ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ
ന്യൂഡൽഹി • പോപുലർഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ രംഗത്ത്.
പോപുലർഫ്രണ്ടിനെപ്പോലെ തന്നെ ആർ.എസ്.എസിനെതിരേയും നടപടി വേണമെന്ന് നേതാക്കൾ പ്രതികരിച്ചു.
പോപുലർഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണയ്ക്കുന്നതിനൊപ്പം ആർ.എസ്.എസിനെ കൂടി നിരോധിക്കണമെന്ന നിലപാടാണ് മിക്ക കക്ഷികളും സ്വീകരിച്ചത്.
ജയ്‌റാം രമേശ്
ന്യൂഡൽഹി • ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാവിധ വർഗീതയ്ക്കും എതിരാണെന്ന് കോൺഗ്രസ്. സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കാനും വിദ്വേഷവും പകയും അക്രമവും പ്രചരിപ്പിക്കാനും മതത്തെ ദുരുപയോഗം ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും കോൺഗ്രസ് എതിരാണ്. സമൂഹത്തിൽ മതേരത്വവും സഹവർത്തിത്വവും നിലനിൽക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനാണ് കോൺഗ്രസ് പ്രാമുഖ്യം നൽകുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.
ഉവൈസി
ന്യൂഡൽഹി • പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ അപലപിച്ച് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെത്തന്നെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല. പോപുലർഫ്രണ്ടിന്റെ ശൈലിയോട് മുമ്പും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിരോധനത്തെ പിന്തുണയ്ക്കാൻ കഴിയില്ല.
സിദ്ധരാമയ്യ
ബംഗളൂരു • പോപുലർഫ്രണ്ടിനൊപ്പം ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് കർണാടക കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യടു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതു സംഘടനയെയും നിരോധിക്കുന്നതിന് കോൺഗ്രസ് അനുകൂലമാണ്. ആർ.എസ്.എസും അത്തരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനയാണ്. അവരെയും നിരോധിക്കണം.
ലാലുപ്രസാദ് യാദവ്
പട്‌ന • ഏറ്റവുമാദ്യം നിരോധിക്കേണ്ട സംഘടന ആർ.എസ്.എസ് ആണെന്ന് ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. ആർ.എസ്.എസാണ് ഏറ്റവും വഷളായ സംഘടന. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനയാണത്. അത്തരത്തിലുള്ള എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാകണം. പോപുലർഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കേണ്ടതു തന്നെയാണ്.
യോഗി ആദിത്യനാഥ്
ലഖ്‌നൗ • ഇത് പുതിയ ഇന്ത്യയാണെന്നും ഇവിടെ ക്രിമിനലുകൾക്കും ഭീകരവാദികൾക്കും സ്ഥാനമില്ലെന്നും പോപുലർഫ്രണ്ട് നിരോധനത്തെ പരാമർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."