അന്തർജില്ലാ സ്ഥലംമാറ്റ മാനദണ്ഡം മാറ്റി; അധ്യാപകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു
ഫസീല മൊയ്തു
കോഴിക്കോട് • പ്രൈമറി-ഹൈസ്‌കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ മാറ്റം വരുത്തിയതിനെതിരേ അധ്യാപകർ പ്രക്ഷോഭത്തിലേക്ക്. അന്തർജില്ലാ സ്ഥലംമാറ്റത്തിന് ഓരോ വർഷവും ഓരോ തസ്തികയിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 10 ശതമാനമായി ചുരുക്കിയ പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നടപടിക്കെതിരേയാണ് അധ്യാപകർ സമരത്തിനൊരുങ്ങുന്നത്.
2020-21 വരെ കേഡർ സ്ട്രങ്ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം നടന്നിരുന്നത്. എൽ.പി.എസ്.ടി, യു.പി.എസ്.ടി അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന് കേഡർ സ്ട്രങ്ത്തിന്റെ 30 ശതമാനവും എച്ച്.എസ്.ടി അധ്യാപകരുടേതിന് 25 ശതമാനം തസ്തികകളുമാണ് നീക്കിവച്ചിരുന്നത്. എന്നാൽ 2020-21ൽ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചതിനുശേഷം പൊതുവിദ്യാഭ്യാസ ഡയരക്ടർ പുറത്തിറക്കിയ സർക്കുലറിലാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഓരോ വർഷവും ഓരോ തസ്തികയിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ പത്തുശതമാനമായാണ് അന്തർജില്ലാ സ്ഥലംമാറ്റം ചുരുക്കിയിരിക്കുന്നത്. അഞ്ചുവർഷത്തിനുശേഷം അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് കേഡർ സ്ട്രങ്ത്ത് പ്രകാരം സ്ഥലംമാറ്റം ലഭിക്കുമെന്നും ചട്ടമുള്ളത് കൊണ്ടാണ് അധ്യാപക ഉദ്യോഗാർഥികൾ അന്യജില്ലകളിൽ പി.എസ്.സി പരീക്ഷയെഴുതി ജോലിക്ക് അപേക്ഷ നൽകുന്നത്. പുതിയ സർക്കുലർ പ്രകാരം ഇത്തരത്തിൽ ഒരു സ്ഥലംമാറ്റം പോലും ഉണ്ടാകാൻ ഇടയില്ലെന്നും അധ്യാപകർ സൂചിപ്പിക്കുന്നു.
31 വർഷം മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് തിരസ്‌കരിച്ച ഉത്തരവാണ് സംശകരമായ രീതിയിൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. സർക്കുലറിനെതിരേ അധ്യാപകരുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമാവുകയാണ്.
ആക് ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിനിറങ്ങുകയാണ് സ്ഥലംമാറ്റം പ്രതീക്ഷിച്ച് കാത്തിരുന്ന അധ്യാപകർ. ഇതിനായി 14 ജില്ലകളിലും സമരസമിതി രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, പൊതുവിദ്യാഭ്യാസ ഡയരക്ടർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാൻ അധ്യാപകർ ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."