ഫ്രാന്‍സിസ് റോഡിലെ നടപ്പാത കൈയേറ്റം ഒഴിപ്പിക്കണമെന്ന്
കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് എ.കെ.ജി ബ്രിഡ്ജ് മുതല്‍ പരപ്പില്‍ എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വരെ ഇരുവശങ്ങളിലുമുള്ള നടപ്പാത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് സുഖകരമായി യാത്ര ചെയ്യാനാകും വിധത്തില്‍ കൈവരി സ്ഥാപിക്കണമെന്ന് സ്‌കൂള്‍ പി.ടി.എ കമ്മിറ്റി കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇരുവശങ്ങളിലുമുള്ള നടപ്പാതകളില്‍ പഴവര്‍ഗങ്ങളുടെയും കോഴികളുടെയും പെട്ടികള്‍ വച്ചും ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ്, പഞ്ചര്‍ കടകളുടെ പണിസ്ഥലമായും മാട്ടിറച്ചി- പച്ചക്കറി വില്‍പനക്കാരുടെ പ്രദര്‍ശനസ്ഥലമായും ഉപയോഗിച്ചു വരികയാണ്. കടകളുടെ നെയിംബോര്‍ഡുകളും നടപ്പാതയുടെ മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള എല്ലാ അനധികൃത കൈയേറ്റങ്ങളും അവസാനിപ്പിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ പരിസരത്തെ ഉന്തുവണ്ടികള്‍ കേന്ദ്രീകരിച്ച് പഴകിയ ഉപ്പിലിട്ട അച്ചാറുകള്‍, ഐസ് ഉരതി, പാന്‍ പരാഗ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്ന കടകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ പകര്‍പ്പ് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.വി ബാബുരാജ്, അഡ്വ. പി.എം നിയാസ്, സി. ആബിദുറഹ്മാന്‍, സി.പി ശ്രീകല നല്‍കി. പ്രധാനാധ്യാപകന്‍ സി.സി ഹസന്‍, സാബിറ ടീച്ചര്‍, ഫാസിഫ്, സി.പി അബ്ദുല്‍ ഗഫൂര്‍, എ.ടി.എം റാഫി, പി. സഹീര്‍, എ.വി സക്കീര്‍ ഹുസൈന്‍ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."