കാല്‍നൂറ്റാണ്ടായി കഅ്ബാലയത്തെ തൊട്ടുതലോടി ഒരു കാസര്‍കോടുകാരന്‍
അബ്ദുസ്സലാം കൂടരഞ്ഞി
1997ലാണ് ഒരു നിയോഗംപോലെ തന്റെ 23-ാം വയസില്‍ വിശുദ്ധ മക്കയില്‍ ജോലിക്കായി ഹനീഫ പറന്നിറങ്ങിയത്. ലോകത്തെ ആദ്യദൈവിക ഭവനമായ വിശുദ്ധ കഅ്ബയുടെയും, ചുറ്റിലും വിശാലമായി കിടക്കുന്ന മസ്ജിദുല്‍ ഹറാമിന്റെയും പരിചരണത്തിനായാണ് ഹനീഫ വിമാനമിറങ്ങിയത്. ഹറം ഓഫീസില്‍ ഓഫീസ് ബോയ് ആയി വന്ന ഹനീഫ, ഇന്നിപ്പോള്‍ ആരും ആഗ്രഹിക്കുന്നതുപോലെ വിശുദ്ധ കഅ്ബയുടെയും ഹജറുല്‍ അസ്‌വദിന്റെയും ഒക്കെ പരിചരണവുമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള പരിചരണ പാടവവും വിശ്വാസ്യതയും മുതല്‍ക്കൂട്ടായതിനാല്‍, ഹറം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മേധാവികള്‍ക്കും വിശുദ്ധ ഗേഹത്തിലെ ഓരോ കാര്യത്തിനും ഹനീഫയെ ഏല്‍പിക്കുന്നതില്‍ യാതൊരു മടിയോ ആശങ്കയോ ഇല്ല.
ആദ്യ നാലു വര്‍ഷം ക്ലീനിങ് ജോലി മാത്രമായിരുന്നു ചെയ്തിരുന്നത്. നിസ്‌കാരത്തിനു പതിന്മടങ്ങ് പ്രതിഫലമുള്ള വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള മത്വാഫ് (പ്രദക്ഷിണ മുറ്റം), ഹറം പള്ളിയുടെ മിനാരങ്ങള്‍ തുടങ്ങി പള്ളിയുടെ മുക്കും മൂലയും സദാസമയവും വൃത്തിയാക്കുന്നതില്‍ ജാഗരൂകനായി പ്രവര്‍ത്തിക്കുകയായിരുന്നു ഈ കാലഘട്ടങ്ങളില്‍. ഹറമിനകത്തെ ഓരോ ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥരുടെ ഓഫീസുകളും ഇതേ സമയങ്ങളില്‍ തന്നെ കയറിയറങ്ങാന്‍ അവസരമുണ്ടായി. പിന്നീടാണ് ഹറമിലെ പ്രധാന കാര്യാലയത്തിലെ ഓഫീസിനു കീഴില്‍ ജോലിമാറ്റം കിട്ടിയത്. അവിടുന്നിങ്ങോട്ടാണ് ഏതൊരു വിശ്വാസിയും ഒരിക്കലെങ്കിലും തനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന നിരവധി പുണ്യകര്‍മങ്ങള്‍ അനവധി തവണ ചെയ്തുതീര്‍ക്കാന്‍ അവസരം ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു പിന്നീടെന്നും ഇനി മറ്റൊരു ജീവിതം തനിക്ക് ഓര്‍ക്കാന്‍ പോലുമാകുന്നില്ലെന്നും ഹനീഫ ആനന്ദാശ്രു പൊഴിച്ച് പറയുന്നു.
വേറെന്തുവേണം
ആനന്ദം കൊള്ളാന്‍...
