മുസ്ലിം സ്‌കോളര്‍ഷിപ്പില്‍ ആവര്‍ത്തിക്കപ്പെടുന്ന സര്‍ക്കാര്‍ ചതികള്‍
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സമിതി ശുപാര്‍ശ ചെയ്ത മുസ്‌ലിംകള്‍ക്ക് മാത്രമായ നൂറു ശതമാനം സ്‌കോളര്‍ഷിപ്പ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ മാത്രം അത് അട്ടിമറിക്കപ്പെട്ടു. 2006ല്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുമുന്നണി സര്‍ക്കാരായിരുന്നു മുസ്‌ലിം സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കാന്‍ പാലോളി കമ്മിറ്റിയെ നിയോഗിച്ച് ആദ്യം ചതിപ്രയോഗം നടത്തിയത്.
ഇങ്ങനെ ഒരു കമ്മിറ്റിയുടെ ആവശ്യം തന്നെയുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കു മാത്രമായി നിജപ്പെടുത്തിയ നൂറു ശതമാനം ആനുകൂല്യങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയായിരുന്നു. അങ്ങനെ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ന്നടിഞ്ഞുവീഴുമല്ലോ എന്ന വേവലാതിയില്‍ പാലോളി കമ്മിറ്റിയെ നിശ്ചയിക്കുകയായിരുന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍. ഇതില്‍ രണ്ടു ലക്ഷ്യമാണ് ഇടതുമുന്നണി സര്‍ക്കാര്‍ കണ്ടത്. ഒന്ന്, കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുസ്‌ലിം സ്‌കോളര്‍ഷിപ്പിന്റെ ഉപജ്ഞാതാക്കള്‍ ഞമ്മളാണെന്ന് വരുത്തിത്തീര്‍ക്കുക. മറ്റൊന്ന്, സി.പി.എമ്മിന്റെ ഉള്ളില്‍ വടുകെട്ടിയ വര്‍ഗരാഷ്ട്രീയ സിദ്ധാന്തം മുസ്‌ലിം സ്‌കോളര്‍ഷിപ്പ് അട്ടിമറിച്ചുകൊണ്ട് നടപ്പാക്കുക. ഇതിന്റെ ഭാഗമായിട്ടാണ് മുസ്‌ലിംകളുടെ നൂറു ശതമാനത്തില്‍നിന്നും കവര്‍ന്നെടുത്ത് ഇരുപത് ശതമാനം പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കുമായി നല്‍കിയത്.
മതസൗഹാര്‍ദത്തിനു കോട്ടംതട്ടുമെന്നു കരുതി മുസ്‌ലിംകള്‍ അതിനെ എതിര്‍ത്തില്ല. മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട നൂറു ശതമാനം അങ്ങനെ 80 ശതമാനമായി ചുരുങ്ങി. പല ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തിന് മുസ്‌ലിംകളുടെ 20 ശതമാനം പറിച്ചുനല്‍കി. ചതി ഇവിടംകൊണ്ടും തീര്‍ന്നില്ല. മുസ്‌ലിം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ സര്‍ക്കാരിന് പിന്നെയും ഉള്‍വിളിയുണ്ടായി. ഈ ഉള്‍വിളിക്കുള്ള ഉത്തരമായിരുന്നു മുസ്‌ലിം സ്‌കോളര്‍ഷിപ്പ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയായി രൂപാന്തരം പ്രാപിച്ചത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയാകുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അതില്‍ അവകാശമുണ്ടാകുമെന്നും അതില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി 80 ശതമാനം നല്‍കുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതാണെന്നും ഒരു വ്യവഹാരി ആശങ്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. അങ്ങനെയാണയാള്‍ ഹൈക്കോടതിയെ സമീപിച്ചതും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്‌ലിംകള്‍ക്ക് മാത്രമായി 80 ശതമാനം നല്‍കുന്നത് തെറ്റാണെന്നു വാദിച്ചതും. യാഥാര്‍ഥ്യം അതല്ലെന്നും മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട നൂറു ശതമാനത്തില്‍നിന്നെടുത്ത് 20 ശതമാനം ക്രിസ്ത്യന്‍ പരിവര്‍ത്തിത, ലത്തീന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നുമുള്ള വസ്തുത കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കാത്തതില്‍നിന്നുതന്നെ ഇതൊരു ഒത്തുകളിയാണെന്ന് മനസിലാക്കാമായിരുന്നു. കോടതിയാകട്ടെ, ഹരജിക്കാരന്റെ ആവശ്യം അംഗീകരിച്ച് മുസ്‌ലിംകള്‍ക്ക് വെട്ടക്കുറയ്ക്കപ്പെട്ട 80 ശതമാനവും റദ്ദാക്കി. പട്ടികജാതി, പട്ടികവര്‍ഗങ്ങളേക്കാള്‍ പിന്നോക്കമാണ് രാജ്യത്തെ മുസ്‌ലിംകളുടെ അവസ്ഥയെന്ന് പഠിച്ചറിഞ്ഞ് അതിന് പരിഹാരം നിര്‍ദേശിച്ച സച്ചാര്‍ സമിതി നിര്‍ദേശം എത്ര വിദഗ്ധമായിട്ടാണ് സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടത്.
കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാതെ പിണറായി സര്‍ക്കാര്‍ തിരക്കിട്ട് സംസ്ഥാനത്തെ സര്‍വകക്ഷി യോഗം വിളിച്ചു മറ്റൊരു ചതിക്ക് അരങ്ങൊരുക്കുകയായിരുന്നു.സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നത് സ്‌കോളര്‍ഷിപ്പ് നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മുസ്‌ലിംകളുടെ അവകാശത്തില്‍നിന്ന് 20 ശതമാനമെടുത്ത് പരിവര്‍ത്തിത ക്രിസ്ത്യന്‍, ലത്തീന്‍ സമൂഹത്തിന് നല്‍കുകയായിരുന്നു എന്നുമുള്ള വസ്തുതകള്‍ കോടതിയില്‍ അപ്പീല്‍ നല്‍കി ബോധ്യപ്പെടുത്തണമെന്ന തീരുമാനമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ തന്ത്രപൂര്‍വം അതില്‍ നിന്ന് പിന്മാറി സര്‍വകക്ഷി തിരുമാനമെന്ന മട്ടില്‍ വിദഗ്ധസമിതി രൂപീകരിച്ചു. സമിതിയാകട്ടെ, സര്‍ക്കാര്‍ വിലാസം ഐ.എ.എസ് സമിതിയായതോടെ 'ഞാനും അപ്പനും പിന്നെ സുഭദ്ര തമ്പുരാട്ടിയും ' എന്ന മട്ടിലുള്ള ട്രസ്റ്റിയായി മാറി.
വിദഗ്ധസമിതിയുടെ ശുദ്ധിപത്രമാണ് കഴിഞ്ഞ ദിവസം ജനസംഖ്യാനുപാതികമായ റിപ്പോര്‍ട്ടായും തുടര്‍ന്ന് മന്ത്രിസഭാ തീരുമാനമായും പുറത്തുവന്നത്. ഇതോടെ സച്ചാര്‍ സമിതി മുസ്‌ലിംകളുടെ സാമൂഹ്യപുരോഗതിക്കായി എന്തു പദ്ധതിയാണോ നിര്‍ദേശിച്ചിരുന്നത് അതു കേരളത്തില്‍ അതിവിദഗ്ധമായി കുഴിച്ചുമൂടപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷ വകുപ്പിന്റെ ചുമതലകൂടി വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകാലത്താണ് മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട നൂറു ശതമാനം സ്‌കോളര്‍ഷിപ്പ് ആനുകൂല്യം വിസ്മൃതിയിലേക്ക് മറയുന്നത്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി തിരുമാനിച്ച മന്ത്രിസഭാ യോഗം എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ ഈ ജനസംഖ്യാ ആനുപാതം തുടരുമോ എന്ന കാര്യത്തില്‍ തന്ത്രപരമായ മൗനം പാലിക്കുകയും ചെയ്തു. സംവരണാനുകൂല്യം നൂറില്‍ നിന്ന് എണ്‍പതായും ഇപ്പോഴിതാ എണ്‍പതില്‍ നിന്നും 59 ആയും ചുരുക്കിക്കെട്ടിയിരിക്കുന്നു. നാളെ 59 വീണ്ടും വെട്ടിക്കീറിക്കൂടായ്കയുമില്ല.
വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ അടിസ്ഥാനത്തില്‍ ആനുകൂല്യാനുപാതത്തില്‍ മാറ്റം വരുത്തിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇതനുസരിച്ച് 26.56 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് നേരത്തെയുണ്ടായിരുന്ന ആനുകൂല്യത്തില്‍ നിന്ന് 21 ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. 18.38 ശതമാനം മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ വിഭാഗം 40.87 ശതമാനം ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളായി മാറും. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സാമൂഹിക -സാമ്പത്തിക -വിദ്യാഭാസ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് വരുന്നതോടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകളേക്കാള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത്.
ഇത്തരം നീക്കത്തിലൂടെ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത് യു.ഡി.എഫിന്റെ ശക്തിദുര്‍ഗമായ മധ്യതിരുവിതാംകൂറിലും തെക്കന്‍ ജില്ലകളിലും കടന്നുകയറുക എന്നത് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തെക്കന്‍ കോട്ടകളായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ആന കുത്തിയാല്‍ ഇളകാത്ത പുതുപ്പള്ളി മണ്ഡലത്തില്‍ വരെ ഭൂരിപക്ഷം സാരമായ തോതില്‍ കുറയ്ക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു. മൂന്നാം വട്ടവും ഭരണത്തുടര്‍ച്ചക്കു വേണ്ടിയാണ് മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ തട്ടിപ്പറിച്ച് സാമ്പത്തിക -സാമൂഹ്യ രംഗങ്ങളില്‍ കരുത്തരായ ക്രിസ്ത്യന്‍ വിഭാഗത്തെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നുവേണം കരുതാന്‍. ഈ അനീതിക്കെതിരേ സംസ്ഥാനത്തെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."