മിന ഇന്ന് തല്‍ബിയത്തില്‍ അലിയും; നാളെ അറഫാസംഗമം
മക്ക: നാഥന്റെ വിളിക്കുത്തരം നല്‍കി മക്കയിലെത്തിയ വിശ്വാസികളുടെ നാവില്‍ നിന്നുയരുന്ന തല്‍ബിയത് മന്ത്രത്തില്‍ പ്രാര്‍ഥനാ നിരതരായി ഹാജിമാര്‍ ഇന്ന് മിനയില്‍ രാപ്പാര്‍ക്കും. ഹജ്ജിന്റെ ആദ്യ ദിനത്തില്‍ രാപ്പാര്‍ക്കുന്നതിനായി തമ്പുകളുടെ നഗരിയായ മിനായില്‍ ഹാജിമാര്‍ എത്തിച്ചേരുന്നതോടെ വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാകും. യൗമു തര്‍വിയതിന്റെ ദിനമായ ഇന്ന് പകലും രാത്രിയും മിനയില്‍ തങ്ങുന്ന ഹാജിമാര്‍ നാളെ നടക്കുന്ന അറഫാ സംഗമത്തിന് സജ്ജരാകും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായാണ് തല്‍ബിയത്തിലും ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി ഹാജിമാര്‍ മിനായില്‍ ഇന്ന് രാത്രി ചെലവഴിക്കുക. ഇവിടെവച്ച് തങ്ങളുടെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി തീര്‍ഥാടകര്‍ നാളെ രാവിലെയോടെ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമത്തിനായി അറഫാത്തിലേക്ക് നീങ്ങും.
ശക്തമായ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അതീവ ആരോഗ്യ ജാഗ്രതയോടെ ഇഹ്‌റാം, ത്വവാഫ് കര്‍മങ്ങള്‍ക്ക് ശേഷം പ്രത്യേക ബസ്സുകളിലാണ് ഹാജിമാരെ മിനയില്‍ എത്തിക്കുന്നത്. അമ്പതോളം സീറ്റുകള്‍ കപ്പാസിറ്റിയുള്ള ബസുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് ഹാജിമാരെ അനുവദിക്കുന്നത്. മക്കയുടെയും മുസ്ദലിഫയുടെയും ഇടയിലാണ് തമ്പുകളുടെ നഗരി സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച മിനായില്‍ വച്ച് സുബ്ഹി നിസ്‌കാരം നിര്‍വഹിച്ച ശേഷം പ്രത്യേകം തയാറാക്കിയ ബസുകളില്‍ ഹാജിമാര്‍ അറഫാത്തിലേക്ക് നീങ്ങും.
ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് തിങ്കളാഴ്ച നടക്കുന്ന അറഫാസംഗമം. നാളെ മുഴുവനും വിശ്വാസികള്‍ ഇവിടെ പ്രാര്‍ഥനയിലായിരിക്കും. തിങ്കളാഴ്ച ളുഹ്ര്‍ നിസ്‌കാരത്തോടെയാണ് അറഫാസംഗമം ആരംഭിക്കുക. മക്ക ഇമാം ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല അറഫാ പ്രസംഗത്തിന് നേതൃത്വം നല്‍കും. അകം നൊന്ത പ്രാര്‍ഥനയുമായി അറഫയില്‍ തങ്ങുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് തിരിക്കും. ദുല്‍ഹിജ്ജ ഒന്‍പതിന് ലോക മുസ്‌ലിംകള്‍ അറഫാ നോമ്പനുഷ്ഠിച്ച് ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. മുസ്ദലിഫയില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍. അര്‍ധരാത്രിക്ക് ശേഷം മിനയിലേക്ക് മടങ്ങുകയും തുടര്‍ന്ന് തൊട്ടടുത്ത ദിവസം പെരുന്നാള്‍ ദിനത്തില്‍ ഒന്നാം ദിവസത്തെ ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുകയും ചെയ്യും. തുടര്‍ന്നുള്ള മൂന്നു ദിനരാത്രങ്ങളും മിനയിലാവും കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."