വിശുദ്ധ സംസം കിണറിന് സമീപം ഇറങ്ങാന്‍ അവസരം ലഭിച്ചത്, അതിന്റെ പരിസരത്ത് ഇറങ്ങിച്ചെന്ന് വെള്ളം കോരിക്കുടിച്ചത്... തുടങ്ങി നിരവധി ആനന്ദാനുഭവങ്ങളാണ് കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ഹനീഫക്ക് ഓര്‍ക്കാനുള്ളത്. ഹറം കാര്യാലയത്തില്‍ എത്തുന്ന മുതിര്‍ന്ന ഓഫീസര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ സംസം കിണറിന്റെ അടുത്ത് ചെന്ന് സംസം വെള്ളം ശേഖരിച്ച് എത്തിച്ച് കൊടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ലക്ഷോപലക്ഷം ആളുകള്‍ ഒരുമിച്ച് കൂടുന്ന നിസ്‌കാരങ്ങളില്‍ അടക്കം ഹറം ഇമാമിന് മുസ്വല്ല വിരിച്ച് നിസ്‌കാരത്തിന് പൂര്‍ണസജ്ജീകരണം ഒരുക്കാനുള്ള ഭാഗ്യവും ലഭിച്ചു. അഞ്ചു വര്‍ഷമാണ് ഈ ജോലിയില്‍ തുടര്‍ന്നത്. മുസ്വല്ല വിരിക്കുന്ന ജോലി ചെയ്യുന്നതിനാല്‍ തന്നെ ഇമാമിന്റെ തൊട്ടുപിന്നിലായാണ് ഈ സമയങ്ങളില്‍ ജമാഅത്ത് നിസ്‌കാരങ്ങളും. നിസ്‌കാരം കഴിയുന്ന ഉടന്‍ തന്നെ ഇവ മാറ്റേണ്ടതിനാല്‍ മുസ്വല്ല വിരിക്കുന്നവര്‍ തൊട്ടുപിന്നിലായാണ് നില്‍ക്കേണ്ടതെന്ന നിബന്ധനയുണ്ടെന്നും അദ്ദേഹം വിവരിച്ചു.
ഇതിനെല്ലാം പുറമെയാണ്, വിശുദ്ധ കഅ്ബാലയം കഴുകുന്ന അവസരത്തില്‍ പങ്കെടുക്കുന്നതിലുപരി കഅ്ബയുടെ ഉള്ളില്‍ കയറാന്‍ അവസരം ലഭിച്ചത്. ഒന്നും രണ്ടുമല്ല, 12 പ്രാവശ്യമാണ് കഅ്ബയുടെ ഉള്ളില്‍ കയറാന്‍ ഭാഗ്യം ലഭിച്ചത്. തന്റെ ജീവിതത്തിലെ ധന്യനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനിടെ ഹനീഫ പങ്കുവച്ചു. മലയാളി വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലി, പാകിസ്താന്‍, ഫലസ്തീന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഒട്ടേറെ ലോകനേതാക്കള്‍ കഅ്ബയുടെ ഉള്ളില്‍ കയറിയ വേളയില്‍ ഹനീഫക്കും ഇടംലഭിച്ചിരുന്നു. കഅ്ബ കഴുകുന്ന വേളയിലും ഖില്ല മാറ്റുന്ന സമയങ്ങളിലും കഅ്ബയുടെ മുകളില്‍ കയറി തുടച്ചുവൃത്തിയാക്കിയതും ഇദ്ദേഹം ഓര്‍ത്തെടുത്തു. കൂടാതെ, കഅ്ബയുടെ ഖില്ല, ഹജറുല്‍ അസ്‌വദ് തുടച്ച് വൃത്തിയാക്കല്‍ തുടങ്ങി ഭൂമിയിലെ ഏറ്റവും പുണ്യമേറിയ ജോലികള്‍ ചെയ്യുന്നതിലും ഹനീഫയെ ഭാഗ്യം തുണച്ചിട്ടുണ്ട്.
മറക്കാനൊക്കുമോ
ഈ അനുഭവങ്ങളൊക്കെ...
