. സംയോജിത തെരഞ്ഞെടുപ്പ് എന്ന ആശയം 2024 പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പ്രായോഗികമല്ല.
നിരവധി ഭരണഘടനാ ഭേദഗതികളും പകുതിയിലേറെ സംസ്ഥാന അസംബ്ലികളുടെ പിന്തുണയും വേണമെന്നിരിക്കുകിലും അതു വലിയ തോതിൽ ചർച്ചകളുടെ കേന്ദ്രബിന്ദുവായി. ആശങ്കപ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കേണ്ടതുണ്ട്. എന്നാൽ നിശ്ചയിച്ച അജൻഡ കത്തിപ്പടർന്നതിന്റെ ചാരിതാർഥ്യം ബി.ജെ.പിക്കില്ലേ എന്നതുകൂടി വിലയിരുത്തേണ്ടതുണ്ട്.
ആർട്ടിക്കിൾ 368 ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ നിലവിൽ രാജ്യത്തു സജീവമാണ്. സെപ്റ്റംബർ 18നു വിളിച്ചിട്ടുള്ള പഞ്ചദിന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേളയും സീറോ അവറുമില്ലാത്തത് സംശയങ്ങൾ പരത്തുന്നുണ്ട്. ഇന്ത്യയെ ഏതുപേരിൽ സമീപിക്കണമെന്നതിന്റെ തർക്കങ്ങൾ പുതിയതല്ല. ഭാരത്, ഹിന്ദുസ്ഥാൻ, ഹിന്ദ്, ഭാരതഭൂമി, ഭാരതവർഷം എന്നിവയൊക്കെ ഉയർന്നുകേട്ടവയാണ്. ഈ സംവാദങ്ങളിൽ സംഘ്പരിവാറിനു നേരിയ പങ്കുപോലുമില്ല. ഈ പേരുകളിൽ പലതും പലരും പലപ്പോഴും ഉപയോഗിക്കാറുമുണ്ട്. രാഷ്ട്രപതി ഭവന്റെ ജി 20 നേതാക്കൾക്കുള്ള അത്താഴ ക്ഷണക്കത്തും അസം മുഖ്യന്റെയു, ആർ.എസ്.എസ് തലവന്റെയും വെട്ടിപൊട്ടിക്കലുകളുമാണ് രാഷ്ട്ര പുനർനാമകരണ വാർത്തകൾക്ക് ആക്കം കൂട്ടിയത്.
2016ൽ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറും 2020ൽ ചീഫ് ജസ്റ്റിസ് ബോംബ്ഡെയും സുപ്രിംകോടതിയിൽവച്ച് സമാന നീക്കങ്ങളെ തള്ളിക്കളഞ്ഞതാണ്. പക്ഷേ ചേരിതിരിവുകളും വാഗ്വാദങ്ങളും കഴിഞ്ഞ മണിക്കൂറുകളിൽ നടന്നുകഴിഞ്ഞിരിക്കുന്നു. കൊളോണിയൽ വിരുദ്ധതയുടെയും ആർഷ പാരമ്പര്യത്തിന്റെയും വക്താക്കൾ ബി.ജെ.പി ചമഞ്ഞുകഴിഞ്ഞു. മറ്റു പല വിഷയങ്ങളുമെന്നപോലെ തങ്ങളുടെ ഉദ്ദേശ്യം നടന്നുകഴിഞ്ഞാൽ ഇതിനെയും ബി.ജെ.പി ആകാശ കുസുമമാക്കി മാറ്റാനാണ് സാധ്യത.
