അധ്യാപക ദിനത്തില്‍ മുഖ്യമന്ത്രി അധ്യാപകനാകും
തിരുവനന്തപുരം: ഇത്തവണ അധ്യാപക ദിനത്തില്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാനെത്തുന്നത് വി.ഐ.പി ഗുരുനാഥന്‍മാര്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടങ്ങുന്ന സംഘമാണ് ഇവിടെ അധ്യാപകരായി എത്തുക.
ഈ വര്‍ഷത്തെ അധ്യപകദിനാഘോഷം 'ജീവിതശൈലി' എന്ന വിഷയത്തില്‍ മുഖ്യമന്ത്രി കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
സെപ്തംബര്‍ അഞ്ചിന് രാവിലെ 10നാണ് പരിപാടി. ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ മന്ത്രിമാര്‍ സമാന്തരമായി ഇതേ സ്‌കൂളില്‍ ക്ലാസെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, അലസത, ജീവിതശൈലീരോഗങ്ങള്‍, അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ തുടങ്ങിവയ്‌ക്കെതിരേയുള്ള ബോധവല്‍കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
എല്ലാ മന്ത്രിമാരും എം.എല്‍.എമാരും ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളില്‍ ക്ലാസെടുക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാകും സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."