മക്കയിലെത്തുന്ന മലയാളി ഹാജിമാര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കാനും സഹായിക്കാനും വിഖായ പ്രവര്‍ത്തകന്‍ കൂടിയായ ഹനീഫ എന്നും മുന്‍പന്തിയിലാണ്. ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹജ്ജ് വേളയില്‍ മലയാളി ഹാജിയുടെ മയ്യത്ത് സ്വന്തമായി മുസ്ദലിഫയില്‍ നിന്ന് ഹറമില്‍ എത്തിച്ച് മരണാന്തര കര്‍മങ്ങള്‍ ചെയ്ത് മറമാടിയ സംഭവം നെടുവീര്‍പ്പോടെയാണ് പങ്കുവച്ചത്. ഇലാഹീ ചിന്തയില്‍ മുഴുകി പാരാവാരം പോലെ പരന്നൊഴുകുന്ന മുസ്ദലിഫയിലെ റോഡരുകില്‍ മരിച്ചുകിടക്കുന്ന ഹാജിയുടെ മയ്യത്ത് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍, സ്വന്തമായി ഇടപെട്ട് മക്കയില്‍ എത്തിക്കുകയായിരുന്നു. രാവിലെ കണ്ടെത്തിയ മയ്യത്ത് രാത്രി ഒന്‍പത് മണിക്കാണ് ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് മാറ്റാന്‍ സാധിച്ചത്. പിന്നീട് അതേ ഹജ്ജില്‍ തന്നെ അറഫാദിനത്തില്‍ മുപ്പത് മയ്യത്തുകള്‍ കര്‍മങ്ങള്‍ ചെയ്തു പൂര്‍ത്തീകരിച്ചതടക്കം ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഅ്ബയുടെ ഖില്ല മാറ്റുന്ന വേളയില്‍ സഊദിയിലെ പ്രമുഖ പത്രമായ ഉക്കാദ് പത്രത്തില്‍ ഖില്ല കെട്ടുന്ന ചിത്രംവന്നത് യാദൃച്ഛികമായി കാണാനിടയായത് അത്ഭുതം ഉണ്ടാക്കിയെന്നും മക്ക കാസര്‍കോട് ഐക്യവേദി വൈസ് പ്രസിഡന്റ് കൂടിയായ ഹനീഫ അയവിറക്കുന്നു.
ഹറമിലെ ഇമാമുമാരുമായി
അടുത്ത ബന്ധം
ഹറമിലെ ഇമാമുമാരുമായി ആത്മബന്ധം തന്നെ ഹനീഫ പടുത്തുയര്‍ത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷക്കാലം ഇവര്‍ക്ക് മുസ്വല്ല വിരിച്ച് കൊടുത്ത പരിചയത്തിനു പുറമെ ഹറം കാര്യാലയത്തില്‍ ഇമാമുമാര്‍ എത്തിയാല്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിലും ഹനീഫ ജാഗ്രതയിലായിരിക്കും. ഹറമിലെ ഇമാമുമാരെ കുറിച്ച് പറയുമ്പോള്‍ ഇദ്ദേഹത്തിന് നൂറ് നാവാണ്. ഹറം ചീഫ് ഇമാമും ഇരു ഹറം കാര്യാലയ മേധാവിയുമായ അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, ശൈഖ് സഊദ് ശരീം ഇബ്‌റാഹീം ശുറൈം, ശൈഖ് മാഹിര്‍ ഹമദ് അല്‍ മുഹൈഖിലി, ശൈഖ് ഉസാമ അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്, ഈ വര്‍ഷത്തെ അറഫ സംഗമത്തിന് നേതൃത്വം വഹിക്കുന്ന ശൈഖ് ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല, ശൈഖ് അബ്ദുല്ല അവാദ് ജുഹനി തുടങ്ങി ഒട്ടുമിക്ക പ്രധാന ഇമാമുമാരുമായും ബന്ധമുണ്ട്. ഇതില്‍ തന്നെ തന്റെ ആത്മബന്ധം മറ്റൊരു തലത്തില്‍ പൂത്തുനില്‍ക്കുന്നത് ശൈഖ് ശുറൈമുമായാണെന്ന് ഹനീഫ ആണയിടുന്നു. കുപ്പിയില്‍ കരുതിയ വെള്ളത്തില്‍ മന്ത്രിച്ച് ശൈഖ് ശുറൈം നല്‍കിയതും പലപ്പോഴും അത് തുടര്‍ന്നതും തനിക്ക് ഊര്‍ജമേകാന്‍ കാരണമായെന്നും ശുറൈമിന്റെ വീട്ടുകാരുമായും ബന്ധമുണ്ടെന്നും ഹനീഫ പറഞ്ഞു. പത്തു വര്‍ഷം ശുചീകരണ തൊഴിലാളിയായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഹനീഫ, ഇപ്പോള്‍ പതിനാല് വര്‍ഷമായി ക്ലീനിങ് വിഭാഗം ലീഡര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്. 20 വര്‍ഷമായി ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് സുദൈസിന്റെ ഓഫീസ് സിക്രട്ടറി ഡോ: സ്വാലിഹ് ഹമൂദ് അല്‍ അയാദയുടെ കീഴിലാണ് തൊഴിലെടുക്കുന്നത്.
അറഫാ ദിനത്തില്‍ ജനിച്ച ഹനീഫ
യത്തീമായി വളര്‍ന്ന ഹനീഫക്ക് ഇന്ന് കൂട്ടായി ഉമ്മ ഖദീജയെ കൂടാതെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട്. ഇവരെയെല്ലാവരെയും മക്കയില്‍ കൊണ്ടുവന്ന് വിശുദ്ധ ഉംറ ചെയ്യിപ്പിച്ചതും മക്കളെ ഹറം ഇമാമുമാരുടെ അടുത്ത് എത്തിച്ചതും ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളായി ഹനീഫ കരുതുന്നു. ഇവരെ കൂടാതെ, നാട്ടില്‍ ഒരു സഹോദരന്‍ അബ്ദുല്‍ മജീദും ഉണ്ട്. പിറന്ന അതേദിവസം, അറഫാ ദിനത്തില്‍ സുജൂദിലിരിക്കുന്ന നേരത്ത് മരിക്കണമെന്ന ആഗ്രഹം മാത്രമാണ് ഹനീഫയ്ക്കുള്ളത്. കാല്‍ നൂറ്റാണ്ടിടിനയില്‍ ഹൃദയം വിങ്ങിയ സമയമായിരുന്നു കൊവിഡ് തുടക്കത്തില്‍ ഹറംപള്ളിയില്‍ നിസ്‌കാരം ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നാളുകളെന്ന് ഹനീഫ പറയുന്നു. സദാ സമയവും അണമുറിയാതെ നടന്നിരുന്ന ത്വവാഫ് നിന്നുപോയതും വിരലില്‍ എണ്ണാവുന്ന ആളുകളെ, അതും ഹറം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തിയ നിസ്‌കാരങ്ങളും മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍, ഹറം കാര്യാലയ വകുപ്പിന്റെ ശക്തമായ ഇടപെടലില്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയപോലെ വരുന്നുണ്ടെന്നും ഹനീഫ സാക്ഷ്യപ്പെടുത്തി. പക്ഷേ, വിശുദ്ധ കഅ്ബ തൊടാനോ, ഹജറുല്‍ അസ്‌വദ് ചുംബിക്കാനോ, ഖില്ലയും കഅ്ബയുടെ വാതിലും പിടിച്ച് പ്രാര്‍ഥിക്കുവാനോ വിശ്വാസികളെ ഇപ്പോഴും അനുവദിക്കുന്നില്ല. പഴയകാല പ്രതാപത്തിലേക്ക് വിശുദ്ധ മണ്ണ് ഉടന്‍ തിരിച്ചെത്തട്ടെയെന്ന് ഹനീഫ ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."