പട്ടിണി, ഭക്ഷ്യസുരക്ഷ, ആരോഗ്യസേവന ലഭ്യത, തൊഴിൽസുരക്ഷ, സ്ത്രീസുരക്ഷ തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ഇതുപോലെ പിന്നോട്ടടിച്ച മറ്റൊരു കാലമില്ല. അസീം പ്രേംജി യൂനിവേഴ്സിറ്റി പഠന റിപ്പോർട്ട് പ്രകാരം 23 കോടി ഇന്ത്യൻ പൗരൻമാർ കൊവിഡനന്തരം പട്ടിണിയിലേക്ക് കൂപ്പുകുത്തി. ഇന്ധന വില കൂട്ടിയും തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചും നീങ്ങിയ കേന്ദ്രസർക്കാർ ഇവരെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്തതായി അറിവില്ല. നോട്ടുനിരോധനത്തിന്റെ മുഴുവൻ പാപഭാരവും ചുമക്കേണ്ടിവന്നത് ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യാപാരികളാണ്. ശമനമില്ലാത്ത ദുരവസ്ഥകൾ തീർത്ത വലിയ അസംതൃപ്തി ഇന്ത്യയെങ്ങും കാണാം. ഈ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ പ്രാഗത്ഭ്യമുള്ള പലരും ഇന്ത്യ മുന്നണിയിലുണ്ട്.
ചന്ദ്രയാനെ പാർട്ടി നേട്ടമാക്കാനുള്ള നീക്കം വേണ്ടത്ര ഏശില്ല എന്ന ചിന്ത മുൻനിർത്തിയാവണം പാചക വാതകത്തിനു നാമമാത്ര തുക കുറക്കാൻ സർക്കാർ തീരുമാനിച്ചത്. മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വില കുറയുമെന്ന് അടക്കം പറച്ചിലുകളുണ്ടായിരുന്നു. എന്നാൽ വീണുകിട്ടിയ വിഷയങ്ങൾ രക്ഷനൽകും എന്നു കരുതുന്നതുകൊണ്ടാവാം ബി.ജെ.പി കൂടുതൽ ഇളവിനു തയാറായിട്ടില്ല.
ശനിയും ഞായറും നടക്കുന്ന ജി 20 ഉച്ചകോടി, രാമക്ഷേത്ര ഉദ്ഘാടനം, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ പ്രതീക്ഷിത വിഷയങ്ങൾ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി വരുന്നുണ്ട്.
പ്രഖ്യാപിത നയപരിപാടികൾ പലതും ഏതു നിമിഷവും സാഹചര്യത്തിനനുസരിച്ച് തട്ടിൽ കയറ്റാനുള്ള സാധ്യതയും മുന്നിലുണ്ട്. സനാതന ധർമ്മ വിവാദംപോലെ വീണുകിട്ടുന്ന കോളുകൾ വേറെയുമുണ്ട്. ചൈനീസ് കൈയേറ്റം, മണിപ്പൂർ തുടങ്ങിയ ഏതു വിഷയങ്ങളെയും എളുപ്പത്തിൽ ഇത്തരത്തിൽ തിരശ്ശീലക്കു പിന്നിലേക്കു മാറ്റാമെന്ന ആത്മവിശ്വാസം ബി.ജെ.പിക്കു കൂട്ടിനുണ്ട്.
രാഷ്ട്രീയവീഴ്ചകളെയും കടുത്ത ജനകീയ പ്രതിഷേധങ്ങളെയും വിഷയം മാറ്റി ചുളുവിൽ മറികടക്കുന്ന ബി.ജെ.പി തന്ത്രത്തെ പൊളിച്ചുകാട്ടാനുള്ള രാഷ്ട്രീയവിദ്യാഭ്യാസം പ്രതിപക്ഷ പാർട്ടി പ്രവർത്തകർ അടിയന്തരമായും ബഹുജനങ്ങൾ ക്രമേണെയും ആർജിക്കേണ്ടതുണ്ട്. എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികളാക്കി മുന്നോട്ടുപോകാമെന്ന ധാരണ എല്ലായ്പ്പോഴും ചെലവാവുകയില്ല.
സാധ്യമായ മുഴുവൻ മാർഗങ്ങൾക്കും അവലംബിക്കാവുന്ന എല്ലാ വിട്ടുവീഴ്ചകൾക്കും ഏവരും തയാറാവുന്നപക്ഷം ജനാധിപത്യ ലോകത്തിന് അത്യന്താപേക്ഷിതമായ മാറ്റം ഇന്ത്യയിൽ സംഭവിക്കുകതന്നെ ചെയ്യും.
Content Highlights: today's article written by k.p noushad ali